സ്വന്തം പ്രസിഡൻറിനെ അവിശ്വാസത്തിലൂടെ വീഴ്ത്തി കോൺഗ്രസ്, അറ്റകൈ പ്രയോഗത്തിന് എൽ.ഡി.എഫ് പിന്തുണ; നാണംകെട്ട് പടിയിറക്കം
text_fieldsആറാട്ടുപുഴ: പാർട്ടിയെ ധിക്കരിച്ച് അധികാരം വിട്ടൊഴിയാതെ കോൺഗ്രസിന് തലവേദനയും നാണക്കേടും വരുത്തിവെച്ച പഞ്ചായത്ത് പ്രസിഡന്റിനെയും വൈസ് പ്രസിഡൻറിനേയും അറ്റ കൈ പ്രയോഗത്തിലൂടെ പാർട്ടി തന്നെ തെറുപ്പിച്ചു. ആലപ്പുഴ ചിങ്ങോലി ഗ്രാമ പഞ്ചായത്തിലാണ് നാടകീയ നീക്കം.
ഭരണം പോയാലും വഞ്ചന വെച്ചുപൊറുപ്പിക്കില്ലെന്ന് കോൺഗ്രസ് തീരുമാനിച്ചതോടെ പ്രതിപക്ഷമായ എൽ.ഡി.എഫിന്റെ പിന്തുണയോടെയാണ് സ്വന്തം പ്രസിഡൻറിനെയും വൈസ് പ്രസിഡൻറിനേയും അവിശ്വാസ പ്രമേയത്തിലൂടെ പാർട്ടി വീഴ്ത്തിയത്. മാസങ്ങളായി നിലനിന്ന അധികാര തർക്കത്തിനാണ് ഇതിലൂടെ പരിസമാപ്തിയായത്.
കോൺഗ്രസുകാരായ പ്രസിഡന്റ് ജി. സജിനിക്കും വൈസ് പ്രസിഡൻറ് എസ്. സുരേഷ് കുമാറിനും എതിരെയാണ് കോൺഗ്രസ് മുൻകൈയ്യെടുത്തു അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. മുൻ ധാരണ പ്രകാരം ജി. സജിനി അധികാരം ഒഴിയാത്തതാണ് പ്രശ്നങ്ങൾക്ക് തുടക്കം.
അവിശ്വാസത്തിന് ആറ് ഇടത് അംഗങ്ങളുടെ പിന്തുണ
അവിശ്വാസ പ്രമേയ ചർച്ചയിൽ പ്രസിഡന്റും വൈസ് പ്രസിഡന്റും ഇവരെ പിന്തുണക്കുന്ന അംഗം പ്രസന്ന സുരേഷും പങ്കെടുത്തില്ല. 13 വാർഡുകളുള്ള പഞ്ചായത്തിൽ യുഡിഎഫിന് ഏഴും എൽഡിഎഫിന് ആറും സീറ്റുകളാണുള്ളത്. പ്രസിഡന്റിനെതിരെ നടന്ന അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് പങ്കെടുത്ത പത്തു പേരും വോട്ടു ചെയ്തു. നാലു കോൺഗ്രസ് അംഗങ്ങളും മൂന്ന് സി.പി.എം അംഗങ്ങളും രണ്ടു സി.പി.ഐ അംഗങ്ങളും ഒരു ഇടതു സ്വതന്ത്രയുമാണ് അനുകൂലിച്ചത്. ഉച്ചക്കു ശേഷം വൈസ് പ്രസിഡന്റിനെതിരെ നടന്ന അവിശ്വാസവും ഇവരുടെ തന്നെ പിന്തുണയിൽ പാസായി. മുതുകുളം ബി.ഡി.ഒ എസ്. ലിജുമോൻ മേൽനോട്ടം വഹിച്ചു.
ധാരണ പാലിച്ചില്ല, വാഗ്ദാനങ്ങളെല്ലാം അവഗണിച്ചു
തദ്ദേശ തെരഞ്ഞെടൂപ്പിൽ ഒരു സീറ്റിൻ്റെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസിന് പഞ്ചായത്തിൽ അധികാരം ലഭിച്ചത്. എന്നാൽ, പ്രസിഡൻറ് സ്ഥാനത്തെ ചൊല്ലിയുണ്ടായ അധികാര തർക്കം എറെ നാണക്കേടുണ്ടാക്കിയിരുന്നു. പാർട്ടി നേതാക്കൾ ചിങ്ങോലിയിൽ തമ്പടിച്ച് മാരത്തോൺ ചർച്ച നടത്തുകയും ആദ്യ രണ്ടുവർഷം ജി. സജിനി പ്രസിഡന്റാകാൻ തീരുമാനിക്കുകയും ചെയ്തു. തുടർന്നുള്ള മൂന്നുവർഷം ഇപ്പോഴത്തെ വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ പദ്മശ്രീ ശിവദാസന് പദവി കൈമാറാനായിരുന്നു ധാരണ. ഇതുപ്രകാരം ഡിസംബർ 31നകം ജി. സജിനി സ്ഥാനം ഒഴിയേണ്ടതായിരുന്നു. രമേശ് ചെന്നിത്തലയും ഡി.സി.സി. നേതൃത്വവും ആവശ്യപ്പെട്ടിട്ടുപോലും ജി. സജിനി അധികാരം ഒഴിയാൻ കൂട്ടാക്കിയില്ല. പലതരം വാഗ്ദാനങ്ങൾ നൽകിയിട്ടും അതെല്ലാം അവഗണിച്ചു. മാരത്തോൺ ചർച്ചകൾ ജില്ലാ സംസ്ഥാന നേതാക്കൾ ഇടപെട്ട് നടത്തിയെങ്കിലും ഫലം കണ്ടില്ല.
കൂടാതെ ആദ്യ മൂന്നു വർഷം എസ്. സുരേഷ് കുമാറും അടുത്ത രണ്ടു വർഷം ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എസ്. അനീഷും വൈസ് പ്രസിഡന്റ് സ്ഥാനം പങ്കിടാനും തീരുമാനം എടുത്തിരുന്നു. ഇതും പാലിക്കപ്പെട്ടില്ല.
പാർട്ടി സ്ഥാനങ്ങളിൽനിന്ന് പുറത്താക്കി
ഭരണം പോയാലും വേണ്ടില്ല പാർട്ടി നിലനിൽക്കണം എന്ന തീരുമാനമാണ് ഒടുവിൽ പാർട്ടി കൈക്കൊണ്ടത്. പാർട്ടിയെ അനുസരിക്കാത്തതിന്റെ പേരിൽ ജി. സജിനിയെയും എസ്. സുരേഷ് കുമാറിനെയും പ്രസന്ന സുരേഷിനെയും ഇവരെ അനുകൂലിച്ച രണ്ടു ബൂത്തു പ്രസിഡന്റുമാരെയും പാർട്ടി സ്ഥാനങ്ങളിൽ നിന്ന് നീക്കിയിരുന്നു. ഒടുവിൽ അവിശ്വാസ പ്രമേയത്തിനുള്ള തീരുമാനം എടൂക്കുകയായിരുന്നു.
ഭരണം കിട്ടുമെന്ന പ്രതീക്ഷയിൽ ഇടതുമുന്നണി
അവിശ്വാസത്തെ പിന്തുണക്കുന്ന കര്യത്തിൽ സി.പി.എമ്മിൻറെ കാർത്തികപ്പള്ളി ഏരിയാ കമ്മിറ്റി രണ്ട് ചേരിയിലായിരുന്നു. ജില്ലാ കമ്മിറ്റിയുടെ മുന്നിലെത്തിയ പ്രശ്നം നിരവധി തവണ ചർച്ച നടത്തിയാണ് പരിഹരിച്ചത്. ഭരണം തങ്ങൾക്ക് കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. എന്നാൽ, ഭരണം നഷ്ടമായാലും കുഴപ്പമില്ല വിവാദങ്ങൾ സൃഷ്ടിക്കുകയും പാർട്ടിയെ വട്ടം കറക്കുകയും ചെയ്ത സജിനിയെ പുറത്താക്കിയതിന്റെ ആശ്വാസത്തിലാണ് ചിങ്ങോലിയിലെ കോൺഗ്രസ് പ്രവർത്തകർ. അവിശ്വാസ പ്രമേയത്തിൽ പരാജയപ്പെട്ട സജിനി നിലവിലെ സ്ഥാനം ഒഴിഞ്ഞു. താൽക്കാലിക ചുമതല പദ്മശ്രീ ശിവദാസന് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.