തേക്കിൻകാട് മൈതാനത്തിലെ ആൽമര ചില്ലകൾ മുറിച്ചതിൽ കോൺഗ്രസ് പ്രതിഷേധം; തടയാൻ ബി.ജെ.പി ശ്രമം, സംഘർഷം
text_fieldsതൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിക്ക് വേണ്ടി തേക്കിൻകാട് മൈതാനത്തിലെ ആൽമരത്തിന്‍റെ ചില്ല മുറിച്ചതിൽ കോൺഗ്രസ് പ്രതിഷേധം. യുത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരാണ് ആൽമരത്തിന് ചുവട്ടിൽ സംരക്ഷണ വലയം തീർത്ത് പ്രതിഷേധിച്ചത്.
മോദിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് വിശ്വാസ സമൂഹത്തെ വേദനിപ്പിക്കുന്ന പ്രവൃത്തികളാണ് ക്ഷേത്ര സമിതിയും കേന്ദ്ര സർക്കാരും നടത്തിയിട്ടുള്ളതെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. ഭഗവാന്‍റെ തിരുജഡ എന്ന് ഭക്തർ വിശ്വസിക്കുന്ന ആൽമരത്തിന്‍റെ വലിയ ചില്ലകളാണ് മുറിച്ചുമാറ്റിയത്.
മോദിക്ക് വേണ്ടിയാണ് ഇതെല്ലാം ചെയ്തത്. മുൻകാലങ്ങളിൽ ആൽമര ചില്ലകൾ മുറിച്ചു മാറ്റിയപ്പോൾ ശിവന്‍റെ ജഡയാണെന്ന പറഞ്ഞ ബി.ജെ.പിയുടെ ഇപ്പോഴത്തെ നിലപാട് വിരോധാഭാസമാണെന്നും പ്രവർത്തകർ ചൂണ്ടിക്കാട്ടി.
ആൽ മരത്തിന് മുമ്പിൽ സംരക്ഷണ വലയം തീർക്കാൻ യൂത്ത്കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചു. മോദിയുടെ പരിപാടി നടന്ന തേക്കിൻകാട് മൈതാനത്ത് കെ.എസ്.യു ചാണകവെള്ളം തള്ളിച്ച് പ്രതീകാത്മകമായി ശുദ്ധീകരിച്ചു.
അതിനിടെ, യുത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരുടെ പ്രതിഷേധം തടയാൻ ബി.ജെ.പി പ്രവർത്തകർ ശ്രമിച്ചത് സംഘർഷത്തിന് വഴിവെച്ചു. ഇരുവിഭാഗം പ്രവർത്തർ തമ്മിൽ ഉന്തുതള്ളും ഉണ്ടായി. കെ.എസ്.യു പ്രവർത്തകർക്ക് നേരെ ബി.ജെ.പി പ്രവർത്തകർ കല്ലെറിഞ്ഞു.
സംഘർഷത്തിന്‍റെ സാഹചര്യത്തിൽ വലിയ പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. യൂത്ത് കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.
ബി.ജെ.പിയുടെ ആഭിമുഖ്യത്തിൽ തൃശൂരിൽ നടന്ന മഹിള സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ തൃശൂരിലെത്തിയത്. സമ്മേളനത്തിന്‍റെ പ്രധാന വേദിയായ തേക്കിൻക്കാട് മൈതാനത്തിലെ ആൽമരത്തിന്‍റെ വലിയ ചില്ലകളാണ് സംഘാടകർ മുറിച്ചുമാറ്റിയത്. സുരക്ഷയുടെ ഭാഗമായാണ് ആൽമരത്തിന്‍റെ വലിയ ചില്ലകൾ മുറിച്ചുമാറ്റിയതെന്നാണ് സംഘാടകരുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.