പണമുണ്ടെങ്കിൽ പൊളിച്ചേനെ..!
text_fieldsതിരുവനന്തപുരം: കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഏകീകൃത പെൻഷൻ പദ്ധതി (യു.പി.എസ്) നിലവിലെ പങ്കാളിത്ത പെൻഷനെ അപേക്ഷിച്ച് ജീവനക്കാർക്ക് മെച്ചമാണെങ്കിലും സംസ്ഥാന സർക്കാറിന് മുന്നിൽ പ്രതിബന്ധമാവുക അധിക സാമ്പത്തിക ബാധ്യത. ചർച്ചകൾ സജീവമായതോടെ പുതിയ പെൻഷൻ പദ്ധതിയെക്കുറിച്ച് പഠിക്കാൻതന്നെയാണ് ധനവകുപ്പ് തീരുമാനം. ജീവനക്കാർക്ക് അടിസ്ഥാന ശമ്പളത്തിന്റെ പകുതിയും 10,000 രൂപ മിനിമം പെൻഷനും വിഭാവനം ചെയ്യുന്നുവെന്നതാണ് യു.പി.എസിലെ പ്രധാന ആകർഷണം.
പങ്കാളിത്ത സ്വഭാവത്തിലുള്ള പുതിയ പെൻഷൻ പദ്ധതിയിൽ 18.5 ശതമാനമാണ് സർക്കാർ വിഹിതം. കേന്ദ്രസർക്കാറിന്റെ നിലവിലെ പെൻഷൻ പദ്ധതിയായ എൻ.പി.എസിൽ സർക്കാർ വിഹിതം 14 ശതമാനമാണ്. ഇത് 18.5 ശതമാനത്തിലേക്ക് ഉയർത്തിയാണ് ഇപ്പോൾ യു.പി.എസ് പ്രഖ്യാപിച്ചത്. അതേസമയം, സംസ്ഥാന സർക്കാറിന്റെ നിലവിലെ പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ 10 ശതമാനമാണ് സർക്കാർ വിഹിതം. 14 ശതമാനമാക്കി കേന്ദ്രം നിഷ്കർഷിച്ചിട്ട് പോലും സാമ്പത്തിക പ്രതിസന്ധി ഉന്നയിച്ച് സർക്കാർ അതിന് മുതിർന്നിരുന്നില്ല. ഈ സാഹചര്യത്തിൽ 18.5 ശതമാനം സർക്കാർ വിഹിതമുള്ള കേന്ദ്രത്തിന്റെ പുതിയ ഏകീകൃത പെൻഷൻ പദ്ധതിക്ക് സംസ്ഥാനം തയാറാകുമോ എന്നതാണ് കണ്ടറിയേണ്ടത്. അതേസമയം, കേന്ദ്രമാതൃകയിൽ ജീവനക്കാർക്ക് നിശ്ചിത തുക പെൻഷൻ ഉറപ്പാക്കുന്ന പെൻഷൻ സ്കീം മാതൃകയാണ് സംസ്ഥാന സർക്കാറും ആലോചിക്കുന്നത്.
നിലവിലെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനം സ്വന്തം നിലക്ക് പദ്ധതി തയാറാക്കാനാണ് സാധ്യതയേറെ. നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമാണ് യു.പി.എസ് ബാധകമാകുക. 2025 ഏപ്രില്‍ ഒന്നു മുതലാണ് പ്രാബല്യം. സംസ്ഥാന സര്‍ക്കാറുകളും ഇതോടൊപ്പം ചേരാമെന്നാണ് കേന്ദ്രം അറിയിച്ചിട്ടുള്ളത്. മഹാരാഷ്ട്ര സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അങ്ങനെയെങ്കില്‍ യു.പി.എസ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകും മഹാരാഷ്ട്ര.
പെൻഷൻ പദ്ധതികൾ ഇങ്ങനെ
പഴയ പെൻഷൻ പദ്ധതി
ജീവനക്കാരുടെ വിഹിതമില്ല. അവസാനം വാങ്ങിയ ശമ്പളത്തിന്റെ പകുതിയോളം തുക പെൻഷനായി ലഭിക്കും. ഏറ്റവും കുറഞ്ഞത് 11,500 രൂപ പെൻഷനായി കിട്ടും. ജീവനക്കാരന്റെ കാലശേഷം ആശ്രിതർക്ക് 50 ശതമാനം കുടുംബ പെൻഷൻ. ഗ്രാറ്റ്വിറ്റി ലഭിക്കും. വർഷത്തിൽ രണ്ടുതവണ ക്ഷാമാശ്വാസവുമുണ്ട്. വിരമിക്കൽ പ്രായം 56.
പങ്കാളിത്ത പെൻഷൻ പദ്ധതി
ജീവനക്കാരുടെ 10 ശതമാനവും സർക്കാർ വക 10 ശതമാനവും പെൻഷൻ ഫണ്ടിൽ നിക്ഷേപിക്കുന്നു. ഉറപ്പായ പെൻഷനോ ഏറ്റവും കുറഞ്ഞ പെൻഷനോ നിശ്ചയിച്ചിട്ടില്ല. വിരമിക്കൽ പ്രായം 60. വിരമിക്കുമ്പോൾ 60 ശതമാനം തുക വരെ പിൻവലിക്കാം. ബാക്കിയുള്ള 40 ശതമാനം തുകയിൽനിന്ന് ഏതുതരം പെൻഷൻ സ്കീം വേണമെന്ന് തെരഞ്ഞെടുക്കാം. ക്ഷാമാശ്വാസമില്ല. കുടുംബ പെൻഷനുമില്ല.
ഏകീകൃത പെൻഷൻ പദ്ധതി
ജീവനക്കാരുടെ വിഹിതം 10 ശതമാനം, സർക്കാർ വിഹിതം 18.5 ശതമാനം. ഏറ്റവും കുറഞ്ഞത് 10,000 രൂപ പെൻഷൻ. കമ്യൂട്ടേഷൻ ഇല്ല. എന്നാൽ, ഗ്രാറ്റ്വിറ്റിക്ക് അർഹത. കുടുംബ പെൻഷൻ 60 ശതമാനം ലഭിക്കും. വിരമിക്കൽ പ്രായം 60. വർഷത്തിൽ രണ്ടുതവണ ക്ഷാമാശ്വാസം. 2004 മുതൽ പ്രാബല്യം.
പഴയതല്ല, പങ്കാളിത്ത പദ്ധതിയുടെ പരിഷ്കരിച്ച രൂപം
പങ്കാളിത്ത പെൻഷൻ പദ്ധതിയുടെ പരിഷ്കരിച്ച രൂപമാണ് പുതിയ ഏകീകൃത പെൻഷൻ പദ്ധതി. പഴയ പെൻഷൻ പദ്ധതിയിലേതു പോലെ ആനുകൂല്യങ്ങൾ പുതിയ പദ്ധതിയിലില്ല. പങ്കാളിത്ത പദ്ധതിയിലേത് പോലെ ഏകീകൃത പദ്ധതിയിലും പെന്ഷന് ഫണ്ടിലേക്ക് ജീവനക്കാരന് മാസം തോറും വിഹിതം നൽകണം. ഉറപ്പുള്ള മിനിമം പെന്ഷന് വാഗ്ദാനം ചെയ്യുമ്പോഴും അത് 10,000 രൂപയിൽ ചുരുങ്ങി. നിലവില്‍ നല്കുന്ന മിനിമം പെൻഷൻ 9000 രൂപയാണ്. ജീവനക്കാരന് അവസാനം 10 മാസം ലഭിച്ച അടിസ്ഥാന ശമ്പളത്തിന്റെ ശരാശരിയുടെ പകുതിയാണ് പഴയ പെന്ഷന് പദ്ധതി പ്രകാരം ലഭിക്കുന്നത്. എന്നാൽ, അവസാന 12 മാസത്തെ അടിസ്ഥാന ശമ്പളത്തിന്റെ ശരാശരിയുടെ പകുതിയാണ് ഏകീകൃത പെൻഷനിൽ.
ഫലത്തിൽ വിരമിക്കുന്നതിന്റെ അവസാന മാസങ്ങളില്‍ ഉയര്‍ന്ന ശമ്പള സ്കെയിലിലേക്ക് പ്രമോഷൻ ലഭിച്ചവർക്ക് അവസാനം കിട്ടിയ ശമ്പളത്തിന്റെ 50 ശതമാനം പെൻഷനായി കിട്ടില്ല. പെന്ഷന് തുക കണക്കാക്കാന്‍ 12 മാസത്തെ ശരാശരിയിൽ കണക്കാക്കുന്നതിനാലാണ് ഇത്. കുറഞ്ഞത് 25 വര്‍ഷമെങ്കിലും സര്‍വിസ് ഉള്ളവര്‍ക്കാണ് 50 ശതമാനം പെന്ഷന് അര്‍ഹതയുണ്ടാവുക. ഏകീകൃത പെന്ഷന് പദ്ധതിയിലും പണപ്പെരുപ്പ സൂചിക ബാധകമാകും. അഖിലേന്ത്യ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള ക്ഷാമാശ്വാസം യു.പി.എസിൽ കിട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.