ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കെതിരെ കോൺഗ്രസ് എം.പിമാർ ലോക്സഭ സെക്രട്ടറി ജനറലിന് അവകാശലംഘന നോട്ടീസ് നൽകി
text_fieldsന്യൂഡൽഹി: ഭരണകൂട ഭീകരത പഠിക്കുന്നതിനായി ലക്ഷദ്വീപ് സന്ദർശനത്തിനൊരുങ്ങിയ കോൺഗ്രസ് എം.പിമാർക്ക് യാത്രാനുമതി നിഷേധിച്ച ദ്വീപ് അഡ്മിനിസ്ട്രേഷൻ നടപടിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകി. ബെന്നി ബെഹനാൻ, ടി.എൻ. പ്രതാപൻ, ഹൈബി ഈഡൻ എന്നിവരാണ് ലോക്സഭ സെക്രട്ടറി ജനറലിന് അവകാശ ലംഘനത്തിനുള്ള നോട്ടീസ് നൽകിയത്. മേയ് 28 മുതൽ നിരവധി തവണ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ, അഡ്മിനിട്രേറ്ററുടെ ഉപദേഷ്ടാവ്, കൊച്ചിയിലുള്ള ലക്ഷദ്വീപ് റീജനൽ അഡ്മിനിസ്ട്രേറ്റർ, ലക്ഷദ്വീപ് ജില്ല കലക്ടർ തുടങ്ങിയവരെ ഫോണിലും ഇ-മെയിലിലും ബന്ധപ്പെട്ടെങ്കിലും യാത്രക്ക് അനുമതി നൽകാൻ അധികൃതർ തയാറായില്ലെന്ന് നോട്ടീസിൽ ചൂണ്ടിക്കാട്ടി.
പിന്നീട് കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിൻ ഓഫിസർ അങ്കിത് അഗർവാളിനെ നേരിൽ കണ്ട് എം.പിമാർ യാത്രാനുമതി തേടിയിരുന്നു. കോവിഡ് പ്രോട്ടോകോൾ ചൂണ്ടിക്കാട്ടി പെട്ടെന്ന് യാത്രക്ക് അനുമതി നൽകാനാവില്ലെന്ന് അഡ്മിൻ ഓഫിസർ വിശദീകരിച്ചു. എന്നാൽ, കോവിഡ് വാക്സിനേഷൻ പൂർത്തിയായ എം.പിമാരെ തടയുന്നത് ന്യായീകരിക്കാനാവില്ല എന്ന് എം.പിമാർ ചൂണ്ടിക്കാണിച്ചു. രാജ്യത്തെവിടെയും യാത്ര ചെയ്യാനും സഹ പൗരന്മാരെ കാണാനും സംസാരിക്കാനുമുള്ള പാർലമെൻറ് അംഗങ്ങളുടെ അവകാശം അനുവദിച്ചു തന്നില്ലെന്നും നോട്ടീസിൽ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഇടത് എം.പിമാരും അവകാശ ലംഘന നോട്ടീസ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.