മാണി മാരണം; ഒറ്റപ്പെടുന്ന കാലം വിദൂരമല്ലെന്ന് കോൺഗ്രസ് മുഖപത്രം
text_fieldsകോഴിക്കോട്: യു.ഡി.എഫ് ബന്ധം ഉപേക്ഷിച്ച കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം മാണിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് മുഖ്യപത്രം വീക്ഷണത്തിന്‍റെ മുഖപ്രസംഗം. മാണിക്ക് രാഷ്ട്രീയം എന്നും കച്ചവടമാണെന്ന് 'മാണി എന്ന മാരണം' എന്ന തലക്കെട്ടിൽ എഴുതിയ മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തുന്നു. മാണിയുടേത് ഗുരുഹത്യയുടെ പാപം പുരണ്ട കൈകളാണെന്നും കേരള കോൺഗ്രസ് സ്ഥാപകൻ കെ.എം ജോർജ് നെഞ്ചുപൊട്ടി മരിച്ചത് മാണി കാരണമാണെന്നും കോൺഗ്രസ് മുഖ്യപത്രം ആരോപിക്കുന്നു.
യു.ഡി.എഫിൽ നിന്ന് കൊണ്ട് എൽ.ഡി.എഫ് പിന്തുണയോടെ മുഖ്യമന്ത്രിയാകാൻ മാണി ശ്രമം നടത്തിയിട്ടുണ്ടെന്ന കേരള കോൺഗ്രസ് മുഖപത്രത്തിന്‍റെ വെളിപ്പെടുത്തൽ മാണിയുടെ രാഷ്ട്രീയ സദാചാരത്തിന്‍റെ കാപട്യമാണ് വിളംബരം ചെയ്യുന്നത്. മുന്നണിയിൽ നിന്ന് തർക്കിച്ചും വിലപേശിയും അനർഹമായ പലതും നേടിയ മാണി രാഷ്ട്രീയ സത്യസന്ധതയും മര്യാദയും തൊട്ടുതീണ്ടിയിട്ടില്ലാത്ത കപട രാഷ്ട്രീയത്തിന്‍റെ അപോസ്തലനാണ്. കേരള കോൺഗ്രസിന്‍റെ ചരിത്രത്തിൽ മാണിയുടെ വിഷക്കൊമ്പ് കൊണ്ടുള്ള കുത്തേൽക്കാത്ത ഒരു നേതാവും ഉണ്ടാവില്ലെന്നും മുഖ്യപ്രസംഗം വിവരിക്കുന്നു.
മാനം വിൽകാൻ വേണ്ടി മാണി നാൽകവലയിൽ നിൽക്കുന്നു. ബി.ജെ.പി അടക്കം ഒരു പാർട്ടിയോടും മാണിക്ക് അയിത്തമില്ല. രാഷ്ട്രീയ മോഹങ്ങള്‍ അദ്ദേഹത്തെ പൂര്‍ണ്ണമായും കുരുടനാക്കി മാറ്റി. മാണിയുടെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാല്‍ കുതികാല്‍വെട്ടിന്‍റെയും വഞ്ചനയുടെയും വൈറസുകള്‍ കാണാം. മാണിയും മകനും ഒറ്റപ്പെടുന്ന കാലം വിദൂരമല്ല. യു.ഡി.എഫ് 100 വട്ടം തോറ്റാലും മാണിയുമായി ഒരു കൂട്ടുക്കെട്ടിനും കോൺഗ്രസ് തയാറാവരുതെന്ന് കോൺഗ്രസിനെ മുഖപ്രസംഗം ഉപദേശിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.