ഉദ്ഘാടനത്തിനൊരുങ്ങിയ കോൺഗ്രസ് ഓഫിസ് തകർത്തു; പേരാമ്പ്രയിൽ ഹർത്താൽ, സംഘർഷം
text_fieldsപേരാമ്പ്ര: ഉദ്ഘാടനത്തിനൊരുങ്ങിയ കോൺഗ്രസ് പേരാമ്പ്ര മണ്ഡലം കമ്മിറ്റി ഓഫിസ് തകർത്തതിനെ തുടർന്ന് പേരാമ്പ്രയിൽ വെള്ളിയാഴ്ച ഹർത്താലും സംഘർഷവും. പൊലീസ് ലാത്തിച്ചാർജിൽ യൂത്ത് കോൺഗ്രസ് പേരാമ്പ്ര മണ്ഡലം പ്രസിഡൻറ് കെ.സി. അനീഷിന് പരിക്കേറ്റു. ഇദ്ദേഹം പേരാമ്പ്ര താലൂക്കാശുപത്രിയിൽ ചികിത്സ തേടി. മിന്നൽ ഹർത്താലിനെതിരെ വ്യാപാരികൾ നടത്തിയ പ്രകടനം യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ തടഞ്ഞതും സംഘർഷത്തിനിടയാക്കി.
വെള്ളിയാഴ്ച പുലർച്ചയാണ് ജൂബിലി റോഡിലെ കോൺഗ്രസ് ഓഫിസ് തകർക്കപ്പെട്ടത്. കോണിപ്പടിയുടെ ഉൾപ്പെടെ ടൈലുകൾ കുത്തിപ്പൊളിച്ചു. മുഴുവൻ ജനാലയുടേയും ഗ്ലാസുകൾ അടിച്ചു തകർത്തു. റൂമിൽ തീയിടുകയും ചെയ്തു. ആഗസ്റ്റ് ഒന്നിന് നടത്താൻ നിശ്ചയിച്ച ഓഫിസ് ഉദ്ഘാടനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എത്താത്തതിനാൽ മാറ്റിവെച്ചിരുന്നു. പാർട്ടി സ്വന്തമായി സ്ഥലം വാങ്ങി നിർമിച്ചതാണ് ഓഫിസ്. ഒന്നാം നിലയിലാണ് ഓഫിസ് ഒരുക്കിയത്. ഇതിെൻറ ഷട്ടർ പൂട്ടാതിരുന്നതിനാൽ അക്രമികൾക്ക് എളുപ്പം ഒന്നാം നിലയിലെത്താൻ സാധിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. എസ്.ഡി.പി.ഐയാണ് ആക്രമണത്തിന് പിന്നിലെന്ന് കോൺഗ്രസ് ആരോപിച്ചു. ചാവക്കാട് കോൺഗ്രസ് പ്രവർത്തകനെ വധിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പേരാമ്പ്രയിൽ നടത്തിയ പ്രകടനത്തിനിടെ എസ്.ഡി.പി.ഐ ഓഫിസിനു നേരെ കല്ലേറ് നടത്തിയിരുന്നു. ഇതിെൻറ പ്രതികാരമായാണ് കോൺഗ്രസ് ഓഫിസ് ആക്രമിച്ചതെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം.
ഓഫിസ് തകർത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ പ്രകടനത്തിനിടെ എസ്.ഡി.പി.ഐ ഓഫിസ് ആക്രമിക്കാൻ ശ്രമം നടന്നപ്പോൾ പൊലീസ് ലാത്തിവീശി കോൺഗ്രസ് പ്രവർത്തകരെ പിന്തിരിപ്പിച്ചു. ഇതിനിടെയാണ് അനീഷിന് മർദനമേറ്റത്. ഹർത്താലിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ നടത്തിയ പ്രകടനം യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞതും സംഘർഷത്തിനിടയാക്കി. രാവിലെ വാഹനങ്ങൾ തടയാനുള്ള നീക്കവും കോൺഗ്രസ് പ്രവർത്തകരുടെ ഭാഗത്തുനിന്നുണ്ടായി. പിന്നീട് വാഹനങ്ങളെ ഹർത്താലിൽനിന്ന് ഒഴിവാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നുപ്രവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.