സിനിമാ പരസ്യത്തെ ആ നിലയിൽ മാത്രം കണ്ടാൽ മതി, കുഴി പണ്ടേയുള്ള പ്രശ്നം -മന്ത്രി റിയാസ്
text_fieldsസിനിമയുടെ പരസ്യത്തെ ആ നിലയിൽ മാത്രം കണ്ടാൽ മതിയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കുഞ്ചാക്കോ ബോബൻ നായകനായ 'ന്നാ താൻ കേസ് കൊട്' ചിത്രത്തിന്‍റെ പരസ്യം വിവാദമാകുകയും ഇടത് അനുകൂലികൾ സമൂഹമാധ്യമങ്ങളിൽ ബഹിഷ്കരണാഹ്വാനം നടത്തുകയും ചെയ്തത് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം.
റോഡിലെ കുഴി പണ്ടേയുള്ള പ്രശ്നമാണ്. അത് പരിഹരിക്കാൻ പൊതുമരാമത്ത് വകുപ്പ് സജീവമായി ഇടപെടുന്നുണ്ടെന്ന് എല്ലാവർക്കും അറിയാം. അതിൽ പല ക്രിയാത്മക നിർദേശങ്ങളും വിമർശനങ്ങളുമെല്ലാം വരും. വിമർശനങ്ങളും നിർദേശങ്ങളും ഏത് നിലയിലും സ്വീകരിക്കുമെന്നും മന്ത്രി റിയാസ് പറഞ്ഞു.
സിനിമാ പരസ്യം സർക്കാർവിരുദ്ധമാണെന്ന് ആരോപിച്ചുകൊണ്ടാണ് ഇടത് അനുകൂലികൾ ബഹിഷ്കരണാഹ്വാനം മുഴക്കിയിരിക്കുന്നത്. രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത സിനിമയുടെ, പത്രങ്ങളിൽ പ്രസിദ്ധീകരിച്ച പരസ്യത്തിലെ തലവാചകങ്ങളാണ് വിവാദമായത്. 'തിയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ' എന്നായിരുന്നു പരസ്യ വാചകം. സംസ്ഥാനത്തുടനീളം റോഡുകൾ തകർന്ന സംഭവത്തിൽ കോടതി പോലും സംസ്ഥാന സർക്കാറിനെ വിമർശിച്ച സാഹചര്യത്തിൽ, പരസ്യവാചകം സർക്കാർ വിരുദ്ധമാണെന്ന് ആരോപിച്ച് ചിലർ രംഗത്തെത്തുകയായിരുന്നു. ഇതോടെയാണ് ഇടത് സൈബർ ഇടങ്ങളിൽ സിനിമ ബഹിഷ്കരിക്കണമെന്ന ആഹ്വാനമുയർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.