കോൺഗ്രസ് സ്ക്രീനിങ് കമ്മിറ്റി ഇന്ന്; മാർച്ച് മൂന്നിന് ഡൽഹി ചർച്ച
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് കോൺഗ്രസിന്റെ സ്ഥാനാർഥി നിർണയത്തിനായി സ്ക്രീനിങ് കമ്മിറ്റി വ്യാഴാഴ്ച രാവിലെ നടക്കും. സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, സ്ക്രീനിങ് കമ്മിറ്റി അംഗങ്ങളായ ഹരീഷ് ചൗധരി, വിശ്വജിത് കദം, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എന്നിവർ പങ്കെടുക്കും. സ്ഥാനാർഥികൾ ആരാകണമെന്നത് സംബന്ധിച്ച് സംസ്ഥാന തലത്തിൽ നടന്ന ചർച്ചയിലെ ധാരണ കെ.പി.സി.സി പ്രസിഡന്റ് സ്ക്രീനിങ് കമ്മിറ്റിയിൽ അവതരിപ്പിക്കും. സിറ്റിങ് എം.പിമാർ തന്നെ ജനവിധി തേടട്ടേയെന്നതാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. സ്ത്രീനിങ് കമ്മിറ്റി യോഗം ഇക്കാര്യം ചർച്ച ചെയ്ത് സ്ഥാനാർഥികളുടെ സാധ്യതാ പട്ടിക എ.ഐ.സി.സിക്ക് കൈമാറും. മാർച്ച് മൂന്നിന് ഡൽഹിയിൽ ഹൈകമാൻഡ് പ്രതിനിധികൾ കേരള നേതാക്കളെ ചർച്ചക്ക് വിളിച്ചിട്ടുണ്ട്.
കാര്യമായ തർക്കങ്ങളില്ലെങ്കിൽ കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടിക പ്രഖ്യാപനം അടുത്ത ആഴ്ചയോടെ ഡൽഹിയിൽനിന്നുണ്ടാകും. കോൺഗ്രസിനായി കേരളത്തിൽ തന്ത്രമൊരുക്കുന്നതിൽ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗേലുവിന്റെ സംഘവും രംഗത്തുണ്ട്. സ്ഥാനാർഥികളും വിജയസാധ്യതയും സംബന്ധിച്ച് കനഗേലുവിന്റെ സംഘം വിവിധ ഘട്ടങ്ങളിൽ നടത്തിയ സർവേകളും പഠന റിപ്പോർട്ടുകളും എ.ഐ.സി.സിക്ക് മുന്നിലുണ്ട്. ഇവ കൂടി പരിഗണിച്ചാകും തീരുമാനം. സിറ്റിങ് എം.പിമാരിൽ മിക്കവരും മത്സരരംഗത്തുണ്ടാകുമെന്ന് തന്നെയാണ് വിവരം. കെ.പി.സി.സി പ്രസിഡന്റ് ആയതിനാൽ മത്സരിക്കാനില്ലെന്ന് കെ. സുധാകരൻ പ്രഖ്യാപിച്ചിരുന്നു. സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജനെ രംഗത്തിറക്കിയേതാടെ നേരിടാൻ തലപ്പൊക്കമുള്ള മറ്റൊരു പേരില്ലെന്നതാണ് ചർച്ച വീണ്ടും സുധാകരനിലേക്ക് എത്തിച്ചത്.
കനഗേലുവിന്റെ സർവേയിൽ ചില എം.പിമാരുടെ പ്രകടനം തൃപ്തികരമല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. മന്ത്രിയെയും എം.എൽ.എമാരെയും രംഗത്തിറക്കിയ സി.പി.എം പത്രിക പുറത്തുവന്നതോടെ ചില സീറ്റുകളിൽ മാറ്റം വേണമെന്ന ആലോചന കോൺഗ്രസിലുണ്ട്. മുസ്ലിം പ്രാതിനിധ്യം സംബന്ധിച്ച ചോദ്യവും കോൺഗ്രസ് നേതൃത്വത്തിന് മുന്നിലുണ്ട്. വയനാട്ടിൽ രാഹുൽ ഗാന്ധി ഇല്ലെങ്കിൽ ഒരു മുസ്ലിം സ്ഥാനാർഥിക്കാണ് സാധ്യത. രാഹുൽതന്നെയെങ്കിൽ മുസ്ലിം പ്രാധിനിധ്യത്തിനായി ആലപ്പുഴയിലാകും സമ്മർദമുയരുക. യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ ഉൾപ്പെടെ പേരുകൾ പറഞ്ഞുകേൾക്കുന്നുണ്ട്. അതേസമയം, ആലപ്പുഴ തിരിച്ചുപിടിക്കാൻ കെ.സി. വേണുഗോപാൽതന്നെ വരണമെന്ന ആവശ്യവും പാർട്ടിയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.