കോൺഗ്രസ്, ലീഗ്, ബി.ജെ.പി, എസ്.ഡി.പി.ഐ നേതാക്കളും നവകേരള സദസ്സുകളിൽ
text_fieldsആറ്റിങ്ങൽ: ബഹിഷ്കരണ ആഹ്വാനം നടക്കുമ്പോഴും പ്രതിപക്ഷ രാഷ്ട്രീയ കക്ഷി നേതാക്കളും ജനപ്രതിനിധികളും നവകേരള സദസ്സിലെത്തി. ആറ്റിങ്ങൽ നടന്ന പ്രഭാത സദസ്സിലും ലൈഫ് സയൻസ് പാർക്കിൽ നടന്ന ചിറയിൻകീഴ് നിയോജക മണ്ഡലം നവകേരള സദസ്സിലും ഈ സാന്നിധ്യം ഉണ്ടായി. ഡി.സി.സി അംഗവും നെടുമങ്ങാട് മുനിസിപ്പൽ കൗൺസിലുമായ എം.എസ്.ബിനു നവകേരള സദസ്സിൽ പങ്കെടുത്തു. മുസ്ലിം ലീഗ് നേതാവ് ആർ. നൗഷാദും നവകേരള സദസ്സ് പ്രഭാത യോഗത്തിൽ പങ്കെടുത്തു. ഇരുവരും നവകേരള സദസ്സിനെ അനുകൂലിച്ച് മാധ്യമങ്ങളോട് സംസാരിച്ചു.
ചിറയിൻകീഴ് നിയോജകമണ്ഡലം നവകേരള സദസ്സിൽ ബി.ജെ.പി നേതാവും മംഗലപുരം ഗ്രാമപഞ്ചായത്ത് അംഗവുമായ തോന്നയ്ക്കൽ രവി പങ്കെടുത്തു. നേരത്തേ നവകേരള സദസ്സിന്റെ പഞ്ചായത്ത് തല സംഘാടക സമിതി ഭാരവാഹിയായി അദ്ദേഹത്തെ തെരഞ്ഞെടുത്തിരുന്നു. ഇതിൽനിന്നും അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ ബി.ജെ.പി നേതൃത്വം ശ്രമിച്ചെങ്കിലും അദ്ദേഹം തയാറായിരുന്നില്ല. എന്നാൽ, തോന്നയ്ക്കൽ രവിക്കെതിരെ നടപടി സ്വീകരിക്കാൻ ബി.ജെ.പിയും തയാറായിട്ടില്ല. എസ്.ഡി.പി.ഐ ജനപ്രതിനിധി സൈജ നാസർ ലൈഫ് സയൻസ് പാർക്കിലെ നവകേരള സദസ്സിൽ പങ്കെടുത്തു. കിഴുവിലം ഗ്രാമപഞ്ചായത്ത് അംഗമാണ് സൈജാ നാസർ. പഞ്ചായത്തിലെ എൽ.ഡി.എഫ് നേതാക്കൾക്ക് ഒപ്പം എത്തിയ സൈജക്ക് വി.ഐ.പി നിരയിൽ സംഘാടകർ ഇരിപ്പിടം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.