ഓർമയുണ്ടോ ഈ മണ്ഡലങ്ങൾ?
text_fieldsകൊച്ചി: സംസ്ഥാനത്തെ 20 മണ്ഡലത്തിലെ രാഷ്ട്രീയ ഗതിവിഗതികളാണ് ഇപ്പോൾ എങ്ങും ചർച്ച. താരമൂല്യമുള്ളവയായി മാറിയ ഇവയിൽ ചില മണ്ഡലങ്ങൾക്ക് വഴിമാറിക്കൊടുത്ത് ഓർമയായ മണ്ഡലങ്ങളും കേരളത്തിന്‍റെ ലോക്സഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിലുണ്ട്. തെരഞ്ഞെടുപ്പ് എന്ന രാഷ്ട്രീയ മഹായാത്രയിൽ ഇല്ലാതായിപ്പോയ ആ മണ്ഡലങ്ങളെയും അവയുടെ രാഷ്ട്രീയപ്പോരാട്ടങ്ങളെയും ഇപ്പോൾ എത്രപേർ ഓർക്കുന്നുണ്ടാകും?
1971വരെ കാസർകോട്, തലശ്ശേരി, വടകര, കോഴിക്കോട്, മഞ്ചേരി, പൊന്നാനി, പാലക്കാട്, തൃശൂർ, മുകുന്ദപുരം, എറണാകുളം, മൂവാറ്റുപുഴ, പീരുമേട്, കോട്ടയം, അമ്പലപ്പുഴ, മാവേലിക്കര, അടൂർ, കൊല്ലം, ചിറയിൻകീഴ്, തിരുവനന്തപുരം എന്നിങ്ങനെ 19 എണ്ണമായിരുന്നു ലോക്സഭാ മണ്ഡലങ്ങൾ. 1971ലെ തെരഞ്ഞെടുപ്പോടെ തലശ്ശേരി, പീരുമേട്, അമ്പലപ്പുഴ മണ്ഡലങ്ങൾ ഇല്ലാതായി. പകരം 1977ൽ കണ്ണൂർ, ഒറ്റപ്പാലം, ഇടുക്കി, ആലപ്പുഴ മണ്ഡലങ്ങൾ രൂപം കൊണ്ടു. ഇതോടെയാണ് മണ്ഡലങ്ങളുടെ എണ്ണം 20ൽ എത്തിയത്. എന്നാൽ, 2008ലെ മണ്ഡലം പുനർനിർണയത്തിൽ മഞ്ചേരി, ഒറ്റപ്പാലം, മുകുന്ദപുരം, മൂവാറ്റുപുഴ, അടൂർ, ചിറയിൻകീഴ് എന്നിങ്ങനെ ആറ് മണ്ഡലങ്ങൾ ഒറ്റയടിക്ക് ഇല്ലാതായി. പകരം വയനാട്, മലപ്പുറം, ആലത്തൂർ, ചാലക്കുടി, പത്തനംതിട്ട, ആറ്റിങ്ങൽ എന്നിവ വന്നു.
2008ൽ ഇല്ലാതായ മണ്ഡലങ്ങളിലെ അവസാന ലോക്സഭാ തെരഞ്ഞെടുപ്പ് 2004ലായിരുന്നു. മുസ്ലിംലീഗ് സ്ഥാനാർഥികളായി നാലുതവണ വീതം ഇബ്രാഹീം സുലൈമാൻ സേട്ടും ഇ. അഹമ്മദും ജയിച്ച മഞ്ചേരിയിലെ അവസാന തെരഞ്ഞെടുപ്പിൽ വിജയം സി.പി.എമ്മിലെ ടി.കെ. ഹംസക്കായിരുന്നു എന്നത് ഇപ്പോഴും രാഷ്ട്രീയ കൗതുകമായി ശേഷിക്കുന്നു. പനമ്പള്ളി ഗോവിന്ദ മേനോൻ, ഇ. ബാലാനന്ദൻ, സാവിത്രി ലക്ഷ്മണൻ, പി.സി. ചാക്കോ, എ.സി. ജോസ്, കെ. കരുണാകരൻ തുടങ്ങിയവർ ജയിച്ചുകയറിയ മണ്ഡലമാണ് മുകുന്ദപുരം. പത്മജ വേണുഗോപാൽ, ഇ.എം. ശ്രീധരൻ, പി. ഗോവിന്ദപിള്ള, വി. വിശ്വനാഥമേനോൻ, എം.എം. ലോറൻസ് തുടങ്ങിയ പ്രമുഖർ തോൽവിയറിഞ്ഞതും ഇവിടെത്തന്നെ. ലോനപ്പൻ നമ്പാടനാണ് 2004ൽ ജയിച്ചത്. മുകുന്ദപുരം പോയപ്പോൾ പകരം വന്നതാണ് ചാലക്കുടി.
കേരള കോൺഗ്രസ് (എം) ടിക്കറ്റിൽ അഞ്ചുതവണ പി.സി. തോമസിനെ ലോക്സഭയിൽ എത്തിച്ച മണ്ഡലമായിരുന്നു മൂവാറ്റുപുഴ. 2004ൽ എൻ.ഡി.എയുമായി ചേർന്ന് ഐ.എഫ്.ഡി.പി സ്ഥാനാർഥിയായപ്പോഴും വിജയം തോമസിനൊപ്പമായിരുന്നു. എന്നാൽ, 529 വോട്ടിന്‍റെ മാത്രം ഭൂരിപക്ഷമുണ്ടായിരുന്ന തോമസ് മതവികാരം ചൂഷണം ചെയ്ത് വോട്ട് പിടിച്ചെന്ന് ആരോപിച്ച് എതിർ സ്ഥാനാർഥി സി.പി.എമ്മിലെ പി.എം. ഇസ്മായിൽ കോടതിയെ സമീപിച്ചു. ഹൈകോടതിയും സുപ്രീം കോടതിയും ഇസ്മായിലിനെ വിജയിയായി പ്രഖ്യാപിച്ചപ്പോഴേക്കും ലോക്സഭയുടെ കാലാവധി കഴിഞ്ഞതിനാൽ അദ്ദേഹത്തിന് ഒരു ദിവസം പോലും എം.പിയായിരിക്കാൻ ഭാഗ്യമുണ്ടായില്ല.
സുശീല ഗോപാലൻ, തലേക്കുന്നിൽ ബഷീർ, വയലാർ രവി എന്നിവരെ ജയിപ്പിക്കുകയും തോൽപിക്കുകയും ചെയ്ത മണ്ഡലമാണ് ചിറിയിൻകീഴ്. എം.ഐ. ഷാനവാസ്, എം.എം. ഹസൻ, കെ. സുധാകരൻ എന്നിവരും ഇവിടെ പരാജയമറിഞ്ഞു. 2004ലെ അവസാന തെരഞ്ഞെടുപ്പിൽ വിജയിച്ചത് സി.പി.എമ്മിലെ വർക്കല രാധാകൃഷ്ണനാണ്. പട്ടികജാതി സംവരണ മണ്ഡലമായിരുന്ന അടൂരിൽ മൂന്നുതവണ കൊടിക്കുന്നിൽ സുരേഷും രണ്ടുതവണ ചെങ്ങറ സുരേന്ദ്രനും വിജയിച്ചിട്ടുണ്ട്. രാഷ്ട്രപതിയായിരുന്ന കെ.ആർ. നാരായണൻ മൂന്ന് തവണയും ലോക്സഭയിലെത്തിയത് ഒറ്റപ്പാലത്തുനിന്നാണ്. സി.പി.എമ്മിലെ എസ്. അജയകുമാർ നാലുതവണ വിജയിച്ചു. പന്തളം സുധാകരൻ, ലെനിൻ രാജേന്ദ്രൻ എന്നിവർ ഇവിടെ പരാജയപ്പെട്ടപ്പോൾ എ.കെ. ബാലൻ ഒരു തവണ വിജയിക്കുകയും ഒരു തവണ തോൽക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.