കൈതോലപ്പായയിൽ പുതിയ പോർമുഖം തുറന്ന് പ്രതിപക്ഷം
text_fieldsതിരുവനന്തപുരം: സാമ്പത്തിക വെളിപ്പെടുത്തലും ഭൂ മാഫിയ ബന്ധവും മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആയുധമാക്കി പ്രതിപക്ഷം പുതിയ പോർമുഖം തുറക്കുന്നു. ദേശാഭിമാനി മുൻ പത്രാധിപ സമിതി അംഗവും ഓൺലൈൻ പോർട്ടലായ ലീഡും നടത്തിയ വെളിപ്പെടുത്തലുകളാണ് പ്രതിപക്ഷ പോരാട്ടത്തിന് കരുത്താവുന്നത്.
തിരുവനന്തപുരം മുതൽ ടൈം സ്ക്വയർ വരെ അറിയപ്പെടുന്ന നേതാവ് കൈതോലപ്പായയിൽ പൊതിഞ്ഞ് 2.35 കോടി രൂപ കൊച്ചിയിൽനിന്ന് തിരുവനന്തപുരത്തേക്ക് കാറിൽ കടത്തിയെന്നാണ് ദേശാഭിമാനി മുൻ പത്രാധിപ സമിതി അംഗം ജി. ശക്തിധരൻ ഫേസ്ബുക്കിൽ കുറിച്ചത്. ഈ നേതാവ് പിണറായി വിജയനാണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും വെല്ലുവിളി ഉയർത്തുന്നത്. പിണറായിയോട് അടുപ്പമുള്ളവർ കടലാസ് കമ്പനികൾ ഉപയോഗിച്ച് 1500 ഏക്കറോളം ഭൂമി വാങ്ങിക്കൂട്ടുകയും ഈ ഇടപാടുകളിൽനിന്നുള്ള 552 കോടിയോളം രൂപ വിദേശത്തേക്കു കടത്തിയെന്നുമാണ് ‘ലീഡി’ന്റെ ആരോപണം.
പണം കൊണ്ടുപോയ ഇന്നോവ കാറിൽ ഇപ്പോഴത്തെ മന്ത്രിസഭയിലെ അംഗവും ഉണ്ടായിരുന്നെന്നും ശക്തിധരൻ പറയുന്നു. പിന്നീട് കോവളത്തെ ഹോട്ടലിൽ ഈ നേതാവിന് ഒരു കോടീശ്വരൻ രണ്ട് കവറിലായി പണം കൈമാറിയെന്നും അദ്ദേഹം ആരോപിക്കുന്നു. ഇതിൽ ഒരു കവർ രാത്രി 11 ആയിട്ടും പാർട്ടി സെൻററിൽ കാത്തുനിൽക്കുകയായിരുന്ന സീനിയർ ജീവനക്കാരനെ ഏൽപ്പിച്ചു. ഇദ്ദേഹം മറ്റൊരു സ്റ്റാഫിന്റെ സാന്നിധ്യത്തിൽ എണ്ണിയപ്പോൾ 10 ലക്ഷം രൂപയുണ്ടായിരുന്നു. ഒരു കവർ നേതാവ് ഓഫിസിന്റെ എതിർവശത്തെ ഫ്ലാറ്റിലേക്ക് കൊണ്ടുപോയി. ആ കവറിലും ഇത്രതന്നെ തുകയുണ്ടായിരുന്നിരിക്കാം. കൊച്ചി കലൂരിലുള്ള തന്റെ പഴയ ഓഫിസിൽവെച്ചാണ് വൻ തോക്കുകളിൽനിന്ന് നേതാവ് വാങ്ങിയ 2.35 കോടി രൂപ കൈതോലപ്പായയിൽ പൊതിഞ്ഞത്. പണം എണ്ണാൻ താനും സഹായിച്ചു. പ്രമുഖനായ നേതാവിന്റെ മകനായ സഹപ്രവർത്തകനൊപ്പം താനും പോയാണ് രണ്ടു വലിയ കൈതോലപ്പായ വാങ്ങിയത്. തനിക്കെതിരായ സൈബർ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നേതാവിന്റെ പണമിടപാടുകൾ വെളിപ്പെടുത്തുന്നത്. സാധാരണ കള്ള് ചെത്തുകാരന്റെ കോടീശ്വരനായ മകനാണ് നേതാവ്. സൈബർ ഗുണ്ടകൾ ആക്രമണം ഉടൻ നിർത്തിയില്ലെങ്കിൽ ഇത്തരം എഴുത്തുകൾ തുടരുമെന്നും ശക്തിധരൻ മുന്നറിയിപ്പ് നൽകുന്നു.
രേഖകൾ കേന്ദ്ര ഏജൻസികൾക്ക് കൈമാറുമെന്ന് ‘ലീഡ്’ എഡിറ്റർ
ബംഗളൂരു: തമിഴ്നാട്ടിലും കേരളത്തിലുമായി 1500 ഏക്കറോളം ഭൂമി വാങ്ങിക്കൂട്ടിയ വ്യവസായി ഫാരിസ് അബൂബക്കറിന്റെ ഇടപാടുകളിൽ മുഖ്യമന്ത്രി പിണറായി വിജയന് ബന്ധമുണ്ടെന്ന തന്റെ റിപ്പോർട്ട് പുറത്തുവന്ന ശേഷം കേന്ദ്ര അന്വേഷണ ഏജൻസി ബന്ധപ്പെട്ടതായി ‘ലീഡ്’ എഡിറ്റര്‍ സന്ധ്യ രവിശങ്കർ. അന്വേഷണവുമായി സഹകരിക്കുമെന്നും രേഖകൾ കൈമാറുമെന്നും സന്ധ്യ രവിശങ്കർ ബംഗളൂരുവിൽ മാധ്യമങ്ങളോട് പറഞ്ഞു.
തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും ഉള്‍പ്പെടുന്ന 1500 ഏക്കറോളം ഭൂമി ഫാരിസ് അബൂബക്കർ വാങ്ങിക്കൂട്ടിയുണ്ട്. കടലാസ് കമ്പനികള്‍ രൂപവത്കരിച്ചായിരുന്നു ഇത്. ഭൂമി പിന്നീട് ശോഭാ ഡെവലപ്പേഴ്സുമായി ബന്ധമുള്ള മറ്റൊരു കമ്പനിക്ക് വിറ്റു. 2005നും 2009നും ഇടയില്‍ ഈ സംസ്ഥാനങ്ങളിൽ ഫാരിസ് അബൂബക്കര്‍ നടത്തിയ ഭൂമി ഇടപാടുകളുടെ രേഖകളുമുണ്ട്. ഇടപാടിൽ സംശയാസ്പദമായ പലതും നടന്നിട്ടുണ്ടെന്നും റിപ്പോർട്ടിൽ ആരോപിക്കുന്നു. ഇക്കാര്യങ്ങൾ കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം. ഈ ഇടപാടുകളിൽനിന്നുള്ള 552 കോടി രൂപയോളം പോയത് യു.എ.ഇ, യു.എസ് രാജ്യങ്ങളിലേക്കാണ്.
നീര്‍ത്തടങ്ങളും നെല്‍വയലുകളും തരംമാറ്റാന്‍ ഫാരിസ് അബൂബക്കർ തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചിട്ടുണ്ട്. സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോൾതന്നെ പിണറായിയുമായി ഉണ്ടാക്കിയ ബന്ധം ഫാരിസ് ഇതിനായി ഉപയോഗിച്ചതായും തണ്ണീര്‍ത്തട സംരക്ഷണ നിയമം അട്ടിമറിച്ചതായും സന്ധ്യ പറഞ്ഞു.
അന്വേഷിക്കണമെന്ന് ഡി.ജി.പിക്ക് പരാതി
കൊച്ചി: സി.പി.എം ഉന്നത നേതാവ് രണ്ടുകോടിയിലേറെ രൂപ കൈതോലപ്പായയിൽ കെട്ടി കാറിൽ കടത്തിയെന്നും മറ്റൊരു വ്യവസായിയിൽനിന്ന് 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നുമുള്ള മാധ്യമ പ്രവർത്തകനും ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്ററുമായ ജി. ശക്തിധരന്റെ വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ബെന്നി ബഹനാൻ എം.പി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. ആരോപണം അതീവ ഗൗരവമുള്ളതാണെന്നും ശക്തിധരനിൽനിന്ന് ഉടൻ മൊഴിയെടുക്കണമെന്നും അദ്ദേഹത്തിന് പൊലീസ് സംരക്ഷണം നൽകണമെന്നും ബെന്നി ബഹനാൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.