തുടർച്ചയായി പ്രശ്നങ്ങളിലേക്ക് വലിച്ചിഴക്കുന്നു, നിയമനടപടി സ്വീകരിക്കും -മന്ത്രി റിയാസ്
text_fieldsകോഴിക്കോട്: പി.എ. മുഹമ്മദ് റിയാസ് വഴി പി.എസ്.സി അംഗത്വം സംഘടിപ്പിച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്ത് 22 ലക്ഷം കൈപ്പറ്റിയെന്ന പരാതി വിവാദമായതോടെ പ്രതികരണവുമായി മന്ത്രി രംഗത്തെത്തി. തുടർച്ചയായി നെഗറ്റീവ് പ്രശ്നങ്ങളിലേക്ക് തന്നെ വലിച്ചിഴക്കുകയാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി റിയാസ് പറഞ്ഞു.
തുടർച്ചയായി നെഗറ്റീവ് പ്രശ്നങ്ങളിലേക്ക് എന്നെ വലിച്ചിഴക്കുകയാണ്. അതിന്‍റെ ലക്ഷ്യമെന്താണെന്ന് ജനങ്ങൾക്കൊക്കെ അറിയാം. വലിച്ചിഴക്കുന്ന വിഷയങ്ങളിൽ വസ്തുത ഒന്നുമില്ല എന്ന് ബോധ്യമായാലും വലിച്ചിഴക്കുന്നവർ അത് പിന്നീട് തിരുത്താനോ പിൻവലിക്കാനോ തയാറാകുന്നില്ല. ഇത് തുടർന്നുകൊണ്ടേ ഇരിക്കുകയാണ്. ഇത് എല്ലാ അതിരുകളും കടന്നുവരുമ്പോൾ നിയമനടപടി സ്വീകരിക്കണമെന്ന് തീരുമാനിച്ചിരിക്കുകയാണ് -മന്ത്രി പറഞ്ഞു.
പി.എസ്.സി അംഗത്വം സംഘടിപ്പിച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്ത് കോഴിക്കേട് ടൗൺ ഏരിയ കമ്മിറ്റി അംഗമായ സി.ഐ.ടി.യു നേതാവാണ് പണം കൈപ്പറ്റിയത്. ഡീൽ ഉറപ്പിക്കുന്നതിന്‍റെ ശബ്ദ സന്ദേശം അടക്കമാണ് പാർട്ടിക്ക് പരാതി നൽകിയത്. പി.എസ്.സി അംഗത്വം കിട്ടാനിടയില്ലെന്ന് വന്നപ്പോൾ ആരോഗ്യവകുപ്പിൽ ഉയർന്ന പദവിയും വാഗ്ദാനം ചെയ്തെന്നും ആരോപണമുണ്ട്.
അതേസമയം, ഇന്ന് ഇതേക്കുറിച്ച് നിയമസഭയിൽ ചോദ്യമുന്നയിച്ചപ്പോൾ ആരോപണം തള്ളാതെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറഞ്ഞത്. തട്ടിപ്പുകൾ പലതരത്തിൽ നാട്ടിൽ നടക്കുന്നുണ്ടല്ലോ എന്നും തട്ടിപ്പുകൾ നടക്കുമ്പോൾ നടപടികൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.