സമവായമോ, കാർക്കശ്യമോ? ലീഗിന് നിർണായക ദിനങ്ങൾ
text_fieldsകോഴിക്കോട്: മുൻഗാമിയുടെ സമവായ നിലപാടിൽനിന്ന് കാർക്കശ്യത്തിലേക്ക് വഴിമാറുമോ? അത് മുസ്‍ലിം ലീഗിന് കൂടുതൽ കരുത്ത് നേടിക്കൊടുക്കുമോ? വിഭാഗീയത പ്രകടമായ പാർട്ടിയിൽ കാർക്കശ്യം കൂടുതൽ പൊട്ടിത്തെറിക്ക് കാരണമാകുമോ? പാണക്കാട് ഹൈദരലി തങ്ങൾക്കുശേഷം ലീഗ് അധ്യക്ഷസ്ഥാനത്തേക്ക് സാദിഖലി തങ്ങൾ വരുമ്പോൾ ഉയരുന്ന ചോദ്യങ്ങൾ ഇതാണ്. മൂന്നര പതിറ്റാണ്ടോളം ലീഗിനെ നയിച്ച മുഹമ്മദലി ശിഹാബ് തങ്ങളും ഒരു പതിറ്റാണ്ട് പാർട്ടിയുടെ അധ്യക്ഷപദവി അലങ്കരിച്ച ഹൈദരലി തങ്ങളും സമവായത്തിന്റെ വക്താക്കളായാണ് അറിയപ്പെട്ടത്. എന്നാൽ, കർക്കശമായ നിലപാടുകളാണ് സാദിഖലി തങ്ങളെ വ്യത്യസ്തനാക്കുന്നത്. ഇത് പാർട്ടിയെ കൂടുതൽ അരക്ഷിതാവസ്ഥയിലേക്ക് നയിക്കുമെന്ന് പറയുന്നവരും നിലവിലെ കുത്തഴിഞ്ഞ അവസ്ഥക്ക് വിരാമമാകുമെന്ന് വിശ്വസിക്കുന്നവരും ലീഗിനകത്തുണ്ട്. പാർട്ടി അംഗത്വ കാമ്പയിനിലേക്ക് കടക്കുന്ന നിർണായക സമയത്താണ് സാദിഖലി തങ്ങളുടെ അരങ്ങേറ്റം.
പാർട്ടിക്കകത്തെ വിഭാഗീയത അവസാനിപ്പിക്കൽ, മുന്നണി ഐക്യം ശക്തമാക്കൽ, സമുദായ ഐക്യം കാത്തുസൂക്ഷിക്കൽ എന്നിവയാണ് സാദിഖലി തങ്ങളെ കാത്തിരിക്കുന്ന പ്രധാന വെല്ലുവിളികൾ. ഹൈദരലി തങ്ങൾ ചികിത്സയിലായിരുന്നതിനാൽ സാദിഖലി തങ്ങൾതന്നെയാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടിയെ നയിച്ചത്. രണ്ടാം തവണയും അധികാരത്തിൽനിന്ന് മാറ്റിനിർത്തപ്പെട്ടപ്പോൾ ശക്തിപ്രാപിച്ച പാർട്ടിയിലെ വിഭാഗീയത അവസാനിപ്പിക്കാൻ സ്വീകരിച്ച അച്ചടക്കനടപടികൾ പൂർണമായി ഫലപ്രാപ്തിയിൽ എത്തിയിട്ടില്ല. ഇതോടൊപ്പം ഉയർന്നുവന്ന 'ഹരിത' പ്രശ്നത്തോടും എം.എസ്.എഫിലെ വിഭാഗീയതയോടും സാദിഖലി തങ്ങളുടെ സമീപനം കർശനമായിരുന്നു. അച്ചടക്കരാഹിത്യം പൊറുപ്പിക്കാനാകില്ലെന്ന് തങ്ങൾ ഉറച്ചനിലപാട് എടുത്തപ്പോൾ പരാതിക്കാർക്ക് നീതി ലഭിച്ചില്ലെന്ന ആക്ഷേപം നിലനിൽക്കുന്നു. ഇത്തരം ആക്ഷേപങ്ങൾ അവഗണിച്ച് തന്റെ നിലപാടിൽ ഉറച്ചുനിന്ന് നേതാക്കൾക്കും പ്രവർത്തകർക്കും അദ്ദേഹം വ്യക്തമായ സന്ദേശം നൽകുകയാണ്. അച്ചടക്കം ലംഘിച്ചാൽ സാദിഖലി തങ്ങൾ വടിയെടുക്കുമെന്ന ഈ സന്ദേശം ലീഗ് നേതാക്കൾക്കിടയിൽപോലും അങ്കലാപ്പുണ്ടാക്കിയിട്ടുണ്ട്.
ലീഗ് മുന്നണിവിടുന്നു എന്ന പ്രചാരണം തലവേദന ഉണ്ടാക്കുന്നത് കോൺഗ്രസിനാണ്. ലീഗിനകത്ത് ഔദ്യോഗിക ചർച്ചകളിലൊന്നും വിഷയം ഉയർന്നുവന്നിട്ടില്ല. എന്നാൽ, മുതിർന്ന നേതൃത്വത്തിന് സി.പി.എമ്മിനോട് മൃദുസമീപനമാണെന്ന ആക്ഷേപം പാർട്ടിക്കകത്ത് പ്രത്യേകിച്ച്, യുവജന വിഭാഗങ്ങളിലുണ്ട്. യു.ഡി.എഫിനെ ശക്തിപ്പെടുത്തുന്ന വിഷയത്തിൽ ഉറച്ചനിലപാടുള്ള സാദിഖലി തങ്ങൾ അധ്യക്ഷപദവിയിലെത്തിയതോടെ ഇതിന് അറുതിയാകുമെന്ന് അവർ പ്രതീക്ഷിക്കുന്നു.
സമുദായ ഐക്യമാണ് മറ്റൊരു കടമ്പ. ഹൈദരലി തങ്ങൾ സമസ്തയുടെ ഉപാധ്യക്ഷൻ കൂടിയായിരുന്നതിനാൽ ലീഗ്-സമസ്ത ബന്ധം കൂടുതൽ ശക്തമായ കാലമായിരുന്നു കഴിഞ്ഞത്. എന്നാൽ, അദ്ദേഹം കിടപ്പിലായപ്പോൾതന്നെ സമസ്തയിലെ ലീഗ് വിരുദ്ധർ തലപൊക്കുകയും വഖഫ് വിഷയത്തിലടക്കം പാർട്ടിയെ പ്രതിസന്ധിയിലാക്കുകയുമുണ്ടായി. 14 വർഷം എസ്.കെ.എസ്.എസ്.എഫ് പ്രസിഡൻറായി പ്രവർത്തിച്ചതുമുതൽ സമസ്തയുമായി ബന്ധമുണ്ടെങ്കിലും ഹൈദരലി തങ്ങളെപ്പോലെ സമസ്തയിൽ സാദിഖലി തങ്ങൾ സർവസമ്മതനല്ല. ഈ വിടവ് നികത്തുകയെന്ന ദൗത്യവും വിരുദ്ധ ആശയക്കാരായ സമസ്ത, മുജാഹിദ് വിഭാഗങ്ങളെ ഒരുമിച്ചുകൊണ്ടുപോവുകയെന്ന വെല്ലുവിളിയും മുസ്‍ലിം കോഓഡിനേഷൻ കമ്മിറ്റിയുടെ തുടർ പ്രവർത്തനങ്ങളുമടക്കം സാദിഖലി തങ്ങളെ കാത്തിരിക്കുന്നുണ്ട്. പാണക്കാട്ട് ഇനിയൊരു അപ്പീൽ അതോറിറ്റി ഇല്ലാത്ത സാഹചര്യത്തിൽ തന്റെ പ്രവർത്തനങ്ങളിൽ കാതലായ മാറ്റമുണ്ടാകുമെന്ന സൂചനയാണ് സാദിഖലി തങ്ങൾ അടുത്ത വൃത്തങ്ങൾക്ക് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.