ഗാന്ധിചിത്രം തകർത്ത കോൺഗ്രസ് സവർക്കറുടെ ചിത്രത്തിനു മുന്നിൽ പ്രകാശം പരത്തുന്നു –മന്ത്രി റിയാസ്
text_fieldsതൃശൂർ: വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫിസിലെ ഗാന്ധിചിത്രം തകർത്ത പ്രവർത്തകർക്കെതിരെ നടപടിയെടുക്കാൻ കോൺഗ്രസ് നേതൃത്വം തയാറാകുന്നില്ലെന്നും ഇവരെ തോളിലേറ്റി സിന്ദാബാദ് വിളിക്കുകയാണെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ്.
കോൺഗ്രസ് നേതാക്കൾ ഒരുഭാഗത്ത് ഗാന്ധിചിത്രം തകർക്കുകയും മറുഭാഗത്ത് സവർക്കറുടെ ചിത്രത്തിനു മുന്നിൽ പ്രകാശം പരത്തുകയുമാണെന്ന് പ്രതിപക്ഷ നേതാവിനെ പരോക്ഷമായി സൂചിപ്പിച്ച് റിയാസ് പറഞ്ഞു. തൃശൂരിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷ സർക്കാറിനെ മോശമായി ചിത്രീകരിക്കാൻ മഹാത്മാ ഗാന്ധിയുടെ ചിത്രം തല്ലിപ്പൊളിക്കുന്നവരുടെ മാനസികാവസ്ഥ ദൗർഭാഗ്യകരമാണ്. ഗാന്ധിചിത്രം തകരണം, ഗാന്ധിയുടെ ആശയം തകരണം, ഗാന്ധി വിഭാവനം ചെയ്ത രാജ്യസംവിധാനങ്ങളാകെ തകരണം എന്നെല്ലാം ആഗ്രഹിക്കുന്നത് രാജ്യം ഭരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ്. അവർ ആഗ്രഹിക്കുന്നതനുസരിച്ചാണ് കോൺഗ്രസ് പ്രവർത്തിക്കുന്നത്.
ഇടതുപക്ഷ സർക്കാറിനെ തകർക്കാൻ എന്തും ചെയ്യാൻ കോൺഗ്രസ് തയാറാവുമെന്നതിന്‍റെ തെളിവാണ് വയനാട് സംഭവം. സവർക്കറുടെ പേര് മഹാത്മാ ഗാന്ധിക്കൊപ്പം സ്വാതന്ത്ര്യദിന ചടങ്ങിൽ പറഞ്ഞപ്പോൾ മതനിരപേക്ഷ ഇന്ത്യ ഞെട്ടിവിറച്ചു. കോൺഗ്രസിലെ സാധാരണ പ്രവർത്തകരും ഞെട്ടി. എന്നാൽ, കേരളത്തിലെ ഒരു കോൺഗ്രസ് നേതാവും പ്രതികരിച്ചില്ല. എല്ലാ കാര്യങ്ങളിലും ഇടപെടുന്ന പ്രതിപക്ഷ നേതാവും ഒന്നും മിണ്ടിയില്ലെന്നും റിയാസ് പറഞ്ഞു. മന്ത്രി കെ. രാജനും റിയാസിനൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.