കോൺഗ്രസ് പട്ടിക ഇന്ന്: എന്തും സംഭവിക്കാം...
text_fieldsന്യൂഡൽഹി: സമ്പൂർണ സ്ഥാനാർഥിപ്പട്ടിക ഞായറാഴ്ച ഇറക്കുമെന്ന പ്രഖ്യാപനം ബാക്കിനിൽക്കെ, നേമം അടക്കം വിവിധ മണ്ഡലങ്ങളുടെ കാര്യത്തിൽ തപ്പിത്തടഞ്ഞ് കോൺഗ്രസ്. അനിശ്ചിതത്വവും പ്രതിഷേധവും തുടരുന്നതിനിടയിൽ കഴിഞ്ഞദിവസം നേതാക്കൾ പ്രഖ്യാപിച്ചതിൽനിന്ന് വ്യത്യസ്തമായി, മുഴുവൻ സ്ഥാനാർഥികളുടെയും പട്ടിക പുറത്തിറക്കുന്നത് സംശയത്തിലായി.
നേതാക്കളുടെ വാക്കുകളിൽ പറയുന്ന നേമത്തെ 'കരുത്തനും സമർഥനുമായ' സ്ഥാനാർഥി ഉമ്മൻ ചാണ്ടിയാകാമെന്ന ഊഹാപോഹത്തിന് അറുതിവരാത്ത സാഹചര്യങ്ങൾക്കിടയിലാണ് പുതുപ്പള്ളിയിൽ ഞായറാഴ്ചയുണ്ടായ വികാരപ്രകടനങ്ങൾ. തൃപ്പൂണിത്തുറയിൽ കെ. ബാബു, കൊല്ലത്ത് ബിന്ദുകൃഷ്ണ, കൽപറ്റക്ക് വേണ്ടി ടി. സിദ്ദീഖ് എന്നിങ്ങനെ സ്ഥാനാർഥിത്വത്തിനുവേണ്ടിയുള്ള സമ്മർദങ്ങൾ പുറമെ. ഇതിനിടയിൽ അന്തിമപട്ടിക നേതൃത്വത്തിന് മുന്നിൽ വലിയ വെല്ലുവിളിയായി. അതിനിടെ ഹൈകമാൻഡ് വിളിപ്പിച്ചതായി പറയുന്ന കെ. മുരളീധരൻ എം.പി ഇന്ന് ഡൽഹിയിൽ എത്തും.
ചർച്ചകൾ പാതിവഴിയിൽ നിർത്തിയാണ് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനെ ഡൽഹിയിൽ നിർത്തി ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും നാട്ടിലേക്ക് തിരിച്ചത്. പട്ടിക വരുേമ്പാഴത്തെ തർക്കങ്ങൾ പറഞ്ഞൊതുക്കാനും പ്രവർത്തകരുമായി ആശയവിനിമയം നടത്താനുമെന്ന പേരിലാണ് അവർ ചർച്ച മുഴുമിപ്പിക്കാതെ ഡൽഹിയിൽനിന്ന് മടങ്ങിയത്. മുല്ലപ്പള്ളി രാമചന്ദ്രൻ ഹൈകമാൻഡ് പ്രതിനിധികൾ കൂടിയായ എച്ച്.കെ. പാട്ടീൽ, എ.കെ. ആൻറണി, കെ.സി. വേണുഗോപാൽ തുടങ്ങിയവരുമായി ശനിയാഴ്ച ചർച്ച തുടർന്നു. സ്ഥാനാർഥികളുടെ പേര് രഹസ്യമായി സൂക്ഷിക്കുന്നതിനപ്പുറം, അവസാന മണിക്കൂറുകളെത്തിയിട്ടും പല മണ്ഡലങ്ങളെക്കുറിച്ചും രാത്രി വൈകിയും അന്തിമ തീരുമാനമെടുത്തിട്ടില്ല. നേമത്ത് പ്രമുഖ നേതാവിനെയല്ലാതെ സ്ഥാനാർഥിയാക്കിയാൽ പാർട്ടിക്കുള്ളിൽനിന്നും എതിർ ചേരിയിൽനിന്നും ഇനി കടുത്ത വിമർശനം നേരിടേണ്ടിവരുമെന്ന പ്രശ്നച്ചുഴിയിലാണ് കോൺഗ്രസ്. വഴിവിട്ട പ്രാധാന്യം കൊടുത്ത് നേമം ചർച്ച മുന്നോട്ടുനീക്കിയതിൽ പിഴച്ചുവെന്ന വിമർശനം കെ. മുരളീധരൻ ഇതിനകം ഉന്നയിച്ചുകഴിഞ്ഞിട്ടുണ്ട്. മത്സരിക്കാൻ ഹൈകമാൻഡ് ആവശ്യപ്പെട്ടാൽ തയാറാണെന്ന് മുരളീധരൻ വ്യക്തമാക്കിട്ടുണ്ട്. എന്നാൽ, ഏറെ വെല്ലുവിളിനിറഞ്ഞ നേമത്തെ മത്സരവിജയം മുഖ്യമന്ത്രി സ്ഥാനാർഥിയുടെ കാര്യത്തിൽ പുതിയ അവകാശവാദത്തിന് വഴിവെക്കുമെന്നതിനാൽ തൽപരകക്ഷികൾ മൗനംപാലിക്കുന്നു. അതേസമയം, നേമത്ത് ദുർബലനായൊരു സ്ഥാനാർഥിയെ നിർത്താനുമാവില്ല.
കെ. ബാബുവിനും മറ്റുമായുള്ള ഉമ്മൻ ചാണ്ടിയുടെ ശ്രമം അടക്കം മറ്റുസമ്മർദങ്ങളും അയഞ്ഞിട്ടില്ല. അവസാനവട്ട പ്രതിഷേധങ്ങളും വികാരപ്രകടനങ്ങളുംമൂലം സ്ഥാനാർഥിപ്പട്ടികയിൽ ചില മാറ്റങ്ങൾ ഉണ്ടാക്കിയേക്കും. പുറത്തുവിടാത്ത 81 പേരുടെ പട്ടികയും അതനുസരിച്ചുള്ള മാറ്റങ്ങൾക്ക് വിധേയം. ഞായറാഴ്ച രാവിലെ 11ന് സമ്പൂർണപട്ടിക ഇറക്കുമെന്നാണ് പ്രഖ്യാപനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.