മൂന്നാറിൽ ഹൈകോടതിയുടെ ഇടപെടൽ; രണ്ട് നിലക്ക് മുകളിലുള്ള കെട്ടിടങ്ങൾക്ക് നിർമാണ വിലക്ക്
text_fieldsകൊച്ചി: മൂന്നാർ മേഖലയിൽ ഭൂനിരപ്പ് നിലയടക്കം മൂന്നു നിലയിലധികം വരുന്ന നിർമാണ പ്രവർത്തനങ്ങൾക്ക് താൽക്കാലിക വിലക്കുമായി ഹൈകോടതി. ചിന്നക്കനാൽ, ശാന്തൻപാറ, മൂന്നാർ, മാങ്കുളം, പള്ളിവാസൽ, ഉടുമ്പൻചോല, ബൈസൺവാലി, ദേവികുളം, വെള്ളത്തൂവൽ എന്നീ ഒമ്പത് പഞ്ചായത്തുകളിൽ രണ്ടാഴ്ചത്തേക്കാണ് വിലക്ക്. മൂന്നാറിലേതടക്കം പരിസ്ഥിതി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഹൈകോടതി പരിഗണനയിലുള്ള ഹരജികൾ പരിഗണിക്കുന്ന ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫ് തോമസ് എന്നിവരടങ്ങുന്ന പ്രത്യേക ഡിവിഷൻ ബെഞ്ചിന്‍റേതാണ് ഉത്തരവ്.
കെട്ടിട നിർമാണത്തിന് ലഭിച്ച അപേക്ഷകൾ സംബന്ധിച്ച വിശദാംശങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ അറിയിക്കണമെന്നും നിർദേശിച്ചു. ഇതിനായി ഒമ്പത് പഞ്ചായത്തുകളെ കക്ഷി ചേർത്തു. രണ്ടാഴ്ചക്ക് ശേഷം ഹരജി പരിഗണിക്കാൻ മാറ്റി. കോടതിയെ സഹായിക്കാൻ അഡ്വ. ഹരീഷ് വാസുദേവനെ അമിക്കസ്ക്യൂറിയായി നിയമിച്ചു.
ഭൂമി ഇടപാടുകളുടെ ആധികാരികത കണ്ടെത്താനുള്ള പരിശോധന നടത്തും വരെ ദേവികുളം, പീരുമേട്, ഉടുമ്പഞ്ചോല താലൂക്കുകളിലെ ഭൂമി ഇടപാടുകൾ താൽക്കാലികമായി മരവിപ്പിക്കുക, ചിന്നക്കനാൽ, പള്ളിവാസൽ, ദേവികുളം, ഉടുമ്പഞ്ചോല, പീരുമേട് താലൂക്കുകളിൽ അനുവദിച്ച നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് വൺ എർത്ത് വൺ ലൈഫ് എന്ന സംഘടന 2010ൽ നൽകിയ ഹരജിയാണ് പരിഗണനയിലുള്ളത്. പരിസ്ഥിതി ആഘാതവും ദുരന്താഘാതവും മറ്റും പഠിക്കേണ്ടതുണ്ടെന്ന് ഹരജികളിൽ വാദം കേൾക്കവേ കോടതി ചൂണ്ടിക്കാട്ടി.
ഇതിന് വേണ്ടി ഏജൻസിയെ നിയോഗിക്കേണ്ടതുണ്ട്. ഏത് ഏജൻസിയെ നിയോഗിക്കണമെന്നത് സംബന്ധിച്ച് സർക്കാറും അമിക്കസ് ക്യൂറിയും നിർദേശം നൽകണം. മൂന്നാറും ഇടുക്കി ജില്ലയുമായി ബന്ധപ്പെട്ട് നിയമം നിർമിക്കൽ അടക്കം ഒട്ടേറെ ഉത്തരവുകൾ കോടതികളിൽ നിന്നുണ്ടായിട്ടും സർക്കാർ നടപടി പൂർത്തിയാക്കാത്തതിനെ കോടതി വിമർശിച്ചു. ഇനി കോടതി തന്നെ പരിശോധന നടത്തി തീരുമാനമെടുക്കാമെന്നും വ്യക്തമാക്കി. 2018ലെ പ്രളയത്തിനുശേഷം ഇടുക്കിയിലെ മണ്ണിടിച്ചിൽ സംബന്ധിച്ച് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോ കേന്ദ്ര സർക്കാർ ഏജൻസികളോ പഠനം നടത്തിയിട്ടുണ്ടെങ്കിൽ അതിൽ എന്ത് നടപടിയെടുത്തുവെന്ന് അറിയിക്കാൻ സർക്കാറിന് നിർദേശം നൽകി.
വയനാട് ജില്ലയിൽ ഇത്തരം പ്രശ്നങ്ങളുണ്ടായപ്പോൾ മൂന്ന് നിലക്ക് മുകളിൽ നിർമാണ നിരോധനം ഏർപ്പെടുത്തി ദുരന്ത നിവാരണ അതോറിറ്റി ഉത്തരവിട്ടിരുന്നു. സമാന സാഹചര്യമുള്ള ഇടുക്കിയിൽ ഇത് എന്ത് കൊണ്ട് ഉണ്ടായില്ലെന്ന് അറിയിക്കണമെന്ന് ഇടുക്കി ജില്ല ദുരന്ത നിവാരണ അതോറിറ്റിയോട് ആവശ്യപ്പെട്ടു. പരിസ്ഥിതി വിഷയങ്ങളടങ്ങുന്ന 40ഓളം ഹരജികളാണ് പരിഗണനയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.