ജോസ് കെ. മാണി സി.പി.എം അരക്കില്ലത്തിൽ വെന്തുരുകരുത്, യു.ഡി.എഫിലേക്ക് മടങ്ങണമെന്ന് കോൺഗ്രസ് മുഖപത്രം
text_fieldsതിരുവനന്തപുരം: കേരള കോൺഗ്രസ് എം എൽ.ഡി.എഫ് ബന്ധം അവസാനിപ്പിച്ച് യു.ഡി.എഫിലേക്ക് മടങ്ങണമെന്ന് കോൺഗ്രസ് മുഖപത്രം വീക്ഷണം. ജോസ് കെ. മാണി സി.പി.എം അരക്കില്ലത്തിൽ വെന്തുരുകരുത്. കോട്ടയം ലോക്സഭ സീറ്റിൽ തോമസ് ചാഴികാടന്റെ തോൽവി ഉറപ്പായിരിക്കെ മാണി ഗ്രൂപ്പിന് ലോക്സഭയിലും രാജ്യസഭയിലും അംഗത്വമില്ലാതെയാവും. ദേശീയ പാർട്ടി പദവിയും ചിഹ്നവും നിലനിർത്താനുള്ള പോരാട്ടത്തിൽ ഇരു കമ്യൂണിസ്റ്റ് പാർട്ടികൾക്കും ജോസ് കെ മാണിയുടെ മോഹങ്ങൾ നിറവേറ്റിക്കൊടുക്കാൻ സാധ്യമല്ലെന്നും വീക്ഷണം മുഖ പ്രസംഗത്തിൽ പറയുന്നു.
ഘടകകക്ഷിയുടെ ആവശ്യങ്ങൾ നിരാകരിക്കുകയോ അവരെ അവഗണിക്കുകയോ ചെയ്യുന്ന രീതി കോൺഗ്രസിനില്ല. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റിൽ ആവശ്യപ്പെട്ട മുസ് ലിം ലീഗിന് രാജ്യസഭ സീറ്റ് നൽകിയത് മുന്നണി മര്യാദയുടെ പേരിലാണെന്ന് ചൂണ്ടിക്കാട്ടുന്ന മുഖപ്രസംഗം കോൺഗ്രസിനെ പോലെ ഘടകകക്ഷികള കരുതാൻ സി.പി.എം തയാറാകില്ലെന്ന മുന്നറിയിപ്പും നൽകുന്നു.
കെ.എം. മാണി വത്തിക്കാൻ പോലെ കാത്തുസൂക്ഷിച്ച പാലായിൽ ജോസ് കെ. മാണി തോറ്റത് കേരള കോൺഗ്രസിന്റെ ചരിത്രത്തിൽ ഏറ്റവും കഠിനമായതാണ്. നാല് പതിറ്റാണ്ടിലേറെ കാലം തിരുവിതാംകൂറിലെ കർഷകർക്ക് അവകാശബോധത്തിന്റെയും സംഘബോധത്തിന്റേയും സൂക്തങ്ങളും പ്രയോഗങ്ങളും പഠിപ്പിച്ച കെ.എം. മാണിയുടെ മകന് കർഷക രാഷ്ട്രീയത്തിന്‍റെ നഴ്സറി പാഠങ്ങൾ പോലും വശമില്ലെന്നും മുഖപ്രസംഗം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.