പിന്തുണ നിരസിച്ചത് കോൺഗ്രസ് വിശദീകരിക്കണം -എസ്.ഡി.പി.ഐ
text_fieldsബി.ജെ.പി ഉയർത്തുന്ന രാഷ്ട്രീയത്തെ ജനാധിപത്യപരമായി നേരിടുന്നതിനാൽ അവർ കുപ്രചാരണങ്ങൾ നടത്തുക സ്വാഭാവികം. തങ്ങളുടെ പിന്തുണ നിരസിക്കുന്നുണ്ടെങ്കിൽ അതിന്റെ യുക്തിയും ന്യായവുമൊക്കെ കോൺഗ്രസാണ് വിശദീകരിക്കേണ്ടത്
കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിൽ പാർട്ടി പിന്തുണ എന്ത് ബോധത്തിന്റെ അടിസ്ഥാനത്തിലാണ് നിരസിച്ചതെന്ന് കോൺഗ്രസ് വിശദീകരിക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി. പിന്തുണ നിരസിച്ച സാഹചര്യത്തിൽ എന്തു നിലപാട് സ്വീകരിക്കണമെന്നതു സംബന്ധിച്ച് ഉടൻ ചേരുന്ന സംസ്ഥാന പ്രവർത്തക സമിതി തീരുമാനിക്കുമെന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു.
• എസ്.ഡി.പി.ഐ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചത് ഏത് സാഹചര്യത്തിലാണ്
= പാർട്ടി വളരെ ആലോചിച്ചെടുത്ത തീരുമാനമാണത്. നിലവിലെ സാഹചര്യത്തിൽ ഇങ്ങനെയല്ലാതെ നിലപാട് സ്വീകരിക്കാൻ പാർട്ടിക്ക് കഴിയുമായിരുന്നില്ല. പാർട്ടിക്കുള്ളിൽ നിരവധി തവണ ചർച്ചചെയ്താണ് അത്തരമൊരു തീരുമാനത്തിൽ എത്തിയത്.
• യു.ഡി.എഫ് നേതാക്കളുമായി ചർച്ച നടത്തിയാണ് പിന്തുണ പ്രഖ്യാപിച്ചതെന്ന് മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയും ആരോപിക്കുന്നുണ്ടല്ലോ
=രാഷ്ട്രീയ ധാർമികതയില്ലാത്ത ആരോപണം എന്ന് മാത്രമേ ഇതുസംബന്ധിച്ച് പറയാനുള്ളൂ. വോട്ട് മറ്റുള്ളവരോട് ആലോചിച്ച് തീരുമാനിക്കേണ്ട കാര്യമല്ല; രഷ്ട്രീയ നിലപാടിൽനിന്ന് രൂപപ്പെടേണ്ടതാണ്. അത് മനഃസാക്ഷി സൃഷ്ടിക്കുന്നതാണെന്നും മനസ്സിലാക്കാവുന്നതേയുള്ളൂ.
• പിന്തുണ യു.ഡി.എഫ് നിരസിച്ചതിനെ എങ്ങനെ കാണുന്നു
=കോൺഗ്രസിനോട് ചോദിച്ച് പിന്തുണ പ്രഖ്യാപിച്ചാലല്ലേ അവർ നിരസിക്കേണ്ടതുള്ളൂ. ഇതിനെക്കുറിച്ച് മറ്റാരെക്കാളും ബോധമുണ്ടാകേണ്ടത് കോൺഗ്രസിനായിരുന്നു. രാജ്യത്തെ ഭരണഘടനയിലും നീതിന്യായ വ്യവസ്ഥയിലും പാർലമെന്ററി സംവിധാനത്തിലും വിശ്വസിക്കുന്നവരാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിലപാട് പറയുക. അത്തരമൊരു രാഷ്ട്രീയ നിലപാടിനെ അംഗീകരിക്കാത്തവരുടെ രാഷ്ട്രീയ അസ്തിത്വമെന്താണ്? ഇന്ത്യയിലെ പൗരന്മാരെന്ന നിലയിലാണ് വോട്ട് രേഖപ്പെടുത്തുന്നത്. ഈ രാഷ്ട്രീയബോധത്തെ നിഷേധിക്കുന്നവരുടെ രാഷ്ട്രീയ ബോധമെന്താണെന്ന് സമൂഹം വിലയിരുത്തട്ടെ.
• കേരളത്തിൽ എസ്.ഡി.പി.ഐ പിന്തുണ നൽകിയാൽ ഉത്തരേന്ത്യയിൽ അത് ബി.ജെ.പി പ്രചാരണായുധമാക്കുമെന്ന കാര്യം തീരുമാനമെടുക്കുമ്പോൾ ആലോചിച്ചിരുന്നോ
=അങ്ങനെ ആലോചിക്കേണ്ട കാര്യം ഞങ്ങൾക്കില്ല. അത് ഞങ്ങൾ ചർച്ച ചെയ്തിട്ടുമില്ല. ഉത്തർപ്രദേശിലെ ജില്ല പഞ്ചായത്തിൽ ഉൾപ്പെടെ അംഗങ്ങളുള്ള രാഷ്ട്രീയ പാർട്ടിയാണ് ഞങ്ങൾ. കൊല്ലം കോർപറേഷനിൽ ഉൾപ്പെടെ ആയിരത്തിൽപരം ത്രിതല പഞ്ചായത്തുകളിൽ ഞങ്ങൾക്ക് അംഗങ്ങളുണ്ട്. ബി.ജെ.പി ഉയർത്തുന്ന രാഷ്ട്രീയത്തെ ജനാധിപത്യപരമായി നേരിടുന്നതിനാൽ അവർ കുപ്രചാരണങ്ങൾ നടത്തുക സ്വാഭാവികം. തങ്ങളുടെ പിന്തുണ നിരസിക്കുന്നുണ്ടെങ്കിൽ അതിന്റെ യുക്തിയും ന്യായവുമൊക്കെ കോൺഗ്രസാണ് വിശദീകരിക്കേണ്ടത്.
• കേരളത്തിൽ മാത്രമാണോ പാർട്ടി സ്ഥാനാർഥികളെ നിർത്താത്തത്
= കേരളത്തിൽ സ്ഥാനാർഥികളെ നിർത്തേണ്ടതില്ലെന്നാണ് നിലവിലെ തീരുമാനം. ദേശീയതലത്തിൽ പാർട്ടി 20ഓളം മണ്ഡലങ്ങളിൽ മത്സരിക്കുന്നുണ്ട്. തമിഴ്നാട്ടിലെ ദിണ്ഡികൽ മണ്ഡലത്തിൽ എ.ഐ.ഡി.എം.കെയുടെ സഖ്യകക്ഷിയായി തമിഴ്നാട് സംസ്ഥാന പ്രസിഡന്റും മത്സരിക്കുന്നുണ്ട്.
• യു.ഡി.എഫ് പിന്തുണ നിരസിച്ച സാഹചര്യത്തിൽ പാർട്ടിയുടെ അടുത്ത നിലപാട് എന്താകും
=ധിറുതിപ്പെട്ട് ഒരു തീരുമാനമെടുക്കേണ്ട പ്രതിസന്ധിയൊന്നും പാർട്ടിക്ക് മുന്നിലില്ല. രണ്ടു ദിവസങ്ങൾക്കകം പാർട്ടി സംസ്ഥാന പ്രവർത്തക സമിതി യോഗം ചേർന്ന് ചർച്ചചെയ്ത് നിലപാട് സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.