പ്ലസ് ടു അധിക ബാച്ച് അനുവദിക്കൽ ഭരണഘടന ബാധ്യത -ഹൈകോടതി
text_fieldsകൊച്ചി: വിദ്യാഭ്യാസ ആവശ്യകത വിലയിരുത്തി വിദഗ്ധ സമിതി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്ലസ് ടു അധിക ബാച്ചുകൾ അനുവദിക്കാൻ സർക്കാറിന് ഭരണഘടനബാധ്യതയുണ്ടെന്ന് ഹൈകോടതി. ഹയർ സെക്കൻഡറി സീറ്റുകളുടെ കുറവ് കണ്ടെത്താൻ കോടതി നിർദേശപ്രകാരം രൂപവത്കരിച്ച സമിതിയുടെ റിപ്പോർട്ട് സർക്കാറിന്റെ നയപരമായ തീരുമാനത്തിന്റെ പേരിൽ തള്ളാനാവില്ലെന്നും ജസ്റ്റിസ് രാജ വിജയരാഘവൻ വ്യക്തമാക്കി.
മലപ്പുറം പാറക്കടവ് മൂന്നിയൂർ ഹയർ സെക്കൻഡറി സ്കൂളിന് രണ്ട് മാസത്തിനകം സയൻസ്, കോമേഴ്സ്, ഹ്യുമാനിറ്റി വിഷയങ്ങളിലായി മൂന്ന് അധിക ബാച്ച് അനുവദിക്കണമെന്ന് നിർദേശിക്കുന്ന ഉത്തരവിലാണ് സിംഗിൾ ബെഞ്ചിന്റെ നിരീക്ഷണം. അധിക ബാച്ച് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷ സർക്കാർ തള്ളിയതിനെതിരെ മാനേജറും 10 വിദ്യാർഥികളും നൽകിയ ഹരജിയാണ് പരിഗണിച്ചത്. മൂന്നിയൂർ ഗ്രാമപഞ്ചായത്തിലെ ഏക ഹയർ സെക്കൻഡറി സ്കൂളായ ഇവിടെ രണ്ടായിരത്തിലേറെ വിദ്യാർഥികളാണ് പഠിക്കുന്നത്. 750 പേർ അവസാന വർഷം പഠിച്ചിറങ്ങി. 200 പേർക്ക് മാത്രമേ പ്ലസ് വൺ പ്രവേശനം നൽകാൻ കഴിയുന്നുള്ളൂ. 2018 മുതൽ ഒട്ടേറെ നിവേദനങ്ങൾ നൽകിയിട്ടും പരിഗണിച്ചിട്ടില്ല.
അധിക ബാച്ച് അനുവദിക്കുന്നതിന് പകരം എയ്ഡഡ് സ്കൂളുകളിൽ അധിക ബാച്ച് അനുവദിക്കുന്നത് സംബന്ധിച്ച നയപരമായ തീരുമാനമെടുത്തിട്ടില്ലെന്ന് കാണിച്ച് അപേക്ഷ തള്ളി. സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതിനാൽ എയ്ഡഡ് ഹയർ സെക്കൻഡറികളിൽ അധിക ബാച്ച് അനുവദിക്കാനാവില്ലെന്നായിരുന്നു സർക്കാർ വാദം. അധിക ബാച്ചോ പുതിയ ബാച്ചോ അനുവദിക്കേണ്ടതില്ലെന്നാണ് തീരുമാനം. എന്നാൽ, 30 ശതമാനം അധിക സീറ്റുകൾ നിലവിലെ ബാച്ചുകളിൽ വർധിപ്പിക്കാനും വിദ്യാർഥികൾ കുറഞ്ഞ ബാച്ചുകൾ കൂടുതൽ വിദ്യാർഥികളുള്ള മറ്റ് ജില്ലകളിലേക്ക് മാറ്റാനും തീരുമാനിച്ചതായും സർക്കാർ അറിയിച്ചു. 77,730 പേർ മലപ്പുറം ജില്ലയിൽ 10ാം ക്ലാസ് വിജയിച്ചിട്ട് 60,495 പേർക്ക് പ്രവേശനം ലഭിക്കുമായിരുന്നിട്ടും ചേർന്നത് 56,459 പേരാണ്.
അധിക സീറ്റുകൾകൊണ്ടും ആവശ്യം തികഞ്ഞില്ലെങ്കിൽ സർക്കാർ സ്കൂളുകളിൽ അധിക ബാച്ചിന് അനുമതി നൽകുമെന്നും സർക്കാർ വ്യക്തമാക്കി. മലപ്പുറത്ത് മതിയായ സീറ്റുകളുണ്ടെന്ന് സർക്കാർ വാദിക്കുമ്പോഴും രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് കഴിഞ്ഞപ്പോൾ 5277 വിദ്യാർഥികൾ പ്രവേശനം കാത്ത് ബാക്കി നിൽക്കുന്ന കണക്ക് ഹരജിക്കാർ ഹാജരാക്കി. മൂന്നിയൂരിലടക്കം മലപ്പുറത്തെ 82 പ്രാദേശിക മേഖലകളിൽ അധിക ബാച്ച് അനുവദിക്കണമെന്ന് മേഖല സമിതി കണ്ടെത്തിയിരുന്നു. ഈ വർഷം 71,625 പേരാണ് അപേക്ഷകർ.
സർക്കാർ സീറ്റ് 29,380 ഉം എയ്ഡഡ് സീറ്റ് 24,265ഉം അൺ എയ്ഡഡിൽ 11,390ഉം ഉൾപ്പെടെ ആകെ സീറ്റ് 65,035 മാത്രമാണെന്നും സീറ്റ് ദൗർലഭ്യം വ്യക്തമാണെന്നും കോടതി പറഞ്ഞു. എറണാകുളത്ത് കേവലം 33,377ഉം ആലപ്പുഴയിൽ 24,252ഉം മാത്രമാണ് അപേക്ഷകർ. ഒരു ക്ലാസിൽ 50 പേരിൽ കൂടരുതെന്ന് സംസ്ഥാനതല സമിതി നിർദേശം ലംഘിച്ചാണ് 30 ശതമാനം സീറ്റ് വർധിപ്പിച്ചത്. ഇത് വിദ്യാർഥി താൽപര്യം തൃപ്തിപ്പെടുത്തുന്നില്ല. കോടതി ഉത്തരവ് പ്രകാരം രൂപവത്കരിച്ച സമിതി നിർദേശിച്ചിട്ടും അധിക ബാച്ച് ആവശ്യം തള്ളിയതിൽ ന്യായീകരണമില്ല.
നയപരമായ തീരുമാനത്തിന്റെ പേരിൽ സമിതി റിപ്പോർട്ടിനെ അവഗണിക്കാനാവില്ല. എല്ലാ പൗരന്മാർക്കും വിദ്യാഭ്യാസം ഉറപ്പുവരുത്താൻ സർക്കാറിന് ഭരണഘടനപരമായ ബാധ്യതയുണ്ട്. ആവശ്യകത ബോധ്യപ്പെട്ടാൽ പരിഹരിക്കാൻ സർക്കാർ നടപടിയെടുക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. തുടർന്നാണ് അധിക ബാച്ച് അനുവദിക്കാൻ ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.