കോഴിക്കോട് സൗത്ത് ബീച്ചിലെ നിർമാണം: വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്
text_fieldsകോഴിക്കോട്: സൗത്ത് ബീച്ചിൽ തുറമുഖ വകുപ്പിന്റെ സ്ഥലത്തുള്ള ഹോട്ടൽ കെട്ടിട നിർമാണത്തിന് കരാർ നൽകിയതിൽ ക്രമക്കേട് നടന്നതായുള്ള പരാതിയിൽ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടതായി തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചു. കേരള മാരിടൈം ബോർഡാണ് കരാർ നൽകിയത്.
കണ്ണൂർ, കുന്നത്തുമീത്തലെ പ്രദീപ് ആൻഡ് പാർട്ണേഴ്സിനോട് പോർട്ട് ഓഫിസർ നിർമാണം നിർത്തിവെക്കാൻ നിർദേശം നൽകിയിരുന്നു. ഇക്കാര്യം കോർപറേഷൻ സെക്രട്ടറിയെയും അറിയിച്ചിരുന്നു. തുറമുഖ വകുപ്പിന്റെ ഉടമസ്ഥതയിൽ നിലവിലുള്ള കെട്ടിടം നിശ്ചിത കാലത്തേക്ക് പ്രതിമാസ ലൈസന്സ് വ്യവസ്ഥയിലാണ് നൽകിയത്.
കോർപറേഷൻ അനുമതിയില്ലാതെയാണ് നിർമാണമെന്ന് നഗരസഭ അധികൃതർ പോർട്ട് ഓഫിസറെ അറിയിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് ആവശ്യമായ രേഖകൾ ഹാജരാക്കുന്നതുവരെ നിർമാണം നിർത്തിവെക്കാൻ പോർട്ട് ഓഫിസറും നിർദേശം നൽകിയത്. അന്തർദേശീയ നിലവാരത്തിലുള്ള സംരംഭങ്ങൾ ആരംഭിക്കുക വഴി ടൂറിസം വികസനം ലക്ഷ്യമാക്കിയാണ് കെട്ടിടം പണിതതെന്നു കാണിച്ച് തുറമുഖ വകുപ്പ് കോർപറേഷന് വിശദീകരണം നൽകിയിട്ടുണ്ട്.
കെട്ടിടത്തിൽ കാലപ്പഴക്കം കാരണം അറ്റകുറ്റപ്പണി നിർബന്ധമായി വേണം. കെട്ടിടം സൗന്ദര്യവത്കരിക്കുകയാണ് ലക്ഷ്യം. ലൈസൻസ് കാലാവധിക്കുശേഷം കെട്ടിടം തുറമുഖ വകുപ്പിന് മുതൽക്കൂട്ടാവും. അതിനാൽ കെട്ടിടത്തിന് തീരദേശ നിയന്ത്രണം (സി.ആർ.ഇസെഡ്) ഒഴിവാക്കാൻ നടപടിയെടുക്കണമെന്നു കാണിച്ച് കോർപറേഷൻ സെക്രട്ടറിക്കും എക്സിക്യൂട്ടിവ് എൻജിനീയർക്കും പോർട്ട് ഓഫിസർ കത്ത് നൽകിയിരുന്നു.
കരാറുകാർ വിജിലൻസിലേക്ക്
ബീച്ചിലെ കെട്ടിട നിർമാണത്തിൽ ക്രമക്കേട് ആരോപിച്ച് വിജിലൻസിനെ സമീപിക്കാൻ നേരത്തേ ടെൻഡറിൽ പങ്കെടുത്ത കരാറുകാരുടെ തീരുമാനം. 2019 മാർച്ച് രണ്ടിന് കോവിഡ് കാലത്താണ് ടെൻഡർ നടന്നത്. അന്ന് പങ്കെടുത്ത 10 പേരിൽ 1.9 ലക്ഷം വീതം മാസം വാടക നൽകാൻ തയാറായവരുണ്ടായിരുന്നു. ഇതിൽ കൂടുതൽ നൽകാൻ സന്നദ്ധനായ ആൾക്ക് 2.2 ലക്ഷത്തിന് ടെൻഡർ ഉറപ്പിച്ചു.
എന്നാൽ, പിന്നീട് ടെൻഡർ റദ്ദാക്കി സംസ്ഥാന ഭരണമുന്നണിയിലെ ഉന്നതന്റെ ബന്ധുവിന് 45,000 രൂപ വാടകക്ക് നൽകിയെന്നാണ് ആരോപണം. ഇപ്പോൾ മൂന്നു കോടിയോളം രൂപയുടെ നിർമാണം നടന്നതായും അത് വകുപ്പിന് കൈമാറിക്കിട്ടുമ്പോൾ വലിയ മുതൽക്കൂട്ടാവുമെന്നുമാണ് തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ, ഒരു കോടിയുടെ പോലും നിർമാണം നടന്നില്ലെന്നാണ് ആരോപണം. ഇക്കാര്യങ്ങൾവെച്ച് വിജിലൻസിനെ സമീപിക്കാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.