പിണറായിയിലെ കോൺഗ്രസ് ഓഫീസ് ആക്രമണം: സി.പി.എം അനുഭാവി അറസ്റ്റിൽ
text_fieldsകണ്ണൂർ: ഉദ്ഘാടനം ചെയ്യാനിരിക്കെ പിണറായിയിൽ കോൺഗ്രസ് ഓഫീസ് ആക്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. വെണ്ടുട്ടായി കനാൽകര സ്വദേശി വിപിൻരാജാണ് പിടിയിലായത്. ഇയാൾ സിപിഎം അനുഭാവിയാണെന്ന് പൊലീസ് പറയുന്നു.
ഞായറാഴ്ച വൈകീട്ടാണ് വിപിൻരാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഒന്നിലധികം പേർക്ക് ഈ ആക്രമണത്തിൽ പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇവർക്കായുള്ള തിരച്ചിൽ നടത്തിവരികയാണ്.
ശനിയാഴ്ച പുലർച്ചെയാണ് വെണ്ടുട്ടായിയിൽ പുതുതായി നിർമിച്ച കോൺഗ്രസ് ഓഫീസിനുനേരെ ആക്രമണമുണ്ടായത്. കെട്ടിടം ഞായറാഴ്ച വൈകീട്ട് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്യാനിരിക്കേയായിരുന്നു ആക്രമണം നടന്നത്.
പുതിയ ഓഫീസിന്റെ ജനൽച്ചില്ലുകൾ തകർക്കുകയും വാതിലുകൾക്ക് തീയിടുകയും ഉദ്ഘാടനത്തിനായെത്തിച്ച വാടക സാമഗ്രികൾ കനാലിൽ തള്ളുകയും ചെയ്യുകയായിരുന്നു. ഇന്നലെ നടന്ന ഉദ്ഘാടന ചടങ്ങിൽ സി.പി.എമ്മിനെതിരെ രൂക്ഷ വിമർശനമാണ് കെ.പി.സി.സി പ്രസിഡന്റ് നടത്തിയത്. 10 കുട്ടികളെ രാത്രി അയച്ചാൽ സി.പി.എമ്മിന്റെ ഓഫീസുകൾ കാണില്ലെന്നായിരുന്നു കെ. സുധാകരന്റെ വെല്ലുവിളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.