സ്ഥാനാർഥിനിർണയം പൂർത്തീകരിക്കാനാകാതെ കോണ്‍ഗ്രസ്
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങി നാമനിർദേശപത്രിക സമര്‍പ്പണം തുടങ്ങിയിട്ടും സ്ഥാനാർഥിനിർണയം പൂർത്തീകരിക്കാനാകാതെ കോണ്‍ഗ്രസ്. ഇഷ്ടക്കാരെ സ്ഥാനാർഥിയാക്കാൻ അവസാന മണിക്കൂറിലും നേതാക്കൾ സമ്മർദം ചെലുത്തി പട്ടിക വൈകിപ്പിക്കുേമ്പാൾ താഴെത്തട്ടിൽ പ്രവർത്തകരുടെ ആശങ്കയും നെഞ്ചിടിപ്പും വർധിക്കുകയാണ്.
ഇത്തവണയും അവസാനനിമിഷം തര്‍ക്കത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നതും സ്ഥാനാർഥികളെ സംബന്ധിച്ച ഉൗഹാപോഹങ്ങളുടെ പേരിൽ ചില മണ്ഡലങ്ങളിൽ ഉയർന്നിരിക്കുന്ന പ്രതിഷേധവും അധികാരത്തിലേക്കുള്ള തിരിച്ചുവരവ് സാധ്യതക്ക് മങ്ങലേൽപിച്ചേക്കുമെന്ന സംശയം വർധിപ്പിച്ചിട്ടുണ്ട്.
പട്ടിക വൈകുംതോറും ജില്ലകളിൽ പ്രവർത്തകരുടെ പ്രതിഷേധവും ശക്തിപ്പെടുന്നു. സ്ഥാനാർഥികളെ സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് പിന്നാലെ കാസർകോട്, മലപ്പുറം, എറണാകുളം, തൃശൂർ, ഇടുക്കി ജില്ലകളിൽ പല കേന്ദ്രങ്ങളിലും പ്രവർത്തകർ തെരുവിലിറങ്ങി.
ഡി.സി.സി പ്രസിഡൻറുമാർ ഉൾപ്പെടെ മുതിർന്ന നേതാക്കൾ ഇതിനകം ശക്തമായ പ്രതിഷേധം ഉയർത്തിക്കഴിഞ്ഞു. സ്ഥാനാർഥി പട്ടിക പുറത്തുവരുേമ്പാൾ പ്രതിഷേധം കൂടുതൽ രൂക്ഷമാകുമോയെന്ന ആശങ്കയും നേതൃത്വത്തിലുണ്ട്. പാലക്കാട് ജില്ലയിൽ മുൻ എം.എൽ.എ എ.വി. ഗോപിനാഥ് ഉയർത്തിയ കലാപം പരിഹരിക്കാനും നടപടിയുണ്ടായിട്ടില്ല. പരിഗണന ലഭിക്കില്ലെന്ന സൂചന വന്നതോടെ ഐ.എന്‍.ടി.യു.സി പരസ്യമായി രംഗത്തുവന്നു. ഇക്കുറിയും തഴയപ്പെട്ടാൽ സ്വന്തം നിലയില്‍ മത്സരിക്കുമെന്ന ഭീഷണി അവര്‍ മുഴക്കി. തഴഞ്ഞെന്ന പരാതി മഹിളാ കോണ്‍ഗ്രസും ഉയർത്തുന്നുണ്ട്. സ്വന്തം ഗ്രൂപ്പിലുള്ളവർക്കായി ഡൽഹി ചർച്ചകളിൽ സംസ്ഥാന നേതാക്കൾ നടത്തുന്ന കടുംപിടിത്തമാണ് സ്ഥാനാർഥി നിര്‍ണയം പ്രതിസന്ധിയിലാക്കുന്നതെന്ന പരാതി പ്രവർത്തകർക്കിടയിൽ ശക്തമാണ്.
അതേസമയം, കെ.സി. വേണുഗോപാൽ നടത്തുന്ന ഇടപെടലാണ് സ്ഥാനാർഥി നിർണയം വൈകിപ്പിക്കുന്നതെന്ന ആക്ഷേപമാണ് സംസ്ഥാന നേതാക്കൾക്കുള്ളത്. സംസ്ഥാന നേതാക്കള്‍ മുന്നോട്ടുെവക്കുന്ന പേരുകള്‍ സർവേയുടെ പേരുപറഞ്ഞ് വേണുഗോപാൽ വെട്ടിമാറ്റാൻ നോക്കുകയാണെന്ന പരാതിയാണ് അവർക്കുള്ളത്.
സ്ഥാനാർഥി പ്രഖ്യാപനം നടത്തി പ്രചാരണവുമായി മുഖ്യ എതിരാളികൾ കുതിക്കുേമ്പാൾ കോൺഗ്രസ് പട്ടിക ഇനിയും വൈകിപ്പിച്ചാൽ തെരഞ്ഞെടുപ്പിൽ പാർട്ടിയും യു.ഡി.എഫും കനത്തവില നൽകേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.