മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനക്കേസ്: സ്വപ്‌നയെയും പി.സി. ജോർജിനെയും ചോദ്യം ചെയ്യും
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർക്കെതിരെ ഗൂഢാലോചന നടത്തിയെന്ന കേസിൽ സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനെയും സരിത്തിനെയും മുൻ എം.എൽ.എ പി.സി. ജോർജിനെയും പ്രത്യേകാന്വേഷണ സംഘം ചോദ്യം ചെയ്യും. കേസിൽ മുഖ്യസാക്ഷിയാക്കിയ സോളാർ തട്ടിപ്പ് കേസ് പ്രതി സരിത എസ്. നായരുടെ രഹസ്യമൊഴി വ്യാഴാഴ്ച കോടതി രേഖപ്പെടുത്തും. പ്രത്യേകാന്വേഷണ സംഘത്തിന്‍റെ അപേക്ഷ പരിഗണിച്ചാണ് നടപടി.
മുഖ്യമന്ത്രിക്കെതിരെ പറയാൻ പി.സി. ജോർജ് നിർബന്ധിച്ചിരുന്നെന്നും സ്വപ്നയും പി.സി. ജോർജും ക്രൈം നന്ദകുമാറും ചേർന്ന് നടത്തിയ ഗൂഢാലോചനയെ തുടർന്നാണ് മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കുമെതിരെ സ്വപ്ന വെളിപ്പെടുത്തൽ നടത്തിയതെന്നും സരിത നേരത്തേ പ്രത്യേകാന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു.
ഇത് രഹസ്യമൊഴിയായി രേഖപ്പെടുത്താനാണ് അന്വേഷണ സംഘം ഉദ്ദേശിക്കുന്നത്. നിലവിൽ സ്വപ്‌ന, പി.സി. ജോർജ് എന്നിവരെയാണ് കേസിൽ പ്രതി ചേർത്തിട്ടുള്ളത്. ക്രൈം നന്ദകുമാറിനെയും പ്രതി ചേർത്തേക്കും.
സ്വപ്നയെ നിലവിൽ ഇ.ഡി ചോദ്യം ചെയ്യുകയാണ്. ഇതിന് മൂന്നു ദിവസം വേണ്ടിവരുമെന്നാണ് ഇ.ഡി അറിയിച്ചത്. അത് പൂർത്തിയായാൽ ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് നിർദേശം നൽകാനാണ് പ്രത്യേകാന്വേഷണ സംഘം ആലോചിക്കുന്നത്. കേസിൽ സരിതയുടെ മൊഴിയാണ് നിർണായകം. തന്നെ തിരുവനന്തപുരം ഗെസ്റ്റ്‌ഹൗസിലും ഈരാറ്റുപേട്ടയിലെ വീട്ടിലും വിളിച്ചുവരുത്തിയാണ് പി.സി. ജോർജ് ഗൂഢാലോചനയിൽ ഭാഗമാകാൻ ആവശ്യപ്പെട്ടതെന്നാണ് സരിതയുടെ മൊഴി.
സരിതയുടെ മകന്‍റെയും ഡ്രൈവറുടെയും ഗെസ്റ്റ്‌ഹൗസ് ജീവനക്കാരുടെയും മൊഴി കഴിഞ്ഞ ദിവസങ്ങളിൽ പ്രത്യേക സംഘം രേഖപ്പെടുത്തിയിരുന്നു. സരിതയുടെ രഹസ്യമൊഴി വ്യാഴാഴ്ച വൈകീട്ട് 3.30ന് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രണ്ടാം നമ്പർ കോടതിയിലാണ് രേഖപ്പെടുത്തുന്നത്. ഗൂഢാലോചനക്കേസിൽ ആരോപണ വിധേയരായവരുടെ ഫോൺ രേഖകളും സംഭാഷണങ്ങളും പരിശോധിക്കും. കേസിലെ പരാതിക്കാരനായ കെ.ടി. ജലീൽ എം.എൽ.എ, ഇടനിലക്കാരായിരുന്നെന്ന് പറയപ്പെടുന്ന ഷാജ് കിരൺ, ഇബ്രാഹിം എന്നിവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.