കോൺഗ്രസ് പുനഃസംഘടന: കെ.എസ് ഗ്രൂപ് വെട്ടിനിരത്തി; ഹൈകമാൻഡിന് മുന്നിൽ തെളിവ് നിരത്തും
text_fieldsകൊച്ചി: കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരുടെ നിയമനം ഗ്രൂപ് അടിസ്ഥാനത്തിൽതന്നെയെന്ന് സമർഥിച്ചും ഹൈകമാൻഡ് അംഗീകരിച്ച മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയെന്ന് തെളിവ് നിരത്തിയും ഹൈകമാൻഡിനെ സമീപിക്കാൻ ഗ്രൂപ്പുകളുടെ തയാറെടുപ്പ്. പാർട്ടി പുനഃസംഘടന തർക്കം പരിഹാരമില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് നീക്കം. തങ്ങളുടെ വാദങ്ങൾ തള്ളാൻ ഗ്രൂപ് രഹിത നിലപാട് ഔദ്യോഗിക പക്ഷം മുന്നോട്ടുവെക്കുന്ന സാഹചര്യത്തിലുമാണിത്.
ഗ്രൂപ് അനുവദിക്കില്ലെന്നും പ്രവർത്തകരും നേതാക്കളും അച്ചടക്കം പാലിക്കണമെന്നും ഹൈകമാൻഡ് പ്രതിനിധി താരിഖ് അൻവർ നിലപാട് കടുപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് എ വിഭാഗവും ചെന്നിത്തല വിഭാഗം ഐ ഗ്രൂപ്പും നേരിട്ട് ഹൈകമാൻഡിനെ സമീപിക്കുക. ആലുവയിലെ പരിശീലന ക്യാമ്പിലെത്തിയ താരിഖ് അൻവർ കൂടിയാലോചനകൾക്ക് ശ്രമിച്ചെങ്കിലും എ, ചെന്നിത്തല വിഭാഗങ്ങൾ വഴങ്ങിയിട്ടില്ല.
ബ്ലോക്ക് പ്രസിഡന്റുമാരുടെ നിയമനത്തിൽ ഏറെ നഷ്ടം തങ്ങൾക്കാണെന്നാണ് എ വിഭാഗം നേതാക്കളുടെ യോഗം വിലയിരുത്തിയത്. പരിശീലന ക്യാമ്പ് ബഹിഷ്കരിച്ച എ വിഭാഗത്തിന്റെ മുതിർന്ന നേതാക്കളടക്കം യോഗം ചേർന്നും രമേശ് ചെന്നിത്തലയടക്കം നേതാക്കളെ ബന്ധപ്പെട്ടുമാണ് സുധാകരൻ, സതീശൻ വിഭാഗത്തിന്റേത് ഗ്രൂപ് അടിസ്ഥാനത്തിലെ പുനഃസംഘടനയെന്ന പരാതി ഉന്നയിക്കാൻ തീരുമാനിച്ചത്. കെ.സി. വേണുഗോപാൽ-സുധാകരൻ-സതീശൻ (കെ.എസ്) എന്നാണ് പുതിയ ഗ്രൂപ്പിനെ രഹസ്യ യോഗത്തിൽ എ വിഭാഗത്തിലെ മുതിർന്ന നേതാവ് വിമർശിച്ചത്.
ഒപ്പം നിൽക്കുമെങ്കിൽ പ്രസിഡന്റുപദമെന്ന വാഗ്ദാനം പോലും നൽകിയാണ് പലരെയും അന്തിമ പട്ടികയിൽ ഉൾപ്പെടുത്തിയതെന്നാണ് എ ഗ്രൂപ്പ് നേതാക്കളുടെ രഹസ്യയോഗത്തിലെ വിമർശം. ഇതോടെ സ്വീകാര്യരായ പല നേതാക്കളും പുറത്തായി. പല തട്ടിലായ ഐ വിഭാഗത്തിൽനിന്ന് ചോർത്തിയതിന് പുറമെ എ വിഭാഗത്തിൽ നിന്നുകൂടി നേതാക്കളെ അടർത്തിയെടുത്ത് പുതിയ ഗ്രൂപ്പുണ്ടാക്കിയെന്നും പലരും ചൂണ്ടിക്കാട്ടി. ടി. സിദ്ദീക്കിന്റെയും തിരുവഞ്ചൂർ രാധാകൃഷ്ണന്റെയും ചേരിമാറ്റത്തിന്റെ പേരിൽ എ ഗ്രൂപ്പിൽനിന്ന് പിടിച്ചെടുത്തത് 48 ബ്ലോക്ക് പ്രസിഡന്റ് പദമാണത്രെ. പട്ടികജാതി- സ്ത്രീ സംവരണം പറഞ്ഞിട്ട് ഒരിടത്തും പരിഗണിച്ചില്ല. പട്ടിക വിഭാഗങ്ങളെ പാടെ അവഗണിച്ചു. വനിത സംവരണം മിക്കവാറും ജില്ലകളിൽ പാലിച്ചിട്ടില്ല.
ഉമ്മൻ ചാണ്ടി മുഖ്യധാരയിൽനിന്ന് മാറിനിൽക്കേണ്ടി വന്ന സാഹചര്യം സുധാകരനും സതീശനും മുതലെടുക്കുകയായിരുന്നെന്നാണ് എ വിഭാഗം നേതാക്കളുടെ വികാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.