'പാലക്കാട് സീറ്റിൽ കോൺഗ്രസ് റോബർട്ട് വദ്രയെ മത്സരിപ്പിക്കണം'; പരിഹസിച്ച് കെ.സുരേന്ദ്രൻ
text_fieldsതിരുവനന്തപുരം: രാഹുൽ ഗാന്ധി വയനാട് മണ്ഡലം ഒഴിയുന്നതിനെ പരിഹസിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് നിയമസഭ മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്രയെ കൂടി മത്സരിപ്പിച്ചാൽ കോൺഗ്രസിന്റെ കേരളത്തിലെ കുടുംബാധിപത്യം പൂർണമാകുമെന്ന് സുരേന്ദ്രൻ പറഞ്ഞു.
വയനാട് കുടുംബം പോലെയാണെന്ന് രാഹുൽ പറഞ്ഞതിന്റെ പൊരുൾ ഇപ്പോഴാണ് മനസ്സിലായത്. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് പോലും പാർട്ടിയിൽ വലിയ റോളില്ലെന്നും അവിടെ ഒരു കുടുംബമാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. വയനാട് ബി.ജെ.പി സ്ഥാനാർഥിയായി ആര് മത്സരിക്കണമെന്ന് ദേശീയനേതൃത്വം തീരുമാനിക്കും. തന്റെ സ്ഥാനാർഥിത്വത്തിലും ദേശീയനേതൃത്വമാണ് തീരുമാനമെടുക്കേണ്ടതെന്നും കെ.സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം വയനാട് ലോക്സഭ മണ്ഡലം ഒഴിയുകയാണെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. 2019ൽ യു.പിയിലെ അമേത്തിയിലും വയനാട്ടിലുമായിരുന്നു രാഹുൽ മത്സരിച്ചത്. എന്നാൽ, അമേത്തിയിൽ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയോട് തോറ്റതോടെ വയനാട് രാഹുലിന്‍റെ തട്ടകമായി. ഇത്തവണ വയനാട്ടിൽ നിന്ന് രാജിവെക്കുമ്പോൾ പകരം ആരാവും എന്നത് ഏവരും ആകാംക്ഷയോടെ കാത്തിരുന്ന കാര്യമായിരുന്നു. രാഹുലിനെ പോലെ ജനപ്രിയനായ നേതാവ് വൻ ഭൂരിപക്ഷത്തിൽ ജയിക്കുന്ന മണ്ഡലത്തിൽ നേതാക്കളുടെയും പ്രവർത്തകരുടെയും പ്രതീക്ഷകൾ കാത്തുസൂക്ഷിക്കുന്ന ഒരു സ്ഥാനാർഥിയെ തന്നെ നിർത്തുക അനിവാര്യതയായിരുന്നു. ഇതിന് പിന്നാലെയാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന തീരുമാനമുണ്ടായത്.
കെ. മുരളീധരൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ പേര് ഒരു ഘട്ടത്തിൽ ചർച്ചയിൽ വന്നിരുന്നു. തൃശൂരിലേറ്റ തോൽവിക്ക് പിന്നാലെ പാർട്ടിയെ തന്നെ പഴിച്ച് മുരളീധരൻ രംഗത്തുവന്നതോടെ, അദ്ദേഹത്തെ അനുനയിപ്പിക്കാനായി വയനാട്ടിൽ മത്സരിപ്പിക്കുമെന്നായിരുന്നു അഭ്യൂഹങ്ങൾ. എന്നാൽ, തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു പ്രിയങ്കയെ സ്ഥാനാർഥിയാക്കിയത്. വയനാട്ടിനും റായ്ബറേലിക്കും ഒരുപോലെ സന്തോഷം നൽകുമെന്ന് നേരത്തെ രാഹുൽ പറഞ്ഞെങ്കിലും തെരഞ്ഞെടുപ്പിൽ മത്സരിക്കാതിരുന്ന പ്രിയങ്ക തന്നെ വയനാട്ടിലെത്തുമെന്ന് പ്രതീക്ഷകളുണ്ടായിരുന്നില്ല.
യു.ഡി.എഫിന്‍റെ സുരക്ഷിത മണ്ഡലമായ വയനാട്ടിൽ 2009ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് എം.ഐ. ഷാനവാസ് 1,53,439 വോട്ടിനാണ് വിജയിച്ചിരുന്നത്. എന്നാൽ, 2014ൽ ഷാനവാസിന്‍റെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു. സി.പി.ഐയുടെ സത്യൻ മൊകേരിക്കെതിരെ 20,870 വോട്ടിനാണ് ഷാനവാസ് വിജയിച്ചത്. 2019ൽ രാഹുൽ ഗാന്ധി എത്തിയതോടെ ചിത്രം മാറി. 4,31,770 വോട്ടിന്‍റെ വൻ ഭൂരിപക്ഷത്തിൽ സി.പി.ഐ നേതാവ് പി.പി. സുനീറിനെ രാഹുൽ പരാജയപ്പെടുത്തി. രാഹുൽ തരംഗം ആഞ്ഞടിച്ച തെരഞ്ഞെടുപ്പിൽ കേരളത്തിലെ 20ൽ 19 സീറ്റും യു.ഡി.എഫ് നേടി. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സി.പി.ഐ ദേശീയ നേതാവ് ആനി രാജയെയാണ് രാഹുലിനെ നേരിടാൻ ഇറക്കിയത്. രാഹുലിന്‍റെ ഭൂരിപക്ഷത്തിൽ ഇത്തവണ 67,000 വോട്ടിന്‍റെ കുറവുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.