സി.എൻ. ബാലകൃഷ്ണൻ അനുസ്മരണം; ചേരിതിരിഞ്ഞ് തെരുവിൽ തമ്മിലടിച്ച് കോൺഗ്രസ് പ്രവർത്തകർ
text_fieldsതൃശൂർ: തൃശൂർ ജില്ലയിലെ കോൺഗ്രസ് ഗ്രൂപ് പോര് തെരുവിലെ തമ്മിലടിയിൽ കലാശിച്ചു. അടിയേറ്റ് പരിക്കേറ്റ ഡി.സി.സി ജനറൽ സെക്രട്ടറി കൂടിയായ ദലിത് നേതാവിനെ തൃശൂർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ പൊലീസ് കേസെടുത്തു. മുതിർന്ന നേതാവും മുൻ മന്ത്രിയുമായിരുന്ന സി.എൻ. ബാലകൃഷ്ണൻ അനുസ്മരണ ചടങ്ങ് അവണൂർ പഞ്ചായത്തിൽ ചേരിതിരിഞ്ഞ് സംഘടിപ്പിച്ചതാണ് തമ്മിലടിയിൽ കലാശിച്ചത്. ഡി.സി.സി ജനറൽ സെക്രട്ടറി എം.എ. രാമകൃഷ്ണനെയാണ് നേതാക്കളും പ്രവർത്തകരും മർദിച്ചത്. കണ്ണിന് പരിക്കേറ്റതായി രാമകൃഷ്ണൻ പറഞ്ഞു.
അവണൂർ വരടിയം സെന്ററിൽ 97, 99 ബൂത്തുകളുടെ നേതൃത്വത്തിൽ എം.എ. രാമകൃഷ്ണന്റെയും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹിയും മുൻ യൂത്ത് കോൺഗ്രസ് നേതാവുമായ ലിന്റോ വരടിയത്തിന്റെയും നേതൃത്വത്തിലാണ് സാധാരണ സി.എൻ അനുസ്മരണം നടക്കാറുള്ളത്.
ഇത്തവണയും ഇരു ബൂത്തുകളും സംയുക്തമായി രാമകൃഷ്ണന്റെയും ലിന്റോയുടെയും നേതൃത്വത്തിൽ വരടിയം സെന്ററിലെ കൊടിമരത്തിന് സമീപം രാവിലെ ഏഴരയോടെ സി.എന്നിന്റെ ബോർഡ് വെച്ചും നിലവിളക്ക് കൊളുത്തിയും പുഷ്പാർച്ചന നടത്തിയും ആചരിച്ചു. എട്ടരയോടെ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ അനുസ്മരണത്തിനായി ബോർഡും നിലവിളക്കും പുഷ്പങ്ങളുമായി പ്രസിഡന്റ് പി.വി. ബിജുവിന്റെ നേതൃത്വത്തിൽ നേതാക്കളെത്തി.
അവിടെ ബോർഡും പുഷ്പാർച്ചനയും കണ്ടതോടെ ഇത് എടുത്തുകളഞ്ഞ് മണ്ഡലം കമ്മിറ്റിയുടെ ബോർഡ് വെച്ചു. തുടർന്ന് രാമകൃഷ്ണന്റെ നേതൃത്വത്തിൽ നേതാക്കളും പ്രവർത്തകരും തിരികെയെത്തിയതോടെ തർക്കവും കയ്യാങ്കളിയുമാവുകയായിരുന്നു. ഇതിനിടയിലാണ് രാമകൃഷ്ണനെ മർദിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.