മൃതദേഹവുമായി പ്രതിഷേധം: മാത്യു കുഴൽനാടനും ഷിയാസും അറസ്റ്റിൽ; പൊലീസ് ബസിന് നേരെ ആക്രമണം, സംഘർഷം
text_fieldsകോതമംഗലം: കാട്ടാന ആക്രമണത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹവുമായി പ്രതിഷേധിച്ചതിന് മാത്യു കുഴൽനാടൻ എം.എൽ.എയെയും എറണാകുളം ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് എം.എൽ.എമാരായ മാത്യു കുഴൽനാടനും എൽദോസ് കുന്നപ്പിള്ളിയും കോതമംഗലത്ത് അനിശ്ചിതകാല ഉപവാസം ആരംഭിച്ചിരുന്നു. ഈ സമരപ്പന്തലിൽനിന്നാണ് തിങ്കളാഴ്ച രാത്രി ഇരുവരെയും പൊലീസ് പിടികൂടിയത്.
മൊത്തം 13 പേരെ അറസ്റ്റ് ചെയ്തു. കണ്ടാലറിയാവുന്ന 30 പേർക്കെതിരെ പൊലീസ് കേസെടുത്തു. ആശുപത്രിയിൽ ആക്രമണം നടത്തൽ, മൃതദേഹത്തോട് അനാദരവ് തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്. റോഡ് ഉപരോധിച്ചതിന് ഡീൻ കുര്യാക്കോസ്, മാത്യു കുഴൽനാടൻ, ഷിബു തെക്കുംപുറം എന്നിവർക്കെതിരെയും കേസെടുത്തു. വിവരമറിഞ്ഞ് രമേശ് ചെന്നിത്തലയും ഡീൻ കുര്യാക്കോസും സമരപന്തലിലെത്തി.
സംഘർഷത്തിൽ മൂന്ന് പൊലീസ് ജീപ്പുകൾക്ക് കേടുപാട് വരുത്തി. ഒരു ജീപ്പ് പൂർണമായും അടിച്ചുതകർത്തു. തുടർന്ന് പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ലാത്തി വീശി.
അറസ്റ്റ് തടയാൻ ശ്രമിച്ച കോൺഗ്രസ് പ്രവർത്തകരെ പൊലീസ് ലാത്തിവീശി ഓടിച്ചു. പ്രവർത്തകരുടെ ആക്രമണത്തിൽ പൊലീസ് വാഹനത്തിന്റെ ചില്ലുതകർന്നു. അറസ്റ്റിനെതിരെ രാത്രി 11.30ഓടെ കോൺഗ്രസ് സംസ്ഥാന വ്യാപക പ്രതിഷേധം തുടങ്ങി. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനുമുന്നിൽ കുത്തിയിരിപ്പ് സമരം തുടങ്ങി. മാത്യു കുഴലനാടനെ കോതമംഗലം പൊലീസ് സ്റ്റേഷനിലും ഷിയാസിനെ ഊന്നുകൽ സ്റ്റേഷനിലുമാണ് എത്തിച്ചത്.
തിങ്കളാഴ്ച രാവിലെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അടിമാലി കാഞ്ഞിരവേലി മുണ്ടോൻ രാമകൃഷ്ണന്റെ ഭാര്യ ഇന്ദിര(74)യുടെ മൃതദേഹവുമായി ബന്ധുക്കളും കോൺഗ്രസ് നേതാക്കളും റോഡ് ഉപരോധമടക്കമുള്ള പ്രതിഷേധം നടത്തിയിരുന്നു. കോതമംഗലം താലൂക്ക് ആശുപത്രിയിൽ നിന്ന് മൃതദേഹം എടുത്ത് നഗരത്തിൽ എത്തിച്ചായിരുന്നു പ്രതിഷേധം. തുടർന്ന് മൃതദേഹം കിടത്തിയ സ്െട്രച്ചർ പൊലീസ് പിടിച്ചെടുത്ത് റോഡിലൂടെ വലിച്ച് ആംബുലൻസിൽ കയറ്റി വീണ്ടും ആശുപത്രിയിലേക്ക് മാറ്റി.
മൃതദേഹം മോർച്ചറിയിൽ നിന്നെടുത്തത് കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ
പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം മോർച്ചറിയിൽ പ്രവേശിച്ച ഡീൻ കുര്യാക്കോസ് എം.പി, ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ്, മാത്യു കുഴൽനാടൻ എം.എൽ.എ, യു.ഡി.എഫ് ജില്ല കൺവീനർ ഷിബു തെക്കുംപുംറം എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തുകടത്തിയത്. തുടർന്ന് കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ എത്തിച്ച് റോഡ് ഉപരോധിച്ചു. ഉച്ചയോടെ ദേശീയപാതയിലെ ഗതാഗതം നാട്ടുകാരും യു.ഡി.എഫ് പ്രവർത്തകരും ചേർന്ന് പൂർണമായും തടഞ്ഞു. പ്രതിഷേധത്തിനിടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി.
വന്യമൃഗശല്യത്തിന് പരിഹാരമുണ്ടാക്കിയശേഷം മതി പോസ്റ്റ്മോർട്ടമെന്ന് ഇന്ദിരയുടെ കുടുംബവും അറിയിച്ചു. പൊലീസും നേതാക്കളും തമ്മിൽ വാക്തർക്കമുണ്ടായി. ഇൻക്വസ്റ്റിന് വെച്ച മൃതദേഹവുമായി പ്രതിഷേധത്തിനിറങ്ങുന്നത് ശരിയല്ലെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ, ഡി.സി.സി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് ഡിവൈ.എസ്.പിയെ പിടിച്ചുതള്ളി. നടുറോഡിൽ മൃതദേഹത്തെ അപമാനിച്ചതിന് പൊലീസ് കണക്കുപറയേണ്ടി വരുമെന്ന് ഡീൻ കുര്യാക്കോസ് കയർത്തു. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയശേഷമേ പ്രതിഷേധം അവസാനിപ്പിക്കൂ എന്ന നിലപാടിലായിരുന്നു യു.ഡി.എഫ് നേതാക്കൾ.
വൈകീട്ട് മൂന്നോടെ കലക്ടർ എൻ.എസ്.കെ. ഉമേഷ് ചില കുടുംബാംഗങ്ങളുമായി സംസാരിച്ചു. ആന്റണി ജോൺ എം.എൽ.എയുമായി സംസാരിച്ച കലക്ടർ മൃതദേഹം വീണ്ടെടുക്കാൻ പൊലീസിന് നിർദേശം നൽകി. മൃതദേഹം കൊണ്ടുപോകാൻ വന്ന അഗ്നിരക്ഷാസേന വാഹനം തിരിച്ചയക്കാൻ ശ്രമിച്ച പ്രതിഷേധക്കാരെ പിടികൂടി പൊലീസ് വാഹനത്തിൽ കയറ്റി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തമ്പടിച്ച പൊലീസ് കൂട്ടമായി എത്തി മൃതദേഹം വെച്ച ഭാഗം വളഞ്ഞു. ഡീൻ കുര്യാക്കോസ് എം.പി അടക്കം ജനപ്രതിനിധികളെ ബലം പ്രയോഗിച്ച് നീക്കി. സമരപ്പന്തൽ പൊളിച്ചുനീക്കി.
മൃതദേഹം നഗരത്തിലൂടെ സ്ട്രെച്ചറിൽ വലിച്ച് ബസ് സ്റ്റാൻഡിനടുത്ത് എത്തിച്ച് ആംബുലൻസിൽ കയറ്റി ആശുപത്രിയിലേക്ക് മാറ്റി പോസ്റ്റ്മോർട്ടം നടപടികളിലേക്ക് കടന്നു. പോസ്റ്റ്മോർട്ടം പൂർത്തിയാക്കി വൈകീട്ട് 6.15ഓടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഡീൻ കുര്യാക്കോസ് എം.പി, മരിച്ച ഇന്ദിരയുടെ സഹോദരൻ സുരേഷ് എന്നിവർക്ക് പൊലീസ് നടപടിക്കിടെ പരിക്കേറ്റു. യു.ഡി.എഫ് എം.എൽ.എമാരായ മാത്യു കുഴൽനാടൻ, എൽദോസ് കുന്നപ്പിള്ളി എന്നിവർ കോതമംഗലം ഗാന്ധി സ്ക്വയറിൽ ഉപവാസം ആരംഭിച്ചു. മന്ത്രിമാരായ പി. രാജീവ്, റോഷി അഗസ്റ്റിൻ എന്നിവരും സ്ഥലത്തെത്തിയിരുന്നു.
ഇന്നലെ രാവിലെ 8.45ന് സ്വന്തം പുരയിടത്തിലാണ് ഇന്ദിരയെ കാട്ടാന ആക്രമിച്ചത്. ആടിനെ കെട്ടിയശേഷം കൂവ പറിക്കുന്നതിനിടെയാണ് ആക്രമണം. ചീറിയടുത്ത കൊമ്പനാന ആദ്യം ചുഴറ്റി എറിഞ്ഞു. നിലത്തുവീണ ഇന്ദിരയുടെ തലയിൽ ചവിട്ടി. ഇവരുടെ നിലവിളിയും ആനയുടെ ചിന്നം വിളിയും കേട്ട് എത്തിയ ടാപ്പിങ് തൊഴിലാളികളും നാട്ടുകാരും ബഹളമുണ്ടാക്കി ആനയെ തുരത്തി. കോതമംഗലത്തേക്ക് കൊണ്ടുപോകുംവഴിയാണ് ഇന്ദിര മരിച്ചത്.
രണ്ടുമാസത്തിനിടെ ഇടുക്കിയിൽ അഞ്ചുപേരുടെ ജീവനാണ് കാട്ടാന ആക്രമണത്തിൽ നഷ്ടമായത്. ഷീജ, ഷിബു, സിന്ധു എന്നിവരാണ് ഇന്ദിരയുടെ മക്കൾ. ഇന്ദിരയുടെ കുടുംബത്തിന് സർക്കാർ 10 ലക്ഷം രൂപ നൽകി.. മന്ത്രിമാരായ പി. രാജീവ്, റോഷി അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിലാണ് ചെക്ക് കൈമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.