'ഫോൺ വിളിച്ചതിന് പിന്നിൽ ഗൂഢാലോചന, പൊലീസിൽ പരാതി നൽകും'; വിശദീകരണവുമായി മുകേഷ് എം.എൽ.എ
text_fieldsകൊല്ലം: തനിക്കെതിരെ പലരും ഗൂഢാലോചന നടത്തുന്നുണ്ടെന്നും അതിന്‍റെ ഭാഗമായാണ് കുട്ടി ഫോൺ വിളിച്ചതെന്നും മുകേഷ് എം.എൽ.എ. ഇതിനെതിരെ സൈബർ സെല്ലിലും പൊലീസിലും പരാതി നൽകുമെന്നും മുകേഷ് പറഞ്ഞു. കുട്ടിയോട് ദേഷ്യപ്പെട്ട് സംസാരിക്കുന്നതിന്‍റെ ഓഡിയോ വിവാദമായതോടെയാണ് എം.എൽ.എ മറുപടിയുമായി രംഗത്തുവന്നത്.
'തെരഞ്ഞെടുപ്പ് കഴിഞ്ഞത് മുതൽ പലരും തന്നെ നിരന്തരമായി വേട്ടയാടുകയാണ്. നിരവധി പേരാണ് വിളിക്കുന്നത്. ഫോൺ വിളികൾ കാരണം ഒരു മണിക്കൂറിനുള്ളിൽ മൊബൈലിലെ ചാർജ് തീരുന്ന അവസ്ഥയാണ്. ഗൂഢാലോചന നടത്തി തന്നെ പ്രകോപിപ്പിക്കാനാണ് അവരുടെ ശ്രമം. ആര് ഫോൺ വിളിച്ചാലും എടുക്കുന്ന പ്രകൃതമാണ് തനിക്ക്. എടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചുവിളിക്കും.
ഇപ്പോൾ സംഭവിച്ചതും ഒരു ഗൂഢാലോചനയുടെ ഭാഗമാണ്. ആ കുട്ടി താൻ ഒരു സൂം മീറ്റിങ്ങിൽ പങ്കെടുക്കുേമ്പാഴാണ് വിളിക്കുന്നത്. ആദ്യം വിളിച്ചപ്പോൾ യോഗത്തിലാണെന്ന് പറഞ്ഞു. ആറ് തവണയാണ് യോഗത്തിനിടെ വീണ്ടും വീണ്ടും വിളിച്ചത്. ഇതുകാരണം മീറ്റിങ്ങിൽ പങ്കെടുക്കാൻ സാധിച്ചില്ല. പിന്നീട് തിരിച്ചുവിളിച്ച് സ്വന്തം നാട്ടിലെ എം.എൽ.എയെ ബന്ധപ്പെട്ടോ എന്ന് ആരാഞ്ഞു. അദ്ദേഹത്തിന്‍റെ മറുപടി ലഭിച്ചശേഷം തന്നെ ബന്ധപ്പെട്ടോളൂ എന്നാണ് അതുകൊണ്ട് ഉദ്ദേശിച്ചത്.
സുഹൃത്ത് പറഞ്ഞിട്ടാണ് അവൻ വിളിച്ചതെന്ന് പറഞ്ഞു. എന്നാൽ അയാൾ സുഹൃത്തല്ല, ഈ നാടിന്‍റെ തന്നെ ശത്രുവാണ്. പലരും ഇത്തരത്തിൽ പ്രകോപിപ്പിക്കുന്നുണ്ട്. ആറ് പ്രാവശ്യം വിളിച്ചതും ഫോൺ റെക്കോർഡ് ചെയ്തതുമെല്ലാം ഗൂഢാലോചനയുടെ ഭാഗമാണ്. ഇതുപോലെ തന്‍റെ ഒാഫിസിന്‍റെ പേരിൽ ആശുപത്രി, ബാങ്ക് എന്നിവിടങ്ങളിലേക്കും പലരും വ്യാജമായി വിളിച്ചിട്ടുണ്ട്. ഇതിനെതിരെ പരാതി നൽകി.
കുട്ടികളോട് വളരെ നല്ല രീതിയിൽ മാത്രമാണ് താൻ പെരുമാറാറുള്ളത്. ചൂരൽ ഉപയോഗിച്ച് അടിക്കണമെന്ന് പറഞ്ഞത് ആലങ്കാരികമായിട്ടാണ്. കുട്ടിയുടെ അച്ഛന്റെയോ മൂത്ത ജ്യേഷ്ഠന്റെയോ പ്രായം തനിക്കുണ്ട്. അതിനാലാണ് അത്തരത്തിലെ പ്രയോഗം ഉപയോഗിച്ചത്.
സംഭവത്തിന് പിന്നിൽ രാഷ്ട്രീയമുണ്ട്. പൊലീസിലും സൈബർ സെല്ലിലും പരാതി നൽകാനാണ് തീരുമാനം. ഇതിന് പിന്നിൽ പ്രവർത്തിച്ചവർ ആരായാലും അവരെ നിയമത്തിന്‍റെ മുന്നിൽ കൊണ്ടുവരും.
ഇത്തരത്തിൽ കുട്ടികൾ ആരെയും വിളിക്കരുത്. കുട്ടിക്ക് വിഷമം ഉണ്ടായതുപോലെ തനിക്കും അതിലേറെ ഇപ്പോൾ സങ്കടം തോന്നുന്നു. ഇത്തരത്തിലൊരു വിഡിയോ ഇടേണ്ടിവന്നതിൽ വിഷമമുണ്ട്' -മുകേഷ് വിഡിയോ സന്ദേശത്തിൽ പറഞ്ഞു.
പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ 10ാം ക്ലാസുകാരനാണ് എം.എൽ.എയെ വിളിച്ചത്. കൂട്ടുകാരൻ കൊടുത്ത നമ്പർ ഉപയോഗിച്ചായിരുന്നു വിളി.
എന്നാൽ, ഫോൺ എടുത്തപാടെ കുറ്റവാളികളെ ചോദ്യം ചെയ്യുന്ന രീതിയിലായിരുന്നു എം.എൽ.എയുടെ സംസാരം. 'ആറ് പ്രാവശ്യം എന്തിനാണ് വിളിച്ചത്, ഒറ്റപ്പാലം എം.എൽ.എ മരിച്ചോ, അയാളെ വിളിക്കാതെ എന്തിനാണ് എന്നെ വിളിച്ചത്' എന്നുതുടങ്ങി പിന്നീടങ്ങോട്ട് ശകാരവർഷമായി. തനൊരു വിദ്യാർഥി ആണെന്നും 10ാം ക്ലാസിലാണ് പഠിക്കുന്നതെന്നും അവൻ പറഞ്ഞു. ആരായാലും തന്നെ വിളിക്കേണ്ടെന്നായിരുന്നു എം.എൽ.എയുടെ മറുപടി. കൂട്ടുകാരനാണ് നമ്പർ തന്നതെന്ന് പറഞ്ഞപ്പോൾ അവെൻറ ചെവിക്കുറ്റി നോക്കി അടിക്കണം എന്നായി പ്രതികരണം.
സംഭാഷണം സമൂഹമാധ്യമത്തിൽ എത്തിയതോടെ രൂക്ഷ വിമർശനമാണ് മുകേഷ് എം.എൽ.എക്കെതിരെ ഉയർന്നത്. സംഭവത്തിൽ സി.പി.എം മുകേഷിനോട് വിശദീകരണം തേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.