കരുതൽ മേഖല പ്രക്ഷോഭം കോണ്‍ഗ്രസ് ഏറ്റെടുക്കും
text_fieldsതിരുവനന്തപുരം: കരുതൽ മേഖല വിഷയത്തില്‍ അലംഭാവം ഉപേക്ഷിച്ച് ജനങ്ങളുടെ ആശങ്ക അകറ്റാന്‍ സർക്കാർ തയാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ കെ.പി.സി.സി ഭാരവാഹികളുടെയും ഡി.സി.സി പ്രസിഡന്റുമാരുടെയും യോഗം തീരുമാനിച്ചതായി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണന് അറിയിച്ചു.
അശാസ്ത്രീയവും അപൂര്‍ണവുമായ ഉപഗ്രഹ സർവേ ആരെ തൃപ്തിപ്പെടുത്താനാണെന്നത് സര്‍ക്കാര്‍ വ്യക്തമാക്കണം. തട്ടിക്കൂട്ട് സർവേ നടത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് രക്ഷപ്പെടാനാണ് ശ്രമിക്കുന്നതെങ്കില്‍ കേരളീയ സമൂഹത്തെ വെല്ലുവിളിച്ച് നടപ്പാക്കാന്‍ ശ്രമിച്ച സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നേരിട്ട അനുഭവമായിരിക്കും ജനവിരുദ്ധ സര്‍ക്കാറിനെ കാത്തിരിക്കുന്നത്.
വിലക്കയറ്റം, അഴിമതി, സ്വജനപക്ഷപാതം, പൊലീസ് രാജ് തുടങ്ങി ജനദ്രോഹ ഭരണത്താല്‍ അനുദിനം ജീർണമായിക്കൊണ്ടിരിക്കുന്ന പിണറായി സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ് നടത്തുന്ന പൗരവിചാരണയുടെ മൂന്നാംഘട്ടമായി അര ലക്ഷം പേര് പങ്കെടുക്കുന്ന സെക്രേട്ടറിയറ്റ് വളയല്‍ സമരം ജനുവരി അവസാനവാരം സംഘടിപ്പിക്കും. പാർട്ടിയുടെ 138ാം ജന്മവാര്ഷിക ഭാഗമായി ഡിസംബര്‍ 28ന് മണ്ഡലം തലത്തില്‍ വിപുല മതേതര സദസ്സും ജന്മദിന റാലികളും നടത്തും.
ഭാരത് ജോഡോ യാത്രയുടെ തുടര്‍ച്ചയായി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ തലസ്ഥാനത്ത് നടക്കുന്ന മഹിളാമാര്‍ച്ച് വന്‍വിജയമാക്കാനും തീരുമാനിച്ചു. ജോഡോ യാത്രയുടെ സന്ദേശം ജനങ്ങളിലെത്തിക്കാൻ ഹാത് സെ ഹാത് ജോഡോ അഭിയാന് എന്ന പേരില്‍ ബ്ലോക്ക്-മണ്ഡലം-ബൂത്ത് തലങ്ങളില്‍ പദയാത്ര സംഘടിപ്പിക്കും. എല്‍.ഡി.എഫ് സര്‍ക്കാറിനെതിരായ സമരപരമ്പരകളുടെ തുടര്‍ച്ചയായി 1000 കേന്ദ്രങ്ങളില്‍ ജനുവരി 15നകം വിശദീകരണ പൊതുയോഗം സംഘടിപ്പിക്കും.
കർഷകരെ കുടിയിറക്കാൻ അനുവദിക്കില്ല -അനൂപ് ജേക്കബ്
കോട്ടയം: കരുതൽ മേഖല വിഷയത്തിൽ ഉപഗ്രഹ സർവേ നടത്തി തെറ്റായ റിപ്പോർട്ട് തയാറാക്കി കോടതിയിൽ സമർപ്പിക്കുന്നത് കർഷകരെ കുടിയിറക്കാനുള്ള സർക്കാറിന്റെ ദുരൂഹ നടപടികളുടെ ഭാഗമാണെന്ന് അനൂപ് ജേക്കബ് എം.എൽ.എ. കര്‍ഷകര്‍ ഉള്‍പ്പെടെ സംരക്ഷിത വനമേഖലക്കു സമീപമുള്ള ജനസമൂഹത്തെ വഞ്ചിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് മാത്രം പരിഗണിച്ച് കരുതൽ മേഖല നിശ്ചയിക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് (ജേക്കബ് ) സംസ്ഥാന കമ്മിറ്റി ആഭിമുഖ്യത്തിൽ വില വർധന പിൻവലിക്കുക, പിൻവാതിൽ നിയമനങ്ങൾ റദ്ദാക്കുക, റബറിന്റെ താങ്ങുവില 300 രൂപയാക്കുക, നാണ്യവിളകളുടെ താങ്ങുവില വർധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഗാന്ധി സ്ക്വയറിൽ നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാർട്ടി ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.