മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന: കൂടുതൽ പേർ പ്രതികളാകും
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കാൻ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായി ഗൂഢാലോചന നടത്തിയെന്ന കേസിൽ കൂടുതൽ പേരെ പ്രതി ചേർക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നീക്കം. മുഖ്യസാക്ഷിയായ യുവതിയും പ്രതി പി.സി. ജോർജും നൽകിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് എസ്.പി മധുസൂദനന്‍റെ നേതൃത്വത്തിലുള്ള സംഘം കൂടുതൽ തെളിവുകൾ ശേഖരിക്കാൻ നടപടിയാരംഭിച്ചത്.
ഇതിന്‍റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാൻ സ്വപ്ന സുരേഷിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, ഇ.ഡിയുടെ ചോദ്യം ചെയ്യൽ കഴിഞ്ഞശേഷം മാത്രമേ ഹാജരാകാനാകൂവെന്നാണ് സ്വപ്ന അറിയിച്ചത്. സ്വപ്നയുടെ സുഹൃത്തും സ്വർണക്കടത്ത് കേസിലെ മറ്റൊരു പ്രതിയുമായ പി.എസ്. സരിത്ത്, അഭിഭാഷകൻ കൃഷ്ണരാജ്, ക്രൈം നന്ദകുമാർ എന്നിവർക്ക് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന വിലയിരുത്തലിലാണ് പൊലീസ്. ഇവരെയും പ്രതി ചേർക്കാനാണ് ഉദ്ദേശിക്കുന്നത്.
കഴിഞ്ഞദിവസം തിരുവനന്തപുരം ഗസ്റ്റ്ഹൗസിൽ എസ്.പിയുടെ സാന്നിധ്യത്തിൽ പി.സി. ജോർജിനെ ചോദ്യം ചെയ്തപ്പോൾ നിർണായക വിവരങ്ങൾ ലഭിച്ചെന്നാണ് പ്രത്യേക അന്വേഷണസംഘം പറയുന്നത്. സ്വപ്നയും പി.സി. ജോർജും കേസിൽ പ്രതികളാക്കാൻ ഉദ്ദേശിക്കുന്നവരും തമ്മിൽ പലതവണ ആശയവിനിമയം നടത്തിയിട്ടുണ്ട്. ഇവരുടെ ഗൂഢാലോചനയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കുമെതിരെ സ്വപ്ന ആരോപണം ഉന്നയിച്ചതെന്നും പൊലീസ് വിലയിരുത്തുന്നു.
ചോദ്യം ചെയ്യലിന് വിളിച്ച പി.സി. ജോർജിനെ ലോക്കൽ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രത്യേക സംഘത്തിന് അസംതൃപ്തിയുണ്ട്. സംഘത്തിന് സാക്ഷി നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ കൂടിയാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. എന്നാൽ, അത്തരത്തിലൊരു അറസ്റ്റ് ഒഴിവാക്കാമായിരുന്നെന്നാണ് പ്രത്യേക സംഘത്തിന്‍റെ വിലയിരുത്തൽ.
പീഡനക്കേസിൽ ജോർജിന് ജാമ്യം ലഭിച്ചതിനെ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കാനും പൊലീസ് ഉദ്ദേശിക്കുന്നുണ്ട്. പരാതിക്കാരി ഹൈകോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ അതുകൂടി പരിശോധിച്ചായിരിക്കും പൊലീസ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.