കനഗേലുവിന്റെ സാന്നിധ്യത്തിൽ തന്ത്രം മെനഞ്ഞ് കോൺഗ്രസ്
text_fieldsതിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗേലുവിന്റെ നേതൃത്വത്തിൽ കർമപദ്ധതി തയാറാക്കി കോൺഗ്രസ്. മുഖ്യമന്ത്രിമാരും മുഴുവൻ മന്ത്രിമാരും നിയമസഭ മണ്ഡലങ്ങളിൽ പര്യടനം നടത്തുന്ന നവകേരള സദസ്സിന് ബദലായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ നേതൃത്വത്തില്‍ സംസ്ഥാന ജാഥ നടത്തും. നവംബർ-ഡിസംബർ മാസങ്ങളിൽ നടക്കുന്ന നവകേരള സദസ്സിന് തൊട്ടുപിന്നാലെ ജനുവരിയാകും സുധാകരന്റെ ജാഥ. സുനിൽ കനഗേലുവിന്റെ സാന്നിധ്യത്തിൽ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
സംസ്ഥാനത്ത് ഇതാദ്യമായാണ് കോൺഗ്രസ് പ്രഫഷനൽ ഏജൻസിയുടെ നേരിട്ടുള്ള സഹായത്തോടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ഒരുക്കുന്നത്. 2014ല്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നയിച്ച പ്രശാന്ത് കിഷോറിന്റെ സംഘത്തിൽ അംഗമായിരുന്ന സുനിൽ കനഗേലു കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനുവേണ്ടി പ്രവർത്തിച്ചു. അവിടെ നേടിയ വൻ വിജയത്തിന്റെ പശ്ചാത്തലത്തിലാണ് കേരളത്തിലും കനഗേലുവിന്റെ സഹായം തേടിയത്.
ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് അടുത്ത നാല് മാസത്തേക്കുള്ള പരിപാടികൾ സംബന്ധിച്ച നിർദേശങ്ങൾ കനഗേലു യോഗത്തിൽ അവതരിപ്പിച്ചു. ഇനിയുള്ള ദിവസങ്ങളിൽ സിറ്റിങ് എം.പിമാർ അവരുടെ മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കണമെന്ന നിർദേശമാണ് മുന്നോട്ടുവെച്ചത്. ഭൂരിഭാഗം സിറ്റിങ് എം.പിമാരും വീണ്ടും മത്സരിക്കുമെന്നതിന്റെ സൂചനയാണിത്. അതേസമയം, സ്ഥാനാർഥി പട്ടികയിൽ ‘സർപ്രൈസ്’ വേണമെന്നും നിർദേശമുണ്ട്. കനഗേലുവിന്റെ ഏജൻസി എല്ലാ മണ്ഡലങ്ങളിലെയും എം.പിമാരുടെ പ്രവർത്തനം, പ്രതികൂലവും അനുകൂലവുമായ ഘടകങ്ങൾ, സിറ്റിങ് എം.പിമാർ വീണ്ടും മത്സരിച്ചാലുള്ള വിജയസാധ്യത എന്നിവ വിശദമായി പഠിച്ചിരുന്നു. കോൺഗ്രസ് ഏറ്റെടുക്കേണ്ട വിഷയങ്ങൾ സംബന്ധിച്ചും അത് അവതരിപ്പിക്കേണ്ട രീതികളെകുറിച്ചും നേതൃത്വത്തിന് മുന്നിൽ നിർദേശം സമർപ്പിച്ചിട്ടുണ്ട്. അടിമുടി മാറ്റങ്ങളാണ് അതിലുള്ളത്. കെ.പി.സി.സി പുനഃസംഘടന വേഗത്തിൽ പൂർത്തിയാക്കുക, പാർട്ടിയിൽ ഐക്യം നിലനിർത്തുക, മണ്ഡലം കേന്ദ്രീകരിച്ച് ജനകീയ പ്രശ്നങ്ങൾ ഏറ്റെടുക്കുക തുടങ്ങിയ നിർദേശങ്ങൾ ഇതിലുണ്ട്. ഇവയോട് കെ.പി.സി.സി നേതൃത്വം അനുകൂലമായാണ് പ്രതികരിച്ചത്. വ്യാഴാഴ്ച ഡി.സി.സി പ്രസിഡന്റുമാർ ഉൾപ്പെടെ പങ്കെടുക്കുന്ന യോഗം നടക്കുന്നുണ്ട്. കൂടുതൽ ചർച്ചകളും തീരുമാനങ്ങളും അവിടെയുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.