ഭരണഘടനാ മൂല്യങ്ങൾ സർവപ്രധാനം -കെ.എം. സലിംകുമാർ
text_fieldsകൊച്ചി: ഇന്ത്യൻ ഭരണഘടന പകർന്നു നൽകുന്ന മൂല്യങ്ങൾ സർവപ്രധാനവും അതീവ പ്രസക്തവുമാണെന്ന് പ്രശസ്ത സാമൂഹിക പ്രവർത്തകനായ കെ.എം. സലിം കുമാർ. എറണാകുളം മഹാരാജാസ് കോളജ് ഹിസ്റ്ററി അസോസിയേഷൻ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ജീവിതം കരുപ്പിടിപ്പിക്കേണ്ടത് മൂല്യങ്ങളിലാണ്. മറ്റേതു മൂല്യവ്യവസ്ഥയേക്കാളും ഇന്ത്യൻ ഭരണഘടന പകർന്നു നൽകുന്നമൂല്യവ്യവസ്ഥയും മൂല്യങ്ങളും അതീവ പ്രസക്തവും ജീവിതത്തിൽ പകർത്തേണ്ടവയുമാണ്. ഭരണഘടന തന്നെ പ്രതിസന്ധിയിൽ നിൽക്കുന്ന കാലമാണിത്.
ചരിത്രത്തിൽ ജനിക്കുകയും ജീവിക്കുകയും മരിക്കുകയും ചെയ്യുന്നവരുണ്ട്. എന്നാൽ ഈ ചരിത്രത്തിൽ ഇടം നേടാതെ അവഗണിക്കപ്പെട്ടവരുമുണ്ട്. കേരളത്തിലെ പട്ടികജാതി -വർഗ വിഭാഗങ്ങളിൽ സംവരണത്തിൻ്റെ ആനുകൂല്യം പോലും നേടിയെടുക്കാനുള്ള കഴിവില്ലാത്തവരായി മാറിയ പല വിഭാഗങ്ങളുമുണ്ട്. ജാതിവ്യവസ്ഥ മേൽ - കീഴ് ബന്ധങ്ങളെ നിലനിർത്തുകയാണ്. സമരങ്ങളിലൂടെയും പ്രക്ഷോഭങ്ങളിലൂടെയുമാണ് ആധുനിക കേരളം രൂപപ്പെട്ടത്. നാരായണഗുരുവും അയ്യങ്കാളിയും നയിച്ച നവോത്ഥാനം കേരളത്തെ മാറ്റുന്നതിൽ വലിയ പങ്ക് വഹിച്ചു.
നവോത്ഥാനത്തെപ്പറ്റിയുള്ള പഠനത്തിന് വലിയ പ്രസക്തിയുണ്ട്. രാജാക്കന്മാരുടെയും അവരുടെ ഭരണനേട്ടങ്ങളെയും പറ്റിയുളള പഠനത്തിൻറെ സ്ഥാനത്ത് അടിത്തട്ടിലെ മനുഷ്യരെ ചരിത്രത്തിലേക്ക് കൊണ്ടുവരണം. ചരിത്രത്തിൽ ഇടപെടുന്നവർ സമൂഹത്തെ മാറ്റുക മാത്രമല്ല, സ്വയം മാറുകയും ചെയ്യുന്നുണ്ട്. ചോദ്യങ്ങൾ ചോദിക്കുന്ന ഒരു തലമുറ വളർന്നുവരണമെന്നും അവർ ഭരണഘടനാ മൂല്യങ്ങൾ ഉൾക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.
ചരിത്ര വിഭാഗം മേധാവി ഡോ. ടി. സക്കറിയ, ഡോ. എം.എച്ച്. രമേശ് കുമാർ, ആര്യനന്ദ ,ബിനില തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.