കളമശ്ശേരിയിൽ ഇബ്രാഹിംകുഞ്ഞ് പറ്റില്ലെന്ന് കോൺഗ്രസ്; ലീഗിൽ പ്രതിസന്ധി
text_fieldsകൊച്ചി: കളമശ്ശേരി മണ്ഡലത്തിൽ വീണ്ടും വി.കെ. ഇബ്രാഹിംകുഞ്ഞ് മത്സരിക്കുന്നതിൽ എതിർപ്പുമായി കോൺഗ്രസ്.
പാലാരിവട്ടം പാലം നിർമാണ അഴിമതി കേസിൽ വിജിലൻസ് കേസിൽ ഉൾപ്പെട്ട അദ്ദേഹം മത്സരിക്കുന്നത് മറ്റ് മണ്ഡലങ്ങളിൽ യു.ഡി.എഫ് സ്ഥാനാർഥികളുടെ വിജയസാധ്യതക്ക് മങ്ങലേൽപ്പിക്കുമെന്നാണ് വാദം.
അതേസമയം, കളമശ്ശേരിയിൽ മുസ്ലിം ലീഗ് നടത്തിയ സർവേയിൽ ഇബ്രാഹിം കുഞ്ഞിനാണ് വിജയസാധ്യതയെന്ന് വിലയിരുത്തിയിട്ടുണ്ട്.
പാലാരിവട്ടം അഴിമതിക്കേസ് സംസ്ഥാനതലത്തിൽ തന്നെ പ്രചാരണ വിഷയമായി എൽ.ഡി.എഫ് ഉയർത്തുന്നതിന് ഇബ്രാഹിം കുഞ്ഞിെൻറ സ്ഥാനാർഥിത്വം വഴിതെളിക്കുമെന്ന് കോൺഗ്രസ് ജില്ല നേതൃത്വം വിമർശനം ഉന്നയിച്ചു.
ബാർ കോഴ കേസ് ഉയർത്തി കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറയിൽ കെ. ബാബുവിനെതിരെ നടത്തിയ പ്രചാരണം എൽ.ഡി.എഫിന് തുണയായത് ചൂണ്ടിക്കാട്ടുന്നു.
കളമശ്ശേരിയിൽ ഇബ്രാഹിംകുഞ്ഞിെൻറ വ്യക്തിപ്രഭാവം ഇക്കുറിയും വിജയം കൊണ്ടുവന്നാലും പാലാരിവട്ടം പാലം സംസാര വിഷയമായ തൃപ്പൂണിത്തുറ, എറണാകുളം മണ്ഡലങ്ങളിൽ യു.ഡി.എഫിന് വിനയാകും. ഇബ്രാഹിംകുഞ്ഞും മകൻ വി.കെ. അബ്ദുൽ ഗഫൂറും മത്സരിക്കരുതെന്ന നിലപാടാണ് കോൺഗ്രസ് മുസ്ലിം ലീഗിന് മുന്നിൽ അവതരിപ്പിച്ചത്.
എന്നാൽ, മത്സരിക്കാൻ സന്നദ്ധനാണെന്നും കോടതി കുറ്റവാളിയെന്ന് വിധിക്കും മുമ്പ് തന്നെ മാറ്റിനിർത്താൻ പറ്റില്ലെന്നും ഇബ്രാഹിംകുഞ്ഞ് വ്യക്തമാക്കിയിട്ടുണ്ട്.
കളമശ്ശേരിയിൽ വിജയിക്കാൻ തെൻറ സ്ഥാനാർഥിത്വം ആവശ്യമാണെന്നും അദ്ദേഹം ലീഗ് നേതൃത്വത്തെ അറിയിച്ചു. ഇതോടെ ലീഗ് സംസ്ഥാന നേതൃത്വം വെട്ടിലായി. അവസാന തീരുമാനം ഇബ്രാഹിംകുഞ്ഞ് തന്നെ എടുക്കട്ടെയെന്ന നിലപാടിലാണ് നേതൃത്വം.
ഇത്തവണ മാത്രമായി ടി.എ. അഹമ്മദ് കബീറിനെ ഇബ്രാഹിംകുഞ്ഞിെൻറ കൂടി പിന്തുണയോടെ കളമശ്ശേരിയിൽ മത്സരിപ്പിക്കാനും ശ്രമങ്ങൾ നടക്കുന്നു.
അതല്ലെങ്കിൽ ഇബ്രാഹിം കുഞ്ഞിന് സമ്മതനായ മറ്റൊരാളെ ഒത്തുതീർപ്പ് സ്ഥാനാർഥിയാക്കാനും നീക്കമുണ്ട്. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ടി.എം. സലീമിെൻറ പേരാണ് അതിനായി ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.