കോൺഗ്രസ് മഹാജനസഭ ഇന്ന് തൃശൂരിൽ: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം, മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉദ്ഘാടനം ചെയ്യും
text_fieldsതൃശൂർ: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കമിട്ട് കെ.പി.സി.സി ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മഹാജനസഭ ഞായറാഴ്ച തൃശൂരിൽ നടക്കും. എ.ഐ.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സമ്മേളനം ഉദ്ഘാടനം ചെയ്യും. തേക്കിൻകാട് മൈതാനിയിൽ വൈകീട്ട് നാലിനാണ് ഉദ്ഘാടനം. ഇലഞ്ഞിത്തറമേള പ്രമാണിയായിരുന്ന പെരുവനം കുട്ടൻ മാരാരുടെ പ്രമാണത്തിലുള്ള മേളത്തോടെയാകും ഖാർഗെയെയും നേതാക്കളെയും പ്രവർത്തകരെയും വരവേൽക്കുക. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് അടക്കം നേതാക്കളും പങ്കെടുക്കും.
ഇക്കഴിഞ്ഞ ജനുവരി മൂന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത മഹിള സമ്മേളന വേദിയായ തേക്കിൻകാട് മൈതാനിയിൽ കൃത്യം ഒരു മാസമെത്തുമ്പോൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാൻ എ.ഐ.സി.സി അധ്യക്ഷനെത്തുന്നതിന്റെ ആവേശത്തിലാണ് പ്രവർത്തകർ. സംസ്ഥാനത്തെ 25,177 ബൂത്തുകളില്‍നിന്നുള്ള ബൂത്ത് പ്രസിഡന്റ്, വനിത വൈസ് പ്രസിഡന്റ്, ബി.എല്‍.എമാര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി 75,000ത്തില്‍പ്പരം പ്രവര്‍ത്തകർ പങ്കെടുക്കും. മണ്ഡലം മുതല്‍ എ.ഐ.സി.സി തലം വരെയുള്ള കേരളത്തില്‍നിന്നുള്ള ഭാരവാഹികളും സമ്മേളന ഭാഗമാകും. കോണ്‍ഗ്രസിന്റെ സംഘടനശക്തി തെളിയിക്കുന്ന വലിയ പരിപാടിയായിട്ടാണ് കെ.പി.സി.സി നേതൃത്വം മഹാജനസഭയെ നോക്കിക്കാണുന്നത്.
മഹാജനസഭയുടെ ഭാഗമായി തൃശൂർ നഗരത്തിൽ വിളംബരം ജാഥ സംഘടിപ്പിച്ചു. ജില്ല കോൺഗ്രസ് കമ്മിറ്റി ഓഫിസിൽനിന്ന് ആരംഭിച്ച ജാഥ താളവാദ്യങ്ങളുടെ അകമ്പടിയോടെ നഗരം ചുറ്റി കോർപറേഷൻ ഓഫിസിന് മുന്നിൽ സമാപിച്ചു. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപ ദാസ് മുന്‍ഷി, എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥൻ പെരുമാൾ, രാഷ്ട്രീയകാര്യ സമിതി അംഗം പത്മജ വേണുഗോപാൽ, ഡി.സി.സി ഭാരവാഹികളായ ഐ.പി. പോൾ, കെ.ബി. ജയറാം, പി. ശിവശങ്കരൻ, ഫ്രാൻസിസ് ചാലിശേരി, കെ.പി. രാധാകൃഷ്ണൻ എന്നിവർ ജാഥക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.