തരൂർ കൈയൊപ്പിട്ടത് ഇടത് ഇലക്ഷൻ ‘തിയറിക്ക്’: തിരുത്തിയില്ല; ഇനി കണക്കുവെച്ച് തിരിച്ചടി
text_fieldsതിരുവനന്തപുരം: ലേഖന വിവാദത്തിൽ ശശി തരൂർ തിരുത്തുമെന്ന കണക്കുകൂട്ടൽ തെറ്റിയതോടെ, കോൺഗ്രസ് കണക്കുനിരത്തി തിരിച്ചടി തുടങ്ങി. സർക്കാറിന്റെ അവകാശവാദങ്ങൾ തള്ളാനാണെന്ന ഭാവേന പ്രതിപക്ഷ നേതാവ് നടത്തിയ വാർത്തസമ്മേളനം ഫലത്തിൽ തള്ളിയത് തരൂരിനെ. തിരുത്താൻ താൻ തയാറാണെന്നും തെറ്റ് ബോധ്യപ്പെടുത്തണമെന്നുമുള്ള തരൂരിന്റെ വെല്ലുവിളിക്ക് കൂടിയായിരുന്നു സതീശന്റെ മറുപടി.
ഇടതുമുന്നണിയുടെ ‘ഇലക്ഷൻ തിയറിക്ക്’ കൈയൊപ്പ് ചാർത്തിയതിലൂടെ തരൂർ കോൺഗ്രസിനെ കടുത്ത പ്രതിരോധത്തിലേക്കാണ് വലിച്ചിട്ടത്. സംസ്ഥാനത്തെ വ്യവസായിക വികസനം സംബന്ധിച്ച ചർച്ചക്കും മാർക്കിടലിനുമല്ല, തരൂർ സൃഷ്ടിച്ച പരിക്ക് എങ്ങനെ മറികടക്കാമെന്നതിലാണ് പാർട്ടിയിലെയും മുന്നണിയിലെയും ചർച്ചകൾ. സിൽവർ ലൈൻ, വിഴിഞ്ഞം തുറമുഖം, ഹമാസ് വിഷയങ്ങളിൽ വ്യത്യസ്ത അഭിപ്രായം തുറന്നുപറഞ്ഞ് തരൂർ മുമ്പും തലവേദന സൃഷ്ടിച്ചിട്ടുണ്ടെങ്കിലും മുന്നണിയെ രാഷ്ട്രീയമായി വെട്ടിലാക്കുന്നത് ഇതാദ്യം. രണ്ട് ടേം അധികാരത്തിൽനിന്ന് പുറത്തുനിന്ന കോൺഗ്രസ് എന്തുവില കൊടുത്തും തിരിച്ചെത്താനുള്ള പോരാട്ടത്തിലാണ്. സി.പി.എമ്മാകട്ടെ, ക്ഷേമപ്രവർത്തനങ്ങളിലും വ്യവസായ സംരംഭങ്ങളിലും സൂചികകളിലും നേട്ടങ്ങളുണ്ടാക്കിയെന്ന് സ്ഥാപിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നു.
കോവിഡ് കാലത്ത് ‘മഹാമാരി’ എന്ന പരിഗണനയിൽ സർക്കാർ മുന്നോട്ടുവെച്ച പ്രവർത്തനങ്ങൾക്കെല്ലാം കോൺഗ്രസ് പിന്തുണ നൽകി. എന്നാൽ, കോവിഡ് കാലത്തെ ക്ഷേമപ്രവർത്തനങ്ങൾ രാഷ്ട്രീയ മൂലധനമാക്കി 2021ൽ ഇടതുപക്ഷം തുടർഭരണം നേടി. മഹാമാരി കാലത്തെ സഹകരണ നിലപാട് വലിയ വീഴ്ചയായെന്ന് പിന്നീട് കോൺഗ്രസ് വിലയിരുത്തി. ഈ തിരിച്ചറിവുകളുടെ പശ്ചാത്തലത്തിൽ അധികാരത്തിൽ തിരികെയെത്താൻ പടക്കിറങ്ങുമ്പോഴാണ് പാളയത്തിൽതന്നെ വെടിപൊട്ടിയത്. ‘നല്ല കാര്യം ആര് ചെയ്താലും അംഗീകരിക്കണം’ എന്ന പ്രസ്താവന പൊതുവിൽ സ്വീകാര്യമാണെങ്കിലും അത് ഏത് സാഹചര്യത്തിൽ, പറയുന്നത് ആര് എന്നതെല്ലാം പ്രസക്തമാണെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. താൻ മുഴുസമയ രാഷ്ട്രീയ പ്രവർത്തകനായി വന്നയാളല്ലെന്ന് അവകാശപ്പെടുമ്പോഴും തരൂരിന് പ്രായോഗിക രാഷ്ട്രീയത്തിൽ പിടിപ്പില്ലെന്ന് പറയാനാവില്ല. രാഷ്ട്രീയ ലക്ഷ്യത്തോടെ കേരള പര്യടനത്തിനിറങ്ങിയതും സാമുദായിക നേതാക്കളെ കണ്ടതുമടക്കം സംഭവങ്ങൾ അതിന് അപവാദമായുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.