കെ റെയിൽ സമരവുമായി കോൺഗ്രസ് മുന്നോട്ട്; തരൂരിന് സ്വന്തം നിലപാടെടുക്കാമെന്ന് കെ. മുരളീധരൻ
text_fieldsതിരുവനന്തപുരം: കെ റെയിലിനെതിരായ പ്രതിഷേധ സമരവുമായി കോൺഗ്രസ് മുന്നോട്ടു പോകുമെന്ന് കെ. മുരളീധരൻ എം.പി. വ്യത്യസ്ത അഭിപ്രായമുള്ളവർക്ക് മാറിനിൽകാൻ അവകാശമുണ്ട്. പാർട്ടി നിലപാടും യു.ഡി.എഫ് നയവും അനുസരിച്ചാണ് റെയിൽവേ മന്ത്രിക്ക് നിവേദനം നൽകിയത്. വയൽകിളി വിഷയത്തിൽ വ്യത്യസ്ത നിലപാടാണ് താൻ സ്വീകരിച്ചതെന്നും കെ. മുരളീധരൻ ചൂണ്ടിക്കാട്ടി.
സംസ്ഥാന സർക്കാരിനൊപ്പം ശശി തരൂർ നിൽക്കില്ലെന്നാണ് തന്‍റെ വിശ്വാസം. കെ റെയിൽ വിഷയത്തിൽ പഠന ശേഷം പ്രതികരിക്കാമെന്ന നിലപാടാണ് തരൂർ സ്വീകരിച്ചിട്ടുള്ളത്. എന്നാലിത് സർക്കാറിനെ പിന്തുണക്കുന്നുവെന്ന് അർഥമില്ല.
ശശി തരൂരിന് സ്വന്തം നിലപാടുമായി മുന്നോട്ടു പോകാം. അടുത്ത തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം തരൂരിനെതിരെ മത്സരിക്കരുത്. മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ ആത്മാർഥതയുണ്ടെങ്കിൽ ഇടതുപക്ഷം തരൂരിനെ ലോക്സഭയിലെത്തിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
കേരളത്തിൽ ന്യൂനപക്ഷങ്ങളുടെ വോട്ട് ലഭിക്കുമെന്ന തെറ്റിദ്ധാരണ സി.പി.എമ്മിനുണ്ട്. ഈ തെറ്റിദ്ധാരണയിൽ ബി.ജെ.പിക്ക് ഹിന്ദുത്വം തീറെഴുതി കൊടുക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. അത് കേരളത്തിൽ ബി.ജെ.പിയുടെയും സംഘ്പരിവാറിന്‍റെയും വളർച്ചക്കാകും വഴിവെക്കുക. രൂക്ഷമായ സ്ഥിതിയിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിക്കും. ഈ നടപടി സി.പി.എം അവസാനിപ്പിക്കണമെന്നും കെ. മുരളീധരൻ ആവശ്യപ്പെട്ടു.
രാജ്യത്തെ ഹിന്ദുത്വവും ഹിന്ദുമതവും തമ്മിലുള്ള വ്യത്യാസമാണ് രാഹുൽ ഗാന്ധി പറഞ്ഞത്. ഹിന്ദുമതം എല്ലാവരെയും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നതാണ്. മറ്റ് മതങ്ങളെ ഹനിക്കുന്ന സമീപനമാണ് ഹിന്ദുത്വയിലൂടെ ബി.ജെ.പി സ്വീകരിച്ചിട്ടുള്ളത്. ഹിന്ദുത്വവും ഹിന്ദുമതവും തമ്മിലുള്ള വ്യത്യാസം സി.പി.എം മനസിലാക്കണമെന്നും കെ. മുരളീധരൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.