'പാര്‍ട്ടിയുടെ അന്തസ്സും അച്ചടക്കവും ലംഘിച്ചു'; കെ.വി. തോമസിനെതിരെ അച്ചടക്കനടപടിക്ക് കോൺഗ്രസ് ശിപാര്‍ശ
text_fieldsതിരുവനന്തപുരം: പാര്‍ട്ടി വിലക്ക് ലംഘിച്ച് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ ഭാഗമായി നടന്ന സെമിനാറില്‍ പങ്കെടുത്ത പ്രൊഫ. കെ.വി തോമസിനെതിരെ അച്ചടക്കനടപടിക്ക് ശിപാര്‍ശ ചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കെ.പി.സി.സി കത്ത് നല്‍കി. പാര്‍ട്ടി തീരുമാനം ലംഘിച്ച അദ്ദേഹത്തിനെതിരെ ശക്തവും അനുയോജ്യവുമായ നടപടി സ്വീകരിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സംസ്ഥാന കോൺഗ്രസിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി ആലോചിച്ചശേഷമാണ് നടപടിക്ക് ശിപാര്‍ശ ചെയ്യുന്നതെന്നും കത്തില്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ ചൂണ്ടിക്കാട്ടി. കെ.വി. തോമസ് പാര്‍ട്ടിയുടെ അന്തസ്സും അച്ചടക്കവും ലംഘിച്ചുവെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിർദേശങ്ങള്‍ക്ക് വിരുദ്ധമായി പ്രവർത്തിച്ചുവെന്നും നേതാക്കള്‍ വിലയിരുത്തിയെന്നും കത്തില്‍ വിശദീകരിക്കുന്നു. സെമിനാറില്‍ പങ്കെടുത്തതിന് പുറമെ കഴിഞ്ഞ രണ്ടുദിവസം വാർത്താസമ്മേളനം നടത്തി പാര്‍ട്ടി അച്ചടക്കം ലംഘിച്ച് കെ.വി. തോമസ് പലതും പറഞ്ഞതായും കത്തില്‍ കുറ്റപ്പെടുത്തുന്നു.
കോണ്‍ഗ്രസുകാരായ 80ലേറെ ആളുകളെ സി.പി.എം അതിക്രൂരമായി കൊല ചെയ്ത കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റെ അനുബന്ധമായ സെമിനാറില്‍ പങ്കെടുക്കേണ്ടതില്ലെന്ന തീരുമാനം കെ.പി.സി.സി ഏകകണ്ഠമായി കൈക്കൊണ്ടതാണ്. കോണ്‍ഗ്രസുമായി കൂടിയാലോചിക്കാതെ സെമിനാറിന് സി.പി.എം ക്ഷണിച്ച നേതാക്കളെ ഈ തീരുമാനം അറിയിച്ചിരുന്നു.
സെമിനാറില്‍ പങ്കെടുക്കാന്‍ അനുവാദം ചോദിച്ച് നേതാക്കള്‍ എ.ഐ.സി.സി നേതൃത്വത്തിനും കത്തയച്ചിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം അനുസരിക്കാൻ ഈ സന്ദർഭത്തിൽ അവരോട് കോണ്‍ഗ്രസ് അധ്യക്ഷ നിർദേശിച്ചതുമാണ്. എന്നാല്‍, പാര്‍ട്ടി കോണ്‍ഗ്രസിന് അനുബന്ധമായി നടന്ന സെമിനാറില്‍ മുന്‍ കേന്ദ്ര മന്ത്രികൂടിയായ കെ.വി. തോമസ് പങ്കെടുത്തു.
മാത്രമല്ല, കഴിഞ്ഞ രണ്ടുദിവസങ്ങളിലായി അദ്ദേഹം വാർത്താസമ്മേളനം നടത്തി കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്ര നിലപാടുകളെയും രാഷ്ട്രീയ അജണ്ടയെയും തള്ളിപ്പറയുകയും ചെയ്തിട്ടുണ്ട്. മാധ്യമങ്ങളുമായുള്ള ആശയവിനിമയത്തിനിടയില്‍ അദ്ദേഹം എ.ഐ.സി.സിയെയും സംസ്ഥാന നേതൃത്വത്തെയും താഴ്ത്തികെട്ടുന്ന തരത്തിലുള്ള പ്രസ്താവനകളാണ് നടത്തിയിട്ടുള്ളത്.
ഈ നടപടി പാര്‍ട്ടിയുടെ നിലനിൽപ്പിനായി ജീവന്‍ ത്യജിച്ച രക്തസാക്ഷികളുടെ കുടുംബങ്ങളുടെയും പാര്‍ട്ടിപ്രവര്‍ത്തകരുടെയും വികാരത്തെ ഏറെ മുറിവേല്‍പ്പിച്ചിരിക്കുകയാണ്. സെമിനാറില്‍ പങ്കെടുക്കരുതെന്ന് തോമസിനോട് രണ്ടുദിവസം മുമ്പ് വരെ താനും കേരളത്തിലെ മറ്റ് മുതിര്‍ന്ന നേതാക്കളും അഭ്യർഥിച്ചിരുന്നു. എന്നാൽ, അത് മാനിക്കാതെ സെമിനാറിൽ പങ്കെടുത്തതില്‍നിന്നും അദ്ദേഹത്തിന്റെ തീരുമാനം മുന്‍കൂട്ടി ആലോചിച്ച് എടുത്തിരുന്നതാണെന്നും കഴിഞ്ഞ ഒരുവര്‍ഷമായി അദ്ദേഹം സി.പി.എം നേതാക്കളുമായി ബന്ധപ്പെട്ട് വരികയാണെന്നും തെളിയുന്നു.
ഈ സാഹചര്യത്തില്‍ കെ.വി. തോമസിനെതിരെ ശക്തവും അനുയോജ്യവുമായ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് കെ.പി.സി.സിയുടെ അധ്യക്ഷനെന്ന നിലയില്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നാണ് കത്തില്‍ സുധാകരന്‍ അറിയിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.