ടി.എൻ. പ്രതാപൻ, ഹൈബി ഈഡൻ എം.പിമാരുടെ ലക്ഷദ്വീപ് സന്ദർശനത്തിന് അനുമതി നിഷേധിച്ച് കലക്ടർ
text_fieldsകൊച്ചി: ലക്ഷദ്വീപ് സന്ദർശിക്കാനുള്ള എം.പിമാരായ ടി.എൻ. പ്രതാപൻ, ഹൈബി ഈഡൻ, മത്സ്യത്തൊഴിലാളി കോൺഗ്രസ് ദേശീയ ലീഗൽ അഡ്വൈസർ അഡ്വ. രഖേഷ് ശർമ എന്നിവരുടെ അപേക്ഷകൾ നിരസിച്ച് കലക്ടർ അസ്കർ അലിയുടെ ഉത്തരവ്. സന്ദർശനം രാഷ്ട്രീയപ്രേരിതമാണെന്നും അഡ്മിനിസ്ട്രേഷനെതിരെ പ്രക്ഷോഭം സൃഷ്ടിക്കാനാണെന്നും അനുമതി നൽകിയാൽ ക്രമസമാധാനം തകരുമെന്നും ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്.
കഴിഞ്ഞമാസം ലക്ഷദ്വീപ് യാത്രക്ക് അനുമതി തേടിയ മത്സ്യത്തൊഴിലാളി കോൺഗ്രസ് ദേശീയ അധ്യക്ഷൻ ടി.എൻ. പ്രതാപെൻറയും ഹൈബി ഈഡെൻറയും അപേക്ഷകൾ ഏഴുദിവസം ക്വാറൻറീൻ നിർബന്ധമാണെന്നുകാട്ടി അനുവദിച്ചിരുന്നില്ല. ക്വാറൻറീനും കോവിഡ് മാനദണ്ഡങ്ങളും പാലിക്കാൻ തയാറാണെന്ന് അറിയിച്ചിട്ടും അനുമതി നൽകിയില്ല.
ഇതിനെതിരെ എം.പിമാർ ഹൈകോടതിയെ സമീപിച്ചിരുന്നു. 10 ദിവസത്തിനകം തീരുമാനമെടുത്ത് അറിയിക്കണമെന്ന് ഹൈകോടതി നിർദേശിച്ചിരുന്നു. പിന്നീട് ചില രേഖകൾ കൂടുതലായി സമർപ്പിക്കണമെന്ന് അഡ്മിനിസ്ട്രേഷൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് ഇവർ പുതിയ രേഖകളോടെ വീണ്ടും അപേക്ഷ സമർപ്പിച്ചു.
തുടർന്നാണ് മൂന്നു പേരുടെയും അപേക്ഷ കലക്ടർ തള്ളിയത്. ഇതിനെതിരെ അപ്പീൽ സമർപ്പിക്കുമെന്നും അന്യായമായ ഉത്തരവ് ഹൈകോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും ലക്ഷദ്വീപിൽ കാലുകുത്താൻ അനുവദിക്കുന്നതുവരെ നിയമപോരാട്ടം തുടരുമെന്നും എം.പിമാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.