കോൺഗ്രസ് ‘സമരാഗ്‌നി’ക്ക് ഉജ്ജ്വല സമാപനം; സദസ്സിനെ ഇളക്കിമറിച്ച് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
text_fieldsതിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണത്തിനെതിരെ കെ.പി.സി.സി സംഘടിപ്പിച്ച ജനകീയ പ്രക്ഷോഭയാത്ര ‘സമരാഗ്‌നി’ക്ക് പുത്തരിക്കണ്ടം മൈതാനിയിലെ ഉമ്മന്‍ ചാണ്ടി നഗറില്‍ ഉജ്ജ്വല സമാപനം. സമാപന സമ്മേളന വേദിയിലേക്ക് മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ നടന്ന ജാഥ കോൺഗ്രസിന്‍റെ സംഘടനാശക്തി വിളിച്ചോതുന്നതായി. വനിതകളടക്കമുള്ള പ്രവർത്തകർ അണിനിരന്നു.
നാടൻ കലാരൂപങ്ങളും ചെണ്ടമേളങ്ങളും അണിനിരന്ന ജാഥയിൽ ബാൻഡ് മേളവും റോളർ സ്കേറ്റർമാരും ആവേശം വിതറി. സേവാദൾ, യൂത്ത് കോൺഗ്രസ്, കെ.എസ്.യു, എൻ.ജി.ഒ അസോസിയേഷൻ പ്രവർത്തകരും പങ്കാളികളായി. സമ്മേളനത്തിൽ ഉദ്ഘാടകനായെത്തിയ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി സദസ്സിനെ ഇളക്കിമറിച്ചു.
തെലുങ്കുഗാനവും അദ്ദേഹത്തിന്‍റെ സമരപോരാട്ടങ്ങളുടെ ദൃശ്യങ്ങളും സ്ക്രീനുകളിൽ പ്രദർശിപ്പിച്ചായിരുന്നു ഉദ്ഘാടകന്‍ വരവേൽപ് നൽകിയത്. ലോക്സഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, കേരളത്തിലെ എല്ലാ സീറ്റും യു.ഡി.എഫ് നേടണമെന്ന് ആഹ്വാനം നൽകിയും സംസ്ഥാന സർക്കാറിനെ രൂക്ഷമായി വിമർശിച്ചുമായിരുന്നു രേവന്ത് റെഡ്ഡിയുടെ പ്രസംഗം.
യുവ നേതാവായ സച്ചിൻ പൈലറ്റും കേരളത്തിലെ കോൺഗ്രസ് പ്രവർത്തനത്തെ പ്രശംസിച്ചാണ് സംസാരിച്ചത്. ഇടതു സർക്കാറിനെയും സച്ചിൻ വിമർശിച്ചു.
സമരാഗ്‌നിയുടെ ഭാഗമായ ജനകീയ ചര്‍ച്ച സദസ്സില്‍ ജനങ്ങള്‍ സമര്‍പ്പിച്ച പരാതികളില്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ നടത്താന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. പരാതികളില്‍ നിയമസഭയില്‍ അവതരിപ്പിക്കേണ്ടതും കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിക്കേണ്ടതും പ്രക്ഷോഭം ആരംഭിക്കേണ്ടതുമായ വിഷയങ്ങള്‍ തരംതിരിച്ച് പരിശോധിക്കും.
ലഭിച്ച പരാതികളില്‍ തുടര്‍പ്രവര്‍ത്തനം നടത്താന്‍ ജില്ലകളില്‍ പ്രത്യേക സംവിധാനമേര്‍പ്പെടുത്തും. ജനങ്ങളില്‍നിന്ന് ലഭിച്ച പ്രധാന നിർദേശങ്ങള്‍ യു.ഡി.എഫ് പ്രകടന പത്രികയിലുള്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. സമരാഗ്‌നിയുടെ ഭാഗമായി 30ലധികം പൊതുസമ്മേളനങ്ങളാണ് സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.