രാജ്യസഭാ സീറ്റ്: കോൺഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും ശബരീനാഥൻ
text_fieldsകോഴിക്കോട്: കോൺഗ്രസിന്‍റെ രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസ് എമ്മിന് നൽകിയതിനെതിരെ പ്രതിഷേധം ശക്തിപ്പെടുന്നു. കോൺഗ്രസ് എം.എൽ.എ കെ.എസ്. ശബരിനാഥനാണ് ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയത്. ജോസ് കെ. മാണിക്ക് രാജ്യസഭാ സീറ്റ് വിട്ടു കൊടുത്തത് അംഗീകരിക്കില്ലെന്ന് ശബരീനാഥൻ മാധ്യമങ്ങളോട് പറഞ്ഞു.
സാധാരണ പ്രവർത്തകരുടെ ക്ഷമയെ പരീക്ഷിക്കുന്ന തീരുമാനമാണിത്. പുതിയ ഒരാൾക്ക് സീറ്റ് നൽകണം. ലോക്സഭയിൽ യു.പി.എക്ക് ഒരംഗത്തെ കുറയുന്നത് പ്രതിപക്ഷത്തെ ബാധിക്കും. തീരുമാനം പുനഃപരിശോധിക്കുമെന്നാണ് പ്രതീക്ഷയെന്നും ശബരീനാഥൻ പറഞ്ഞു.
കൂടാതെ ഫേസ്ബുക്ക് പോസ്റ്റിലൂടെയും ശബരീനാഥൻ പ്രതികരിച്ചു. "പച്ചപ്പരവതാനിയുള്ള ലോകസഭയിൽ നിന്നും ഒരല്പം നടന്ന് ചുവന്ന പരവതാനിയുള്ള രാജ്യസഭയിലേക്കു ചേക്കേറുമ്പോൾ കേരളത്തിൽ മുന്നണി ശക്തിപ്പെടും, തീർച്ച." എന്നായിരുന്നു പരിഹാസ രൂപേണയുള്ള പ്രതികരണം.
കേരളാ കോൺഗ്രസിന് രാജ്യസഭാ സീറ്റ് നൽകാൻ തീരുമാനിച്ച കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ കഴിഞ്ഞ ദിവസവും ശബരിനാഥൻ ശക്തമായി പ്രതികരിച്ചിരുന്നു.
രാജ്യസഭയിൽ ഇന്ന് കോൺഗ്രസ്സിന് 51സീറ്റും ബിജെപിക്ക് 69 സീറ്റുമാണുള്ളത്. ഈ അവസരത്തിൽ രാഷ്ട്രീയപരമായും ആശയപരമായും ബി.ജെ.പിയെ പാർലമെൻറിൽ പ്രതിരോധിക്കേണ്ട വലിയൊരു ഉത്തരവാദിത്വമാണ് ദേശീയ തലത്തിൽ കോൺഗ്രസ് എന്ന ദേശീയ പ്രസ്‌ഥാനത്തിനുള്ളത്. ഇതിനു പ്രാപ്തിയുള്ള ഒരു കോൺഗ്രസ്സ് ശബ്ദമാണ് രാജ്യസഭയിലേക്ക് കേരളത്തിൽ നിന്ന് നമ്മൾ തിരഞ്ഞെടുക്കേണ്ടത്. ഇതിൽ ഒരു വിട്ടുവീഴ്ചയെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയുകയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.