ഭരണമുള്ളിടത്ത് നികുതി കുറക്കാതെ കോൺഗ്രസ്; കേരളത്തിൽ ചക്രസ്തംഭന സമരം
text_fieldsകോഴിക്കോട്: രാജ്യത്ത് കേന്ദ്രസർക്കാർ ഇന്ധന നികുതിയിൽ കുറവ് വരുത്തിയത് കഴിഞ്ഞദിവസമാണ്. പെട്രോൾ-ഡീസൽ വില വർധനവ് റെക്കോർഡുകൾ ഭേദിച്ച് മുന്നേറിയതോടെയാണ് നടപടി. ഇതിന് പിന്നാലെ പല സംസ്ഥാനങ്ങളും മുല്യവർധിത നികുതി കുറക്കുകയും ചെയ്തു. എന്നാൽ, കേരളത്തിൽ നികുതി കുറക്കാനാവില്ലെന്ന നിലപാടാണ് ധനമന്ത്രി കെ.എൻ.ബാലഗോപാൽ സ്വീകരിച്ചത്. ഇതിനെതിരെ സംസ്ഥാന കോൺഗ്രസ് നേതൃത്വം സമരവും പ്രഖ്യാപിച്ചിട്ടുണ്ട്.
നികുതി കുറക്കാത്തതിൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലടക്കം പ്രതിപക്ഷ പാർട്ടികൾ സമരവുമായി രംഗത്തുണ്ട്. എന്നാൽ, കേരളത്തിൽ പ്രതിപക്ഷമായ കോൺഗ്രസാണ് സമരവുമായി രംഗത്തുള്ളത്. എന്നാൽ, കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ പെട്രോളിേന്റയും ഡീസലിേന്റയും മൂല്യവർധിത നികുതി കുറച്ചിട്ടില്ല. പഞ്ചാബ്, രാജസ്ഥാൻ പോലുള്ള കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ ഇതുവരെ നികുതി കുറക്കാൻ തയാറായിട്ടില്ല. നികുതി കുറച്ചാൽ വൻ സാമ്പത്തിക നഷ്ടമുണ്ടാവുമെന്നാണ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞത്. കേന്ദ്രസർക്കാർ നികുതി ഇനിയും കുറക്കാൻ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ.എൻ.ബാലഗോപാൽ ഉയർത്തിയ അതെ വാദം തന്നെയാണ് പല സംസ്ഥാനങ്ങൾ മുന്നോട്ട് വെക്കുന്നത്. ഇതിനിടയിലാണ് യു.ഡി.എഫിന്‍റെ നേതൃത്വത്തിലുള്ള ചക്രസ്തംഭന സമരം തിങ്കളാഴ്ച സംസ്ഥാനത്ത് നടക്കുന്നത്. ന്യായമായ ആവശ്യമാണ് കോൺഗ്രസ് ഉന്നയിക്കുന്നതെങ്കിലും അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇത് നടപ്പാക്കാത്തത് വിമർശനങ്ങൾക്ക് കാരണമാവുന്നു.
നേരത്തെ ധനമന്ത്രി കെ.എൻ ബാലഗോപാൽ കോവിഡുകാലത്ത് കേരളം നികുതി വർധിപ്പിച്ചിട്ടില്ലെന്ന വാദവുമായി രംഗത്തെത്തിയിരുന്നു. പല സംസ്ഥാനങ്ങളും കോവിഡ് പ്രതിസന്ധി മറികടക്കാൻ അധിക സെസും നികുതിയും ഏർപ്പെടുത്തിയിരുന്നു. ജനങ്ങളെ ബുദ്ധിമുട്ടിക്കാതിരിക്കാൻ നികുതി വർധനവ് വേണ്ടെന്നായിരുന്നു സംസ്ഥാന സർക്കാർ തീരുമാനം. കൂട്ടിയ ഇന്ധന നികുതിയാണ് പല സംസ്ഥാനങ്ങളും ഇപ്പോൾ കുറച്ചതെന്നുമായിരുന്നു കെ.എൻ.ബാലഗോപാലിന്‍റെ വാദം.
യു.ഡി.എഫ് സർക്കാർ 13 തവണയാണ് ഇന്ധന നികുതി കൂട്ടിയത്. എന്നാൽ, ഇത്തരത്തിൽ നികുതി കൂട്ടി മുന്നോട്ട് പോകാൻ സർക്കാർ തൽക്കാലം ഉദ്ദേശിക്കുന്നില്ല. ഒന്നാം പിണറായി സർക്കാർ ഒരു തവണ നികുതി കുറച്ചിരുന്നു. ഇതുമൂലം 550 കോടിയുടെ നഷ്ടമുണ്ടായെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എക്സൈസ് തീരുവ പെട്രോളിന് അഞ്ചു രൂപയും ഡീസലിന് 10 രൂപയുമാണ് കേന്ദ്രസർക്കാർ കുറച്ചത്. പുതുക്കിയ നിരക്ക് വ്യാഴാഴ്ച പ്രാബല്യത്തിൽ വന്നിരുന്നു. ഒരു ലിറ്റർ പെേട്രാളിന് ഇപ്പോൾ ഈടാക്കുന്ന എക്സൈസ് ഡ്യൂട്ടി 32.9 രൂപയാണ്. ഡീസലിെൻറ കാര്യത്തിൽ 31.80 രൂപ. ഈ കനത്ത നികുതിയിൽനിന്നാണ് യഥാക്രമം അഞ്ചു രൂപയും 10 രൂപയും കുറക്കുന്നത്. അതേസമയം, തീരുവ ഏറ്റവുമൊടുവിൽ ഉയർത്തിയ 2020 മെയ് അഞ്ചിനു ശേഷം പെട്രോൾ ലിറ്ററിന് 40 രൂപയോളമാണ് ഉയർന്നത്. ഡീസലിന് ശരാശരി 28 രൂപ. എന്നിട്ടും വിട്ടുവീഴ്ചക്ക് സർക്കാർ തയാറാകാതെ വന്നതാണ് വില മൂന്നക്കത്തിലേക്ക് കയറാൻ ഇടയാക്കിയത്.
ദിനേനയെന്നോണമാണ് പെട്രോൾ, ഡീസൽ വില ഉയർന്നു കൊണ്ടിരുന്നത്. മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തിയാൽ സർക്കാർ ഈടാക്കി വരുന്ന നികുതി അതിഭീമമാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടുവെങ്കിലും എണ്ണക്കമ്പനികളിലൂടെ ഒഴുകി വരുന്ന കൊള്ളലാഭം വേണ്ടെന്നു വെക്കാൻ സർക്കാർ തയാറായില്ല. യു.പി, പഞ്ചാബ് തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പു അടുത്തു വരുന്നതിനിടയിലാണ് ദീപാവലി സമ്മാനമെന്ന നിലയിൽ ഇപ്പോൾ വിലകുറച്ചത്.
അന്താരാഷ്ട്രതലത്തിൽ അസംസ്കൃത എണ്ണ വിലയിൽ ഉണ്ടായ കുറവിനൊത്ത് ഇന്ത്യയിൽ പെേട്രാളിനും ഡീസലിനും വില കുറച്ചിരുന്നില്ല. എണ്ണ വില കുറയുന്നതിനൊത്ത് എക്സൈസ് ഡ്യൂട്ടി വർധിപ്പിച്ച് വികസനത്തിനെന്ന പേരിൽ ഖജനാവിലേക്ക് മുതൽക്കൂട്ടുകയാണ് ചെയ്തുവന്നത്,
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.