കോൺഗ്രസ് സാമ്പത്തിക നയങ്ങൾ തിരുത്തണം -വി.എം. സുധീരൻ
text_fieldsകൊച്ചി: കോൺഗ്രസ് സാമ്പത്തിക നയങ്ങളിൽ കാതലായ മാറ്റം വരുത്തണമെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. കൊച്ചിയിൽ തമ്പാൻ തോമസ് ഫൗണ്ടേഷന്റെ സോഷ്യലിസ്റ്റ് ആചാര്യ പുരസ്കാരം സോഷ്യലിസ്റ്റ് നേതാവ് ഡോ. ജി.ജി. പരേഖിന് സമ്മാനിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസിന്റെ സാമ്പത്തിക നയമാണ് തങ്ങൾ പിന്തുടരുന്നതെന്ന് അവകാശപ്പെട്ട് ബി.ജെ.പി രാജ്യത്തെ മുഴുവൻ സ്വകാര്യവത്കരിക്കുന്ന സാഹചര്യത്തിൽ അതിനെതിരായ വിപുലമായ ജനമുന്നേറ്റം രൂപപ്പെടുത്തണമെന്നും അതാണ് ഇന്ത്യയുടെ പുതിയ രാഷ്ട്രീയമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് സ്വകാര്യവത്കരണത്തിന് തുടക്കമിട്ടത് കോൺഗ്രസ് ആണെന്നതിൽ തർക്കമില്ലെന്ന് സുധീരൻ ചൂണ്ടിക്കാട്ടി. ഡോ. മൻമോഹൻ സിങ്ങിന്റെ ആത്മാർഥതയിൽ വിശ്വസിച്ചത് കൊണ്ടാകാം, അന്ന് അത് എതിർക്കപ്പെടാതെ പോയത്. എന്നാൽ, പ്രതീക്ഷിച്ച ഗുണഫലങ്ങൾ അല്ല ഉണ്ടായത്. ആ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ നയത്തിൽ തിരുത്തലുകൾ വരൂത്തിയേ മതിയാവൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ ഡോ. ജി.ജി. പരേഖിന്റെ മകൾ സൊണാൽ ഷാ 50,000 രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം തമ്പാൻ തോമസിൽനിന്ന് ഏറ്റുവാങ്ങി. മുൻ കർണാടക സംസ്കാരിക മന്ത്രി ഡോ. ലളിത നായ്ക്, ശ്രീനാരായണ സംഘം പ്രസിഡൻറ് എൻ.കെ. പ്രേമചന്ദ്രൻ, ടി.എ. അഹമ്മദ് കബീർ, ഫൗണ്ടേഷൻ പ്രസിഡന്റ് എൻ. പത്മനാഭൻ, സെക്രട്ടറി ടോമി മാത്യു, ജോസഫ് ജൂഡ്, മനോജ് സാരംഗ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.