വീടിന് വയൽ നികത്തൽ: അനുമതി 2008ന് മുമ്പ് ഉടമസ്ഥതയുള്ളവർക്ക് മാത്രം –ഹൈകോടതി
text_fieldsകൊച്ചി: 2008ലെ നിയമം വരും മുമ്പ് ഉടമസ്ഥാവകാശമുള്ളയാൾക്ക് മാത്രമേ നെൽവയൽ, തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം വീടുവെക്കൽ ആവശ്യത്തിന് പാടം നികത്താൻ അനുമതിയുള്ളൂവെന്ന് ഹൈകോടതി. ഭൂമി കൈമാറുമ്പോൾ ഈ അവകാശം പുതിയ ഉടമക്ക് ലഭിക്കുന്നില്ലെന്ന് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് വ്യക്തമാക്കി. അഞ്ച് സെൻറില്‍ പണിത വീടിെൻറ കെട്ടിടവ്യാപ്തി (കവറേജ്) മുനിസിപ്പല്‍ കെട്ടിടനിര്‍മാണച്ചട്ടത്തിലെ വ്യവസ്ഥ പാലിക്കാതെയാണെന്ന പാലക്കാട് ടൗണ്‍പ്ലാനറുടെ ഉത്തരവ് ചോദ്യം ചെയ്ത് നൂറണി സ്വദേശി ആര്. സുധീഷ് നല്കിയ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.
നെല്‍വയലും തണ്ണീര്‍ത്തടവും സംരക്ഷിക്കലാണ് നിയമത്തിെൻറ ലക്ഷ്യം. 2008ല്‍ നിയമം നിലവില്‍വരുമ്പോള്‍ പാടം കൈവശമുള്ളയാള്‍ക്ക് താമസിക്കാന്‍ വേറെ വീടില്ലെങ്കിലാണ് നഗരസഭയില്‍ 2.02 ആര്, പഞ്ചായത്തില്‍ 4.4 ആര് എന്നിങ്ങനെ വീട് പണിയാൻ നിയമത്തിലെ ഒമ്പതാം വകുപ്പുപ്രകാരം ഇളവനുവദിച്ചിട്ടുള്ളത്.
നിയമം വന്നശേഷം പാടമാണെന്നറിഞ്ഞ് സ്ഥലം വാങ്ങുന്നവര്‍ക്ക് വീടുവെക്കാനാണെങ്കിൽപോലും നികത്താന്‍ അനുമതിയില്ല. സ്ഥലം ഉടമ എന്ന നിർവചനത്തിനു കീഴിൽ ഉടമ മുറിച്ചുവിറ്റ പാടം വാങ്ങുന്നവരെല്ലാം വരില്ല. ഇത് അനുവദിച്ചാൽ സ്ഥലം വാങ്ങിയവര്‍ വീടുവെക്കാന്‍ പാടം നികത്താനുള്ള അനുമതിയും പിന്നാലെ നേടും. ഇത് പാടം വ്യാപകമായി കൈമാറ്റം ചെയ്യപ്പെടാനും നികത്താനും വഴിയൊരുക്കും.
ഹരജിക്കാരെൻറ അപേക്ഷ വീണ്ടും പരിഗണിക്കാന്‍ കോടതി ടൗണ്‍ പ്ലാനറോട് നിര്‍ദേശിച്ചു. എന്നാല്‍, നിയമം വന്നശേഷം പാടം വാങ്ങിയ ഹരജിക്കാരന് അഞ്ച് സെൻറ് നികത്താന്‍ അനുമതി നല്കിയ ജില്ലതല അധികാര സമിതിയുടെ (ഡി.എല്‍.എ.സി.) നടപടി അധികാരപരിധി കവിഞ്ഞുള്ളതാണ്. കോടതിയില്‍ ഡി.എല്‍.എ.സിയുടെ അനുമതി ചോദ്യംചെയ്യപ്പെട്ടിട്ടില്ലാത്തതും വീട് നിര്‍മാണം പൂര്‍ത്തിയായതും കണക്കാക്കി ഇതിൽ ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.