‘കൈ’വിടാത്ത മണ്ഡലങ്ങൾ; സമവാക്യങ്ങൾ പലവിധം
text_fieldsസമുദായ സമവാക്യങ്ങൾക്കും ന്യൂനപക്ഷ വോട്ടിനുമൊപ്പം തീരദേശത്തിന്റെ സ്പന്ദനങ്ങളും മെട്രോ നഗരത്തിന്റെ പുത്തൻചിന്തകളും മലയോര മേഖലയുടെ നിത്യസങ്കടങ്ങളും കാർഷിക ഭൂമിയുടെ വിലാപങ്ങളുമെല്ലാം മധ്യകേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ സ്വാധീനിക്കും.
ഇടക്കൊക്കെ മണ്ഡലം ഇടത്തോട്ടും വലത്തോട്ടും മാറും. പ്രചാരണ കോലാഹലം കെട്ടടങ്ങുമ്പോൾ തൃശൂർ, ചാലക്കുടി, എറണാകുളം, ഇടുക്കി, കോട്ടയം ലോക്സഭ മണ്ഡലങ്ങൾ ഉൾപ്പെടുന്ന മധ്യമേഖലയിൽ മുൻതൂക്കം വലത് രാഷ്ട്രീയത്തിനാണ്. പക്ഷേ, ഭൂരിപക്ഷം കുറയും. കേരള കോൺഗ്രസ്-എം മുന്നണി മാറിയെത്തിയതിലൂടെ സ്വന്തമായ കോട്ടയം മാത്രമാണ് നിലവിൽ എൽ.ഡി.എഫിന്റെ കൈവശമുള്ളത്.
അതും ഇത്തവണ വലത്തോട്ട് ചായുമെന്നാണ് സൂചന. സംസ്ഥാന സർക്കാറിന്റെ നേട്ടങ്ങളും കേന്ദ്ര സർക്കാറിന്റെ വർഗീയ അജണ്ടയും നിർണായക വിഷയങ്ങളിൽ യു.ഡി.എഫ് നിലപാടിലെ വൈരുധ്യങ്ങളും എടുത്തുകാട്ടി നടത്തിയ പ്രചാരണം വോട്ടായി മാറുമെന്ന് എൽ.ഡി.എഫ് കണക്കുകൂട്ടുന്നുണ്ട്. എൻ.ഡി.എക്ക് തിളക്കമുള്ള നേട്ടം എവിടെയും പ്രതീക്ഷിക്കുന്നുമില്ല.
മേഖലയിലെ 35 നിയമസഭ സീറ്റുകളിൽ 20 എണ്ണം എൽ.ഡി.എഫിന്റെയും 15 എണ്ണം യു.ഡി.എഫിന്റെയും കൈയിലാണ്. 2019ൽ തൃശൂർ ഒഴികെ നാല് ലോക്സഭ മണ്ഡലങ്ങളിലും യു.ഡി.എഫ് സ്ഥാനാർഥികൾക്ക് ഒരുലക്ഷത്തിനുമേൽ ഭൂരിപക്ഷമുണ്ടായിരുന്നു.
എന്നാൽ, 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ തൃശൂർ, ചാലക്കുടി, ഇടുക്കി എന്നിവിടങ്ങളിൽ എൽ.ഡി.എഫാണ് മുന്നിൽ. ഈ കണക്ക് എൽ.ഡി.എഫിന് ആത്മവിശ്വാസം നൽകുമെങ്കിലും സംസ്ഥാന സർക്കാറിനോടുള്ള ഭരണവിരുദ്ധ വികാരം ഉൾപ്പെടെ അടിസ്ഥാന വിഷയങ്ങൾ മുന്നണിയെ ആശങ്കപ്പെടുത്തുന്നുണ്ട്.
തൃശൂരിൽ പ്രചാരണം ആദ്യഘട്ടം പിന്നിട്ടപ്പോൾ എൽ.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള നേർക്കുനേർ പോരാട്ടമായിരുന്നു. എന്നാൽ, പൂരം തുറന്നുവിട്ട അപ്രതീക്ഷിത വിവാദം വോട്ടെടുപ്പിൽ ഏത് രീതിയിൽ പ്രതിഫലിക്കുമെന്ന് ഇനി കണ്ടറിയേണ്ടതുണ്ട്. പൂരത്തിന്റെ വൈകാരികത പരമാവധി മുതലെടുക്കാനുള്ള തന്ത്രങ്ങളാണ് അവസാന ഘട്ടത്തിൽ ബി.ജെ.പി പയറ്റിയത്. സംസ്ഥാന സർക്കാറിന്റെ വീഴ്ച ആരോപിക്കപ്പെടുന്ന ഈ വിഷയം
എൽ.ഡി.എഫിന് ക്ഷീണമായേക്കാം. യു.ഡി.എഫിന് ഇത് എത്രമാത്രം ഗുണം ചെയ്യുമെന്നും പറയാനാവില്ല. കത്തോലിക്ക സഭ പുറമെ ബി.ജെ.പിക്കെതിരായ നിലപാട് പറയുമ്പോഴും ഈ എതിർപ്പ് പൂർണമായും വോട്ടെടുപ്പിൽ പ്രതിഫലിക്കുമോയെന്ന് സംശയമുണ്ട്. വി.എസ്. സുനിൽകുമാറിനോട് സഭക്ക് താൽപര്യക്കുറവില്ല എന്നതും ശ്രദ്ധേയം. എങ്കിലും യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരന് തന്നെയാണ് ജയസാധ്യത.
ചാലക്കുടിയിൽ ബെന്നി ബഹനാൻ തന്നെ തുടരാനാണ് സാധ്യത. പക്ഷേ, എൽ.ഡി.എഫ് രംഗത്തിറക്കിയ പ്രഫ. സി. രവീന്ദ്രനാഥിനെപ്പോലൊരു സ്ഥാനാർഥിക്ക് ആ ഭൂരിപക്ഷം കുറക്കാൻ കഴിയും. അങ്കമാലി മേഖലയിലും തൃശൂർ ജില്ലയുടെ ഭാഗങ്ങളിലും കത്തോലിക്ക സഭയുമായി രവീന്ദ്രനാഥിന് നല്ല ബന്ധമുണ്ട്. അതേസമയം, മണ്ഡലത്തിലെ നിർണായക വിഭാഗമായ യാക്കോബായ സഭയുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് ബെന്നി ബഹനാൻ.
പരോക്ഷ പിന്തുണ എൽ.ഡി.എഫിനെന്ന് പറയുന്നുണ്ടെങ്കിലും തങ്ങളെ അവർ പൂർണമായി കൈവിടില്ലെന്ന് യു.ഡി.എഫ് വിശ്വസിക്കുന്നു. ട്വന്റി20 സാന്നിധ്യവും എൽ.ഡി.എഫ് പിടിക്കുന്ന വോട്ടുകളും ബെന്നിയുടെ ഭൂരിപക്ഷത്തെ ബാധിച്ചേക്കാമെന്നല്ലാതെ മണ്ഡലം കൈവിട്ടുപോകുന്ന സാഹചര്യമില്ല.
മെട്രോ നഗരമായ എറണാകുളത്ത് അടിയൊഴുക്കുകളും ആശയക്കുഴപ്പങ്ങളുമില്ല. തുടർച്ചയായി രണ്ടാംതവണയും വിജയം ഉറപ്പിക്കുന്നു, യു.ഡി.എഫിന്റെ ഹൈബി ഈഡൻ. മണ്ഡലത്തിന് സുപരിചിതനായ ഹൈബിയെ നേരിടാൻ എൽ.ഡി.എഫ് രംഗത്തിറക്കിയത് പുതുമുഖമായ കെ.ജെ. ഷൈനിനെ ആണ്.
1,69,153 എന്ന ഹൈബിയുടെ റെക്കോർഡ് ഭൂരിപക്ഷം ഇത്തണ ഷൈന്റെ പഴുതടച്ച പ്രചാരണത്തിലും ട്വന്റി20 സ്ഥാനാർഥിയുടെ സാന്നിധ്യത്തിലും തട്ടി കുറയാനാണ് സാധ്യത. ലത്തീൻ, കത്തോലിക്ക സഭകളുടെ നിലപാട് യു.ഡി.എഫിന് ഗുണംചെയ്യും. സ്വന്തം നാടെന്ന ഘടകവും മണ്ഡലത്തിലെ ബന്ധങ്ങളും എൻ.ഡി.എയുടെ ഡോ. കെ.എസ്. രാധാകൃഷ്ണന് കൂടുതൽ വോട്ട് നേടിക്കൊടുത്തേക്കും.
തെരഞ്ഞെടുപ്പ് കാലത്ത് വന്യജീവി, ഭൂപ്രശ്നങ്ങൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന മണ്ഡലമാണ് ഇടുക്കി. എപ്പോഴും യു.ഡി.എഫ് ചായ്വ് പ്രകടിപ്പിക്കുന്ന മണ്ഡലത്തിൽനിന്ന് 2014ൽ ജയിക്കാൻ എൽ.ഡി.എഫ് സ്വതന്ത്രൻ ജോയ്സ് ജോർജിന് ക്രൈസ്തവ സഭയുടെ ശക്തമായ പിന്തുണയുണ്ടായിരുന്നു.
ഇപ്പോഴതില്ല. ഇത്തവണ പാർട്ടി ചിഹ്നത്തിലെ മത്സരവും സഭയിൽ ജോയ്സിന് സ്വീകാര്യത കുറച്ചു. 2019ൽ യു.ഡി.എഫിന്റെ ഡീൻ കുര്യാക്കോസ് 1,71,053 എന്ന കൂറ്റൻ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. അന്ന് കേരള കോൺഗ്രസ്-എം അവർക്കൊപ്പമായിരുന്നു. ഇത്തവണയും സഭയുടെ പിന്തുണ ഡീൻ ഉറപ്പിച്ചിട്ടുണ്ട്.
വന്യജീവി വിഷയവും ഭൂപ്രശ്നവുമടക്കം സഭക്ക് സംസ്ഥാന സർക്കാറിനെ എതിർക്കാനും കാരണങ്ങളേറെ. എൽ.ഡി.എഫിൽ എത്തിയ ശേഷമുള്ള ആദ്യ ലോക്സഭ തെരഞ്ഞെടുപ്പ് കേരള കോൺഗ്രസ്-എമ്മിനും നിർണായകമാണ്. ഡീൻ വിജയം ആവർത്തിക്കാനാണ് സാധ്യത. എന്നാൽ, ഭൂരിപക്ഷം കുറയും.
കോട്ടയത്ത് കാറ്റ് യു.ഡി.എഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന് അനുകൂലമാണ്. ക്രിസ്ത്യൻ സഭകളുമായി അദ്ദേഹം നല്ല ബന്ധം പുലർത്തുന്നു. കഴിഞ്ഞതവണ വി.എൻ. വാസവന് ലഭിച്ച ഈഴവ വോട്ടുകൾ ഇത്തവണ എൻ.ഡി.എയുടെ തുഷാർ വെള്ളാപ്പള്ളിക്ക് പോയേക്കും. ജോസ് കെ. മാണിയുടെ നിലപാടുകളോട് യോജിപ്പില്ലാത്ത ഒരുവിഭാഗം കേരള കോൺഗ്രസ് എമ്മിലുണ്ട്. കാർഷികോൽപന്നങ്ങളുടെ വിലയിടിവും വന്യജീവി ശല്യവും മണ്ഡലത്തിൽ സജീവ ചർച്ചയും സർക്കാർവിരുദ്ധ വികാരവുമായി മാറിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.