കോൺഗ്രസ് ഫലസ്തീൻ റാലി നാളെ; യു.ഡി.എഫ് ഐക്യവും ലക്ഷ്യം
text_fieldsകോഴിക്കോട്: ഏറെ വൈകിയാണെങ്കിലും, കോൺഗ്രസിന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലി വ്യാഴാഴ്ച കോഴിക്കോട് കടപ്പുറത്ത് നടക്കുമ്പോൾ അത് കോൺഗ്രസ്-ലീഗ് ബന്ധം അരക്കിട്ടുറപ്പിക്കുന്ന വേദിയായി മാറും. മുസ്ലിം ലീഗിന്റെ ഫലസ്തീൻ റാലിയിൽ ഡോ. ശശി തരൂരിനെ പങ്കെടുപ്പിച്ചത് കോൺഗ്രസ് നേതാവ് എന്നതിലുപരി അന്താരാഷ്ട്ര മുഖമുള്ള നയതന്ത്ര വിദഗ്ധൻ എന്ന നിലയിലായിരുന്നു. മറ്റു രാഷ്ട്രീയ, മത സംഘടന പ്രതിനിധികളെ പങ്കെടുപ്പിക്കാതെ ലീഗ് ഒറ്റക്ക് നടത്തിയ ശക്തി പ്രകടനമായിരുന്നു അത്.
ഇതിൽനിന്ന് വ്യത്യസ്തമായി പാണക്കാട് സാദിഖലി തങ്ങളെ മുഖ്യപ്രഭാഷകനാക്കിയ കോൺഗ്രസ് റാലിയിൽ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, ഡോ. എം.കെ. മുനീർ എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്. വിവിധ വിഷയങ്ങളിൽ ലീഗ്-കോൺഗ്രസ് ബന്ധത്തിൽ ഉലച്ചിൽ തട്ടിയ സാഹചര്യത്തിലും ലീഗിനെ ലാക്കാക്കി രാഷ്ട്രീയ മുതലെടുപ്പിന് സി.പി.എം തന്ത്രം പയറ്റുന്നതിനാലും മുന്നണിയുടെ ഐക്യം അരക്കിട്ടുറപ്പിക്കുന്ന വേദിയായി റാലി മാറണമെന്ന അജണ്ടയുമുണ്ട്. റാലി വിജയമാക്കുന്നതിന് വൻ ഒരുക്കമാണ് ബൂത്ത്തലം മുതൽ നടത്തിയത്.
തങ്ങളുടെ ഫലസ്തീൻ റാലിക്ക് ലീഗിനെ ക്ഷണിച്ച് യു.ഡി.എഫിൽ പ്രതിസന്ധി സൃഷ്ടിക്കാൻ ശ്രമിച്ച സി.പി.എമ്മിനുള്ള മറുപടിയായി റാലി മാറുമെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. സി.പി.എം ക്ഷണം ലീഗ് നിരസിച്ചെങ്കിലും ലീഗിനെയും കോൺഗ്രസിനെയും അകറ്റുന്ന പല നീക്കങ്ങളും ഇതിനിടയിലുണ്ടായി. ഉമ്മൻ ചാണ്ടിയിൽനിന്ന് കെ. സുധാകരനിലേക്കും വി.ഡി. സതീശനിലേക്കും കോൺഗ്രസ് നേതൃത്വം മാറിയതിൽ പിന്നെ, ഇരു പാർട്ടികളും തമ്മിൽ അത്ര ഊഷ്മളബന്ധമല്ല. ഉമ്മൻ ചാണ്ടിയെപ്പോലെ പാണക്കാട് കുടുംബവുമായും മറ്റു നേതാക്കളുമായും ആത്മബന്ധം സ്ഥാപിക്കാൻ ഇപ്പോഴത്തെ നേതൃത്വത്തിന് സാധിച്ചിട്ടില്ലെന്ന പരാതി ലീഗിനകത്തുണ്ട്.
പല സന്ദർഭങ്ങളിലായി ഇക്കാര്യം ബോധ്യപ്പെട്ടതിനാലാണ് ഏതാനും ആഴ്ചമുമ്പ് കെ. സുധാകരനും വി.ഡി. സതീശനും പാണക്കാട്ടെത്തി സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച നടത്തിയത്. മുസ്ലിം ലീഗ് ഫലസ്തീൻ റാലിക്ക് അതിഥിയായി എത്തി വിവാദ പ്രസ്താവന നടത്തിയ ഡോ. ശശി തരൂരിനെ കോൺഗ്രസ് റാലിയിൽ പങ്കെടുപ്പിക്കുന്നില്ല. തരൂർ തന്റെ നിലപാട് തിരുത്തുമെന്ന പ്രതീക്ഷയില്ലാത്തതിനാലും പരിപാടിയുടെ ഫോക്കസ് വിവാദത്തിലേക്ക് വലിച്ചിഴക്കപ്പെടാതിരിക്കാനുമാണ് അദ്ദേഹത്തെ മാറ്റി നിർത്തിയതെന്നാണ് വിവരം. അതേസമയം, കോൺഗ്രസിലെ പ്രമുഖ നേതാക്കളെല്ലാം പങ്കെടുക്കുന്ന പരിപാടിക്ക് ലോക്സഭ തെരഞ്ഞെടുപ്പിന് മലബാറിൽ പാർട്ടിയെ സജ്ജമാക്കുകയെന്ന ദൗത്യവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.