വഴിമുട്ടി പുനഃസംഘടന; പൊട്ടിത്തെറിയുടെ വക്കിൽ കോൺഗ്രസ്
text_fieldsതിരുവനന്തപുരം: ഹൈകമാൻഡ് ഇടപെടലിനെതുടർന്ന് സംസ്ഥാന കോൺഗ്രസ് പുനഃസംഘടന വഴിമുട്ടി. പുതിയ ഡി.സി.സി ഭാരവാഹികളുടെയും ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരുടെയും അന്തിമപട്ടിക ഏകദേശം പൂർത്തീകരിച്ച് സംസ്ഥാന നേതൃത്വം പ്രഖ്യാപനത്തിന് ഒരുങ്ങവെയാണ് ഹൈകമാൻഡ് ഇടപെട്ട് നിർത്തിവെപ്പിച്ചത്. കേരളത്തിൽനിന്നുള്ള ഏതാനും എം.പിമാരുടെ പരാതി പ്രകാരമാണ് പുനഃസംഘടനാ നടപടികൾ തൽക്കാലം നിർത്തിവെക്കാൻ നിർദേശിച്ചതെന്ന് കേന്ദ്രനേതൃത്വം അറിയിച്ചു. അതേസമയം, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ പിന്തുണയോടെ സംസ്ഥാന കോൺഗ്രസിൽ പുതിയ ശാക്തികചേരി രൂപവത്കരിക്കാനുള്ള കെ.സി. വേണുഗോപാലിന്റെ നീക്കത്തോട് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനുള്ള വിയോജിപ്പാണ് പുതിയ സംഭവവികാസങ്ങൾക്ക് പിന്നിലെന്ന് അറിയുന്നു. കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷനേതാവും മാനസികമായി അകന്നതോടെ പാർട്ടി പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ്.
തിങ്കളാഴ്ച കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷനേതാവും മണിക്കൂറുകളോളം നടത്തിയ കൂടിയാലോചനയിൽ പുതിയ ഡി.സി.സി ഭാരവാഹികളുടെയും ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരുടെയും കാര്യത്തിൽ ഏകദേശം അന്തിമരൂപമായിരുന്നു. വ്യാഴാഴ്ചക്കകം പ്രഖ്യാപനം നടത്താനും ധാരണയുണ്ടായി. എന്നാൽ, രാത്രി പത്തോടെ പുനഃസംഘടന നിർത്തിവെക്കാൻ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജന.സെക്രട്ടറി താരിഖ് അൻവർ കെ.പി.സി.സി പ്രസിഡന്റിനോട് നിർദേശിച്ചു. സംസ്ഥാനത്തുനിന്നുള്ള ഏതാനും എം.പിമാർ പരാതി നൽകിയിട്ടുണ്ടെന്നും അവരുമായി സംസാരിച്ച് പ്രശ്നം പരിഹരിച്ചശേഷമേ പട്ടിക പുറത്തിറക്കാവൂ എന്നുമായിരുന്നു താരിഖിന്റെ നിർദേശം. ഇതോടെ ഭാരവാഹി നിർണയവും പ്രഖ്യാപനവും പാതിവഴിയിൽ അവസാനിപ്പിക്കേണ്ടി വന്നു.
ഇതിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ അസ്വസ്ഥനും രോഷാകുലനുമാണ്. ഇത്തരത്തിൽ ഇനി പ്രസിഡന്റ് പദവിയിൽ തുടർന്നിട്ട് കാര്യമില്ലെന്ന നിലപാടിലാണ് അദ്ദേഹം. ഇക്കാര്യം പാർട്ടിയിലെ ചില നേതാക്കളുമായി പങ്കുവെച്ച അദ്ദേഹം ഹൈകമാൻഡിനെയും നിലപാട് അറിയിച്ചതായി സൂചനകളുണ്ട്. അതേസമയം, സുധാകരന് എന്തെങ്കിലും പരിഭവമുണ്ടെങ്കിൽ പരിഹരിക്കുമെന്നും എം.പിമാരുടെ പരാതി പരിശോധിക്കണമെന്ന ഹൈകമാൻഡ് നിർദേശം പരിഗണിച്ച് അവരുമായി ചർച്ച നടത്തി എല്ലാവരെയും വിശ്വാസത്തിലെടുത്ത് ഭാരവാഹികളെ നിശ്ചയിക്കുമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അറിയിച്ചു.
കെ. സുധാകരനും വി.ഡി സതീശനും തമ്മിൽ ഊഷ്മളബന്ധമാണ് നിലനിന്നിരുന്നത്. എന്നാൽ, സമീപകാലത്ത് അതിൽ മാറ്റംവരുകയും വിശാല ഐ പക്ഷവുമായി സുധാകരൻ അടുക്കുകയും ചെയ്തു. പാർട്ടിയിൽ പുതിയൊരു ചേരിക്കുള്ള കെ.സി. വേണുഗോപാലിന്റെ നീക്കമാണ് അതിന് ഇടയാക്കിയത്. പുനഃസംഘടനയുടെ പേരിൽ പാർട്ടിയിൽ ഇപ്പോൾ നടക്കുന്ന വടംവലിക്ക് പിന്നിലെ യഥാർഥ കാരണവും ഇതാണത്രെ.
നല്ലത് തെരഞ്ഞെടുപ്പുതന്നെ
-കെ. മുരളീധരൻ
കോഴിക്കോട്: പാർട്ടി പുനഃസംഘടനയിൽ തെരഞ്ഞെടുപ്പാണ് നല്ലതെന്നും അപ്പോൾ ജനാധിപത്യം ഉണ്ടാവുമെന്നും മുൻ കെ.പി.സി.സി പ്രസിഡന്റ് കെ. മുരളീധരൻ. പറ്റാവുന്നിടത്തെല്ലാം സമവായം നല്ലതാണ്. അങ്ങനെ അല്ലാത്തിടത്ത് തെരഞ്ഞെടുപ്പാണ് വേണ്ടത്. അതിന്റെ പേരിൽ സംഘടനാ വിരുദ്ധ പ്രവർത്തനം അനുവദിക്കില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. പാർട്ടി പുനഃസംഘടന സംബന്ധിച്ച് താനൊരിടത്തും പരാതി കൊടുത്തിട്ടില്ല. ഹൈക്കകമാൻഡാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. ലീഗ് യു.ഡി.എഫ് വിട്ടുപോകുമെന്നത് പ്രചരണങ്ങൾ മാത്രമാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.