ഗൂഢാലോചന കേസ്: ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വാദം തുടരും
text_fieldsനടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ ഇന്ന് വാദം തുടരും. ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ച് ഇന്നുച്ചയ്ക്ക് 1.45നാണ് ഹരജികൾ പരിഗണിക്കുന്നത്.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസ് നിലനിൽക്കില്ലെന്നും കെട്ടിച്ചമച്ച തെളിവുകളാണ് പ്രോസിക്യൂഷന്റെ കൈവശമുളളതെന്നും പ്രതിഭാഗം ഇന്നലെ നിലപാടെടുത്തിരുന്നു. അതേസമയം, ഗൂഢാലോചനയ്ക്ക് കൂടുതൽ തെളിവുകളുണ്ടെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയതിനാൽ പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായ നിലപാടെടുത്തേക്കും.
എങ്ങനെ കൊല്ലണമെന്ന് പറയുന്നതിന്റെ ശബ്ദരേഖ പക്കലുണ്ടെന്ന് ബാലചന്ദ്രകുമാർ
ഒരാളെ കൊല്ലുമ്പോൾ തെളിവില്ലാതെ എങ്ങനെ തട്ടണമെന്ന് ദിലീപ് സഹോദരൻ അനൂപിനോട് പറയുന്നതിന്റെ ശബ്ദരേഖ തന്റെ പക്കലുണ്ടെന്നും അത് ഉടൻ പുറത്തുവിടുമെന്നും സംവിധായകൻ ബാലചന്ദ്രകുമാർ ഇന്നലെ പറഞ്ഞിരുന്നു. ഹൈകോടതിയിൽ നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേ ദിലീപിന്റെ അഭിഭാഷകൻ ഉന്നയിച്ച വാദങ്ങളെ തള്ളിയ ബാലചന്ദ്രകുമാർ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
ഒരാളെ തട്ടുമ്പോൾ എങ്ങനെ തട്ടണമെന്നും കേസ് വരാതിരിക്കാനുള്ള നിർദേശങ്ങൾ നൽകിയതും റെക്കോഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്. ഇത് അടക്കമുള്ള തെളിവുകളാണ് നേരത്തേ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയത്. പുറത്തുവന്ന വിവരങ്ങൾ മാത്രം അറിഞ്ഞാണ് ദിലീപിന്റെ അഭിഭാഷകൻ ശാപവാക്കിൽ മാത്രം ചുറ്റിക്കറങ്ങുന്നത്. താൻ അയച്ചെന്ന് പറയുന്ന ശബ്ദസംഭാഷണം ദിലീപ് പുറത്തുവിടുമെന്ന് പറയുന്നുണ്ട്. അദ്ദേഹം അത് പുറത്തുവിടണം. അപ്പോൾ താനും ഈ ശബ്ദസന്ദേശം പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ ഉന്നയിച്ച ആരോപണം വ്യാജമാണ്. ആരോപിക്കുന്നതല്ലാതെ ഒരു തെളിവും പുറത്തുവിടുന്നില്ല. ദിലീപ് ജനങ്ങളെയും കോടതിയെയും തെറ്റിദ്ധരിപ്പിക്കുകയാണ്.-ബാലചന്ദ്രകുമാർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.