തൃശൂർ ജില്ലയില്‍ അട്ടിമറി ജയം ഉണ്ടാവുമെന്ന് കോൺഗ്രസ്; 12 സീറ്റ് നേടുമെന്ന് സി.പി.എം
text_fieldsതൃശൂർ: തെരഞ്ഞെടുപ്പ് ഫലം അട്ടിമറി ജയത്തിേൻറതാകുമെന്ന് ജില്ല കോൺഗ്രസ് നേതൃത്വത്തിെൻറ വിലയിരുത്തൽ. ജില്ലയില്‍ 13ൽ ഒമ്പതിടത്ത് യു.ഡി.എഫ് ജയിക്കുമെന്നും മന്ത്രിമണ്ഡലവും ഇടത് ചെങ്കോട്ടയും ഇത്തവണ യു.ഡി.എഫ് പിടിച്ചെടുക്കുമെന്നും കോൺഗ്രസ് വിലയിരുത്തുന്നു.
വോട്ടെടുപ്പിന് ശേഷം മണ്ഡലങ്ങളിൽനിന്ന് ലഭിച്ച വിവരങ്ങൾ പരിശോധിച്ചാണ് ജില്ല നേതൃത്വത്തിെൻറ കണക്കുകൂട്ടൽ. 2006ൽ ബാബു പാലിശേരിയിലൂടെ ഇടത് കോട്ടയാക്കി മന്ത്രി എ.സി. മൊയ്തീൻ രണ്ടാം തവണയായി മത്സരിക്കുന്ന കുന്നംകുളവും രൂപവത്കൃത കാലം മുതൽ ചുവപ്പണിഞ്ഞ കൈപമംഗലവും കോൺഗ്രസ് പിടിച്ചെടുക്കുമെന്നാണ് അട്ടിമറിക്ക് കാരണമായി പറയുന്നത്.
മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി കുന്നംകുളത്തും കയ്പമംഗലത്തും കോൺഗ്രസ് സ്ഥാനാർഥികൾ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്നുവെന്നതുതന്നെയാണ് പ്രധാന കാരണം. രണ്ടിടത്തും പ്രബലരായ എതിരാളികളെ നേരിടാൻ അത്രതന്നെ മണ്ഡലത്തിൽ സ്വാധീനമുള്ളവരെ ഉപയോഗിച്ചതും തെരഞ്ഞെടുപ്പ് കാലങ്ങളിൽ ഉണ്ടാവുന്ന തർക്കങ്ങൾ ഇവിടങ്ങളിൽ ഉണ്ടായിരുന്നില്ലാത്തതും അനുകൂലമായി കോൺഗ്രസ് വിലയിരുത്തുന്നു.
ഒമ്പത് സീറ്റ് നേടാനാവുമെന്നാണ് വിലയിരുത്തുന്നതെന്ന് ഡി.സി.സി പ്രസിഡൻറ് എം.പി. വിൻസെൻറ് പറഞ്ഞു. അഞ്ച് മുതൽ ഒമ്പത് വരെയാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. തൃശൂര്‍ മണ്ഡലത്തിലെ ജയപരാജയം സംസ്ഥാനത്തെ ഭരണം നിർണയിക്കുന്ന ഘടകം കൂടിയാണ്. ജില്ലയില്‍ യു.ഡി.എഫിന് അഞ്ചില്‍ കൂടുതല്‍ സീറ്റ് ലഭിച്ചാല്‍ യു.ഡി.എഫ് കേരളം ഭരിക്കുമെന്നാണ് വിലയിരുത്തല്‍.
12 സീറ്റ് നേടുമെന്ന് സി.പി.എം ജില്ല സെക്രട്ടേറിയറ്റ്
തൃശൂർ: ജില്ലയിൽ 2016ന് സമാനമായ തെരഞ്ഞെടുപ്പ് ഫലം ഉണ്ടാകുമെന്ന് സി.പി.എം ജില്ല സെക്രട്ടേറിയറ്റിെൻറ വിലയിരുത്തൽ. കഴിഞ്ഞ തവണ തലനാരിഴക്ക് കൈവിട്ട വടക്കാഞ്ചേരി തിരിച്ചുപിടിക്കുമെന്നും അതേസമയം, തൃശൂരിൽ പരാജയപ്പെട്ടേക്കുമെന്നും സി.പി.എം വിലയിരുത്തുന്നു. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലേതു പോലെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സാഹചര്യമുണ്ടായാൽ പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഏരിയ കമ്മിറ്റിക്കെതിരെ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും സെക്രട്ടേറിയറ്റ് നടത്തി.
തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യത്തെ സെക്രട്ടേറിയറ്റ് യോഗമാണ് ചേർന്നത്. മണ്ഡലം കമ്മിറ്റികളിൽനിന്ന് ശേഖരിച്ച കണക്കുകളും തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടുകളും പരിശോധിച്ചു. യു.ഡി.എഫ് അട്ടിമറി വിജയമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന കുന്നംകുളത്ത് മന്ത്രി മൊയ്തീൻ 10,000 -20,000 ഇടക്കുള്ള വോട്ടിെൻറ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് കണക്ക്. കഴിഞ്ഞ തവണ 43 വോട്ടിന് കോൺഗ്രസിലെ അനിൽ അക്കര വിജയിച്ച വടക്കാഞ്ചേരിയിൽ 5000- 10,000 ഇടയിലുള്ള ഭൂരിപക്ഷത്തിന് സേവ്യർ ചിറ്റിലപ്പിള്ളി ജയിക്കും. 13ൽ 12ലും ജയിക്കുമെന്ന് വിലയിരുത്തിയ സെക്രട്ടേറിയറ്റ് തൃശൂരിലെ പ്രവർത്തനങ്ങളിൽ കടുത്ത അതൃപ്തിയും രേഖപ്പെടുത്തി. വി.എസ്. സുനിൽകുമാർ മത്സരിച്ച സാഹചര്യത്തിനനുസരിച്ച് പ്രചാരണം കാര്യക്ഷമമായില്ലെന്നാണ് വിലയിരുത്തൽ.
ലോക്സഭ തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേക്ക് പോയ അനുഭവമുള്ളതിനാൽ ഇത് കണക്കാക്കി പ്രചാരണം കാര്യക്ഷമമാക്കേണ്ടിയിരുന്നു. പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത തൃശൂർ ഏരിയ കമ്മിറ്റിക്ക് ഉത്തരവാദിത്തമുണ്ടെന്നും പരാജയത്തിനേക്കാളുപരി മൂന്നാംസ്ഥാനത്തേക്ക് ഇടത് സ്ഥാനാർഥി പിന്തള്ളപ്പെടുന്നുവെങ്കിൽ കമ്മിറ്റി പിരിച്ചുവിടുന്നതടക്കമുള്ള കടുത്ത അച്ചടക്ക നടപടി സ്വീകരിക്കേണ്ടി വരുമെന്നുമാണ് സെക്രട്ടേറിയറ്റിൽ അഭിപ്രായമുയർന്നത്. കേന്ദ്ര കമ്മിറ്റി അംഗം കെ. രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോൺ, മന്ത്രി എ.സി. മൊയ്തീൻ എന്നിവരും സെക്രട്ടേറിയറ്റിൽ പങ്കെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.