ഫലസ്തീൻ ഐക്യദാർഢ്യ പരിപാടി വിലക്കുന്ന കോൺഗ്രസ് ഇസ്രായേലിനൊപ്പമാണ് -എം.വി. ഗോവിന്ദൻ
text_fieldsതിരുവനന്തപുരം: ഫലസ്തീൻ ഐക്യദാർഢ്യ പരിപാടി വിലക്കുന്ന കോൺഗ്രസ് ഇസ്രായേലിനൊപ്പമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സി.പി.എമ്മിന്‍റെ ഫലസ്തീൻ ഐക്യദാർഢ്യറാലിയിൽനിന്ന് മുസ്ലിംലീഗിനെ വിലക്കിയതും ആര്യാടൻ ഷൗക്കത്തിനെതിരായ നടപടിയും അതാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എമ്മിന്‍റെ ക്ഷണം ലീഗ് നിരസിച്ചിട്ടില്ല. അവർ വരാത്തതിന് കാരണം കോൺഗ്രസിന്‍റെ വിലക്കാണ്. ശശി തരൂർ പറഞ്ഞത് കോൺഗ്രസിന്‍റെ നിലപാടാണെന്ന് ഇപ്പോൾ വ്യക്തമായിരിക്കുന്നു. ഫലസ്തീൻ ജനതക്ക് വേണ്ടി രംഗത്തുവരുന്നില്ലെന്ന് മാത്രമല്ല, പരിപാടി സംഘടിപ്പിച്ച നേതാവിനെതിരെ നടപടിയെടുക്കുന്നു. ഫലസ്തീന് വേണ്ടിയുള്ള പരിപാടിയിൽനിന്ന് ഘടകകക്ഷിയെ വിലക്കുന്നു. ലോകമാകെ ഫലസ്തീന് അനുകൂലമായി ഉയർന്നുവരുന്ന സാമ്രാജ്യത്വവിരുദ്ധ വികാരത്തിനൊപ്പം നിൽക്കുന്ന മലയാളികൾ കോൺഗ്രസിന്‍റെ നിലപാടില്ലായ്മ തിരിച്ചറിയുന്നുണ്ട്.
സംസ്ഥാനത്താകെ സി.പി.എം വിപുല തോതിൽ ഫലസ്തീൻ ഐക്യദാർഢ്യ പരിപാടികൾ സംഘടിപ്പിക്കും. ഇസ്രായേൽ അനുകൂല നിലപാടിൽ അതൃപ്തിയുള്ളവർ കോൺഗ്രസിലും ലീഗിലുമുണ്ട്. അവർക്കെല്ലാം സി.പി.എം പരിപാടിയിൽ പങ്കെടുക്കാം.
സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഹമാസിനെ ഭീകരരെന്ന് വിശേഷിപ്പിച്ചത് സംബന്ധിച്ച ചോദ്യത്തിന് അവർ അങ്ങനെ പറഞ്ഞിട്ടില്ലെന്നായിരുന്നു മറുപടി. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ ഇന്ത്യയിലെത്തുന്ന നവംബർ എട്ടിന് വ്യാപകമായ ഫലസ്തീൻ ഐക്യദാർഢ്യ സദസ്സുകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.