പുനഃസംഘടന: നിലപാടിലുറച്ച് സുധാകരൻ; പാർട്ടി അധ്യക്ഷയെ കാണും
text_fieldsതിരുവനന്തപുരം: എല്ലാവരെയും ഉൾക്കൊണ്ടുള്ള പാർട്ടി പുനഃസംഘടനയെന്ന നിലപാടിൽ ഉറച്ചുനിൽക്കാനും ആവശ്യമെങ്കിൽ ഇക്കാര്യം പാർട്ടി അധ്യക്ഷ ഉൾപ്പെടെയുള്ളവരെ നേരിൽ അറിയിക്കാനുമുള്ള തയാറെടുപ്പിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. ഏതാനും എം.പിമാരുടെ പരാതിയുടെ മറവിൽ പുതിയ ഡി.സി.സി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും പ്രഖ്യാപനം ഹൈകമാൻഡ് അവസാനനിമിഷം മരവിപ്പിച്ച സാഹചര്യത്തിലാണ് ഈ നീക്കം.
അതേസമയം, സുധാകരൻ അനുനയത്തിന് വഴങ്ങുന്നില്ലെങ്കിൽ പുനഃസംഘടന കഴിയുന്നത്ര വൈകിപ്പിച്ച് സംഘടന തെരഞ്ഞെടുപ്പിലൂടെയോ അതിനുമുമ്പ് അദ്ദേഹം സ്ഥാനമൊഴിഞ്ഞാൽ പകരക്കാരനെ നിയമിച്ചോ തിരിച്ചടി നൽകാനുള്ള ഒരുക്കത്തിലാണ് വി.ഡി. സതീശൻ-കെ.സി. വേണുഗോപാൽ അച്ചുതണ്ട്. ഒരുവശത്ത് പ്രശ്നപരിഹാരത്തിന് തിരക്കിട്ട ശ്രമങ്ങൾ നടക്കുമ്പോൾ തന്നെയാണ് ഇരുകൂട്ടരും മറുവഴികൾ തേടുന്നത്.
പുനഃസംഘടനയുമായി ബന്ധപ്പെട്ട് സംസ്ഥാന കോൺഗ്രസിൽ ഉടലെടുത്ത പ്രതിസന്ധി എത്രയുംവേഗം പരിഹരിക്കണമെന്നാണ് മുതിർന്ന നേതാക്കൾ ഉൾപ്പെടെ ആവശ്യപ്പെടുന്നത്. അതിന്റെ ഭാഗമായി സതീശനും സുധാകരനും ഉടൻ കൂടിക്കാഴ്ച നടത്തുമെന്നും അറിയുന്നു. തർക്കം പരിഹരിക്കാനുള്ള സന്നദ്ധത സുധാകരൻ പ്രകടിപ്പിക്കുമ്പോഴും പുനഃസംഘടന ഒഴിവാക്കാനാകില്ലെന്ന ശക്തമായ നിലപാടിലാണ് അദ്ദേഹം. ഡി.സി.സി ഭാരവാഹികളുടെ എണ്ണത്തിൽ നേരിയ വർധന അംഗീകരിക്കാനും കെ.പി.സി.സി തയാറാക്കിയ അന്തിമ കരട്പട്ടികയിൽ ചില വിട്ടുവീഴ്ചകൾക്കും സുധാകരൻ ഒരുക്കമാണ്.
എന്നാൽ, പുനഃസംഘടനയിൽ ആരുടെയും അമിത താൽപര്യങ്ങൾക്ക് വഴങ്ങാനാകില്ലെന്ന നിലപാടിൽ അദ്ദേഹം ഉറച്ചുനിൽക്കുകയാണ്. പാർട്ടിയെ കൈപ്പിടിയില്‍ ഒതുക്കുകയെന്ന ലക്ഷ്യത്തോടെയുള്ള കെ.സി. വേണുഗോപാലിന്റെ നീക്കങ്ങൾക്ക് വഴങ്ങാനില്ലെന്ന സൂചനകളാണ് ഇതിലൂടെ അദ്ദേഹം നൽകുന്നത്. പട്ടിക പ്രഖ്യാപനം മരവിപ്പിക്കാൻ തിങ്കളാഴ്ച രാത്രി വൈകി നിർദേശം വന്നതോടെ കടുത്ത അമർഷത്തിലായ സുധാകരൻ ഈ നിലയിൽ കെ.പി.സി.സി അധ്യക്ഷനായി തുടരുന്നതിൽ അർഥമില്ലെന്ന നിലപാട് ഹൈകമാൻഡിനെ അറിയിച്ചു. അടുത്തദിവസം കെ.പി.സി.സി ആസ്ഥാനത്തേക്ക് വരാനും കൂട്ടാക്കിയില്ല. ബുധനാഴ്ച പാർട്ടി ആസ്ഥാനത്തെത്തിയ അദ്ദേഹം സഹഭാരവാഹികൾ ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തി.
പുനഃസംഘടന നിർത്തിവെക്കണമെന്നല്ല, എം.പിമാർ ഉൾപ്പെടെ ചിലർ ഉന്നയിച്ച പരാതികൾ കേൾക്കണമെന്നാണ് ഹൈകമാൻഡ് നിർദേശിച്ചതെന്നും ഡി.സി.സി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും നിയമനങ്ങൾ കെ.പി.സി.സി പ്രസിഡന്റിന്റെ വിവേചനാധികാരമാണെന്നും സുധാകരൻ ചൂണ്ടിക്കാട്ടിയതായി അറിയുന്നു.
പരാതിപ്പെട്ടത് നാല് എം.പിമാർ
തിരുവനന്തപുരം: പുനഃസംഘടന സംബന്ധിച്ച് എം.കെ. രാഘവൻ, ടി.എൻ. പ്രതാപൻ, ബെന്നി ബെഹനാൻ, ഹൈബി ഈഡൻ എന്നീ എം.പിമാരാണ് ഹൈകമാൻഡിനെ സമീപിച്ചതെന്ന് വിവരമുണ്ട്. ഇവരിൽ ബെന്നി ബെഹനാൻ ഒഴികെയുള്ളവർ കെ.സി. വേണുഗോപാലുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവരാണ്. അതിനാൽ അവരുടെ നീക്കം ദുരുദ്ദേശ്യത്തോടെയാണെന്ന് സുധാകരപക്ഷം സംശയിക്കുന്നു. മറിച്ചായിരുന്നെങ്കിൽ അവർ ആദ്യം കെ.പി.സി.സിയെയാണ് പരാതി അറിയിക്കേണ്ടിയിരുന്നതെന്നും സുധാകരൻ അനുകൂലികൾ ചൂണ്ടിക്കാട്ടുന്നു.
പരാതി ഇതുവരെ കെ.പി.സി.സിക്ക് കൈമാറിയിട്ടില്ലാത്തതിനാൽ അതിന്റെ സ്വഭാവം എന്താണെന്ന് മനസ്സിലാക്കാൻ സാധിച്ചിട്ടില്ലെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം. കൂടുതൽ തര്‍ക്കങ്ങളിലേക്ക് പോകാതെ പുനഃസംഘടന എത്രയും വേഗം തീര്‍ക്കണമെന്ന അഭിപ്രായമാണ് പാര്‍ട്ടിയിലെ നിഷ്പക്ഷ നേതാക്കൾക്കും പ്രവര്‍ത്തകർക്കുമുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.